Wed. Nov 6th, 2024
ന്യൂഡെല്‍ഹി:

കര്‍ണാടകയിലെ കോണ്‍ഗ്രസ്സ് ജെഡിഎസ്‌ കൂട്ടുകക്ഷിസര്‍ക്കാരിനെ അട്ടിമറിക്കാന്‍ എംഎല്‍എമാരെ വേട്ടയാടി കാലുമാറ്റിയതിന് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേകുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

എംഎല്‍എമാരുടെ കാലുമാറ്റവും അതേ തുടര്‍ന്നുണ്ടായ അധികാരമാറ്റവും ആസൂത്രണം ചെയ്തത് അമിത് ഷായാണെന്ന് ബിഎസ് യെദ്യൂരപ്പ  വെളിപ്പെടുത്തുന്ന ഒരു ഓഡിയോ ക്ലിപ്പ് ചോർന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

ഇതേതുടര്‍ന്ന് യെഡിയൂരപ്പ സര്‍ക്കാരിനെ പുറത്താക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയെ നീക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിയെ സമീപിച്ചു. ഗവര്‍ണര്‍ മുഖേനെയാണ് കര്‍ണാടക കോണ്‍ഗ്രസ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനു നിവേദനം സമര്‍പ്പിച്ചത്.

അധികാരവും സൗകര്യവും ഉപയോഗപ്പെടുത്തി രാജ്യത്തെ വിവിധ ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി അട്ടിമറിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പ്രതിപക്ഷ എംഎല്‍എമാരെ ആക്രമിക്കാനും, പ്രതിപക്ഷത്തിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാനും  സിബിഐ, ഇഡി, ഐടി തുടങ്ങിയ സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സുപ്രിം കോടതിയെ പോലും പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശങ്ങളാണ് യെദിയൂരപ്പ നടത്തിയിരിക്കുന്നത്. ഈ വീഡിയോ അമിത് ഷായുടെ പങ്ക് വെളിപ്പെടുത്തുണ്ടെന്നും ഇതോ കുറിച്ച് സുപ്രിം കോടതിയില്‍ പരാതി നല്‍കുമെന്നും വേണുഗോപാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

’17 എംഎല്‍മാര്‍ പുറത്തുവന്നത് ഞാന്‍ പറഞ്ഞിട്ടല്ല, അമിത് ഷായുടെ നിര്‍ദേശമനുസരിച്ചാണ് എല്ലാം നടന്നത്. അവര്‍ മുംബൈയില്‍ താമസിച്ചതും അദ്ദേഹത്തിന്‍റെ തീരുമാനപ്രകാരം തന്നെ.’ ശബ്ദരേഖയില്‍ യെദിയൂരപ്പ പറയുന്നു.

ഹുബ്ലിയിലെ ബിജെപി കോര്‍കമ്മറ്റി മീറ്റിങ്ങില്‍ യെദിയൂരപ്പ സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുളളത്.

 

By Binsha Das

Digital Journalist at Woke Malayalam