Sun. Jan 19th, 2025
മാനന്തവാടി:

പത്ത് കിലോയോളം കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി മാനന്തവാടിയില്‍ പിടിയിലായി. മഹാരാഷ്ട്ര സത്താര റഹ്മത്ത് നഗര്‍ സ്വദേശി താരാനാഥ് പുണ്ടലിക (52) ആണ് അറസ്റ്റിലായത്.

വയനാട് എക്‌സൈസ്  എന്‍ഫോഴ്‌സമെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്ക്വാഡ്  തിങ്കളാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍ 9.500 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.രണ്ടു ബാഗുകളിലായി 1.900 കിലോ ഗ്രാം വീതം കൊള്ളുന്ന അഞ്ചു പാക്കറ്റുകളിലായാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

ആലുവ, പറവൂര്‍ ഭാഗങ്ങളില്‍ പെയ്ന്റിങ് ജോലി ചെയ്യുന്നയാളാണ് താരനാഥ്‌ പുണ്ടലിക. ആലുവ, പറവൂര്‍ ഭാഗങ്ങളിലെ ആവശ്യക്കാര്‍ വിതരണം ചെയ്യാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

ആന്ധ്രാ-ഒറീസ അതിര്‍ത്തിയിലെ നരസിപട്ടണം എന്ന സ്ഥലത്ത് നിന്നാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് താരാനാഥ് പുണ്ടലിക ബെംഗളൂരുവില്‍ നിന്നും മാനന്തവാടിയിലെത്തിയത്. എന്നാല്‍ ആലുവയിലേക്ക് പോകാനായി ബസ് കിട്ടാതെ വന്നതോടെയാണ് എക്‌സൈസിന്റെ പരിശോധനയില്‍ കുടുങ്ങിയത്. പരിശോധനയില്‍ കുടുങ്ങാതിരിക്കാനായി ഇയാള്‍ ധനികനെന്ന് തോന്നിപ്പിക്കും വിധത്തില്‍ വേഷം മാറിയാണ് കഞ്ചാവ് കടത്തിയിരുന്നത്. ഇയാള്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിലെ പ്രധാന കണ്ണിയാണെന്നും നാട്ടിലേക്ക് പോയി തിരിച്ചുവരുമ്പോഴാണ് ഇയാള്‍ കഞ്ചാവ് കടത്തിയിരുന്നതെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. മുമ്പും നിരവധി തവണ കഞ്ചാവ് കടത്തിയിട്ടുണ്ട്.

കല്പറ്റ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിമ്മി  ജോസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ബി. ബാബു രാജ്, പി.കെ. പ്രഭാകരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.സി. സനൂപ്, വി.ബി. നിഷാദ്, എ.സി. ചന്ദ്രന്‍, പിന്റോ ജോണ്‍,   മാനുവല്‍ ജിന്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

By Ishika