Wed. Jan 8th, 2025
മുംബൈ:

മഹാരാഷ്ട്രയില്‍ ശിവസേന-ബിജെപി തര്‍ക്കം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കണമെങ്കിൽ മുഖ്യമന്ത്രി പദം വേണമെന്ന് ശിവസേന ആവശ്യപ്പെട്ടു. അധികാരത്തർക്കം പത്താം ദിവസത്തിലേക്ക്  കടക്കുമ്പോഴാണ് ശിവസേന നിലപാട് കടുപ്പിക്കുന്നത്.

മുഖ്യമന്ത്രി പദത്തെ കുറിച്ച് മാത്രമേ ഇനി ചർച്ച ഉണ്ടാവുകയുള്ളൂ. തങ്ങളുടെ ആവശ്യം അംഗീകരിക്കാൻ ബിജെപി തയാറായില്ലെങ്കിൽ മറ്റു നടപടികളിലേക്കു നീങ്ങുമെന്നും ശിവസേന അറിയിച്ചു. തങ്ങൾ ആദ്യം കണ്ണുചിമ്മുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും ശിവസേന വ്യക്തമാക്കി.

“ഇതുവരെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും നടന്നിട്ടില്ല, ചര്‍ച്ച നടക്കുന്നുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി പദത്തെക്കുറിച്ച് സംസാരിക്കാന്‍ മാത്രമായിരിക്കും” ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

സേനയുടെ മുഖപത്രമായ സാംനയിലും ഇതുസംബന്ധിച്ച പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരാൻ ബിജെപി ശ്രമിച്ചാൽ അതാകും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പരാജയമെന്നും സേന മുഖപത്രത്തിൽ വ്യക്തിമാക്കി.

നവംബർ 7നു മുൻപ് സർക്കാരുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്കു പോകുമെന്ന് ബിജെപി മന്ത്രി സുധീർ മുൻഗൻതിവാർ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

കോൺഗ്രസിന്‍റെ 44 എംഎൽഎമാരും എൻസിപിയുടെ 54 എംഎൽഎമാരും കുറച്ച് സ്വതന്ത്രരുമായി ചേർന്ന് സേനയ്ക്ക് സർക്കാരുണ്ടാക്കാനും സ്വന്തം മുഖ്യമന്ത്രിയെ അവതരിപ്പിക്കാനും കഴിയും. അതിനായി സ്വതന്ത്ര പ്രത്യയശാസ്ത്രമുള്ള 3 പാർട്ടികൾ, എല്ലാവർക്കും സ്വീകാര്യമായ നയങ്ങൾ രൂപീകരിക്കണം.

അതെ സമയം, സർക്കാർ രൂപീകരിക്കാൻ ശിവസേനയെ പിന്തുണയ്ക്കണമെന്ന് അഭ്യർഥിച്ച് കോൺഗ്രസ് എംപിയും പാർട്ടിയുടെ ന്യൂനപക്ഷ വിഭാഗം നേതാവുമായ ഹുസൈൻ ദൽവായി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു കത്തെഴുതിയിരുന്നു.

എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍, തിങ്കളാഴ്ച സോണിയഗാന്ധിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. ഇരു പാര്‍ട്ടികള്‍ക്കും ശിവസേനയോടുള്ള നിലപാടില്‍ മാറ്റമുണ്ടോ എന്ന് ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാകും.

മഹാരാഷ്ട്രയിൽ അധികാരം തുല്യമായി പങ്കിടുമെന്ന് ബിജെപി രേഖാമൂലം ഉറപ്പു നൽകണമെന്നാണ് ശിവസേന നേരത്തെ ആവശ്യപ്പെട്ടത്. 288 അംഗ നിയമസഭയിൽ ബിജെപിക്ക് 105 പേരും സേനയ്ക്ക് 56‌ പേരുമാണുള്ളത്. നവംബര്‍ എട്ടിനാണ് നിലവിലെ സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കുന്നത്.

അയോദ്ധ്യ വിധി വരാനിരിക്കെ സര്‍ക്കാര്‍ രൂപീകരണത്തിന്‍റെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ശരത് പവാര്‍,  മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.