Fri. Apr 26th, 2024
ന്യൂ ഡല്‍ഹി:

ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷമായ സാഹചര്യത്തിൽ കാഴ്ചപരിമിതി മൂലം ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 32 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. നഗരത്തിന്‍റെ പല ഭാഗങ്ങളിലും രാത്രി ചെറിയ മഴ പെയ്തെങ്കിലും വായുനിലവാരം കൂടുതല്‍ മോശമാവുകയാണ്. പുകമഞ്ഞ് പൂര്‍ണമായി മാറാന്‍ അഞ്ചുദിവസം കൂടി എടുക്കുമെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പില്‍ നിന്നുള്ള അറിയിപ്പ്.

ഇന്ന് ഡല്‍ഹിയിലെ മിക്ക നിരീക്ഷണ നിലയങ്ങളിലും വായുനിലവാരം അതീവ ഗുരുതരമായാണു രേഖപ്പടുത്തിയിരിക്കുന്നത്. സൂചികയില്‍ ശരാശരി 450 ആയിരിക്കെ  തലസ്ഥാനത്ത് ഐടിഒ, ആനന്ദ് വിഹാർ, ആർകെ പുരം എന്നിവിടങ്ങളിൽ യഥാക്രമം 488, 483,457 എന്നീ നിലയിലാണ് വായു നിലവാര സൂചിക രേഖപ്പെടുത്തിയിരുന്നത്. സൂചികയിലെ 0–50 വരെയാണ് ഏറ്റവും നല്ല അവസ്ഥ.

പുകമഞ്ഞില്‍ മുങ്ങിയ നഗരത്തിലെ, കാഴ്ചപരിധി കുറഞ്ഞതും ജനജീവിതം സ്തംഭിപ്പിക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കു ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചെന്നാണ് ആരോഗ്യവകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം.

കാറ്റിന്‍റെ ശക്തി കൂടിയതും ഡൽഹിയുടെ ചില പ്രദേശങ്ങളിൽ ചെറിയ തോതിൽ മഴ ലഭിച്ചതും പുകമഞ്ഞിൽനിന്നു പുറത്തുകടക്കാൻ ശനിയാഴ്ച സഹായിച്ചെങ്കിലും പ്രതിസന്ധി അകന്നിട്ടില്ലെന്നാണു കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

ശക്തമായ മഴയും കാറ്റും ഉണ്ടായാലേ പുകമഞ്ഞ് മാറുകയുള്ളൂ. എട്ട്, ഒന്‍പത് തീയതികളില്‍ ഇതിനു സാധ്യതയുണ്ടെന്നാണു കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

നവംബർ അഞ്ചു വരെ ഡൽഹിയിൽ സ്ക്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചരിക്കുകയാണ്. നിർമാണ പ്രവർത്തനങ്ങളും, അ‌ഞ്ചാം തീയതി വരെ നിരോധിച്ചിട്ടുണ്ട്.

അതെ സമയം, വടക്കേ ഇന്ത്യയിൽ മലിനീകരണം അസഹനീയമാം വിധം ഉയർന്നെന്നും അതിനെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ ‍‍ഡൽഹി സർക്കാർ സ്വീകരിച്ചെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.

ഡൽഹി ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പഞ്ചാബും വ്യാകുലത അറിയിച്ചിട്ടുണ്ടെന്നും കെജ്‌രിവാൾ ട്വിറ്ററില്‍ കുറിച്ചു. അയല്‍ സംസ്ഥാനങ്ങളായ പ‍ഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ വിള നശീകരണവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നടപടിയാണ് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് കാരണമെന്ന്  കെജ്‌രിവാൾ പറഞ്ഞിരുന്നു.

അന്തരീക്ഷ മലിനീകരണത്തെ രാഷ്ട്രീയ വല്‍ക്കരിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു, ഈ പ്രസ്താവനയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കര്‍ നല്‍കിയ മറുപടി.

ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റ ഇരട്ട അക്ക നമ്പര്‍ നിയന്ത്രണം തിങ്കളാഴ്ചയാണ് നിലവില്‍ വരുന്നത്. നിയന്ത്രണം മറികടന്നാല്‍ നാലായിരം രൂപയാണ് പിഴ. വിഐപികള്‍ക്കും അവശ്യസര്‍വീസുകള്‍ക്കും പുറമേ, സ്ത്രീകളും ഭിന്നശേഷിക്കാരും ഓടിക്കുന്ന വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയ്‍ക്ക് ഇളവുണ്ട്.