Wed. Jan 22nd, 2025

കോഴിക്കോട്:

സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ തമിഴ്‌നാടിനെ തകര്‍ത്തെറിഞ്ഞ് കേരളത്തിന്‍റെ ചുണക്കുട്ടികള്‍ ഫെെനല്‍ റൗണ്ടില്‍ കടന്നു. എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് കേരളത്തിന്റെ ഏകപക്ഷീയ ജയം.

ആന്ധ്രയ്‌ക്കെതിരെ നേടിയ മറുപടിയില്ലാത്ത അഞ്ചുഗോള്‍ വിജയത്തിന്‍റെ ആവേശത്തിന്‍റെ അലയൊലികള്‍ കെട്ടടങ്ങുന്നതിന് മുമ്പെയാണ് മറ്റൊരു തകര്‍പ്പന്‍ ജയം കൂടി കേരളം കാഴ്ചവെച്ചത്.

കേരളത്തിനായി എംഎസ് ജിതിന്‍ രണ്ട് ഗോളും, ജിജോ ജോസഫ്, പിവി വിഷ്ണു എമില്‍ ബെന്നി, മൗസൂഫ് നൗസാന്‍ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.

ആന്ധ്രയ്‌ക്കെതിരെ കളിച്ചതുപോലെ ആക്രമണ ഫുട്‌ബോളാണ് കേരളം തമിഴ്നാടിനെതിരെയും പുറത്തെടുത്തത്. കളി തുടങ്ങി ആദ്യ മിനിറ്റില്‍ത്തന്നെ കോര്‍ണര്‍ നേടിയെടുത്ത കേരളം തമിഴ്‌നാടിന്‍റെ ഗോള്‍ പോസ്റ്റില്‍ വട്ടമിട്ട് പറക്കുകയായിരുന്നു.

4-4-2 ഫോര്‍മേഷനില്‍ കളിച്ച തമിഴ്‌നാട് കേരളത്തിന്റെ മുന്നേറ്റങ്ങളെ ചെറുക്കാന്‍ നന്നെ പാടുപെട്ടു.

കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ കേരള്തതിന് തന്നെയായിരുന്നു ആധിപത്യം. 24-ാം മിനിറ്റിലാണ് കേരളം ആദ്യ ഗോള്‍ നേടിയത്. വിഷ്ണുവിലൂടെയായിരുന്നു കേരളം തമിഴനാടിന്‍റെ വല കുലുക്കിയത്.

പിന്നീട് 33-ാം  മിനിറ്റില്‍ കേരളത്തിനായി വീണ്ടും ജിതിന്‍റെ ഗോള്‍ വേട്ട. 45-ാം മിനിറ്റില്‍ കേരളത്തിനായി ജിതിന്‍ മൂന്നാമത്തെ ഗോളും തന്‍റെ ഡബിള്‍ ഗോളും പൂര്‍ത്തിയാക്കി.

രണ്ടാം പകുതിയിലും കേരളത്തിന് തന്നെയായിരുന്നു ആധിപത്യം. 83ാം മിനിറ്റില്‍ മൗസുഫ് ലീഡ് നാലാക്കി വര്‍ധിപ്പിച്ചു. മത്സരം ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിലെത്തിയപ്പോള്‍ ജിജോയാണ് തമിഴ്‌നാടിനെ വീണ്ടും വിറപ്പിച്ചത്. രണ്ടു മിനിറ്റിനു ശേഷം എമില്‍ ലക്ഷ്യം കണ്ടു ഗോളെണ്ണം ആറാക്കി .

By Binsha Das

Digital Journalist at Woke Malayalam