തിരുവന്തപുരം:
യുഎപിഎ ചുമത്തി സിപിഐഎം പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ റിമാന്‍ഡു ചെയ്ത സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. ക്രമസമാധാന വിഭാഗം എഡിജിപിക്കും, ഉത്തരമേഖലാ ഐജിക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കേസില്‍ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളത്. സംഭവത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിച്ചു തെളിവുകള്‍ എടുത്ത ശേഷം യുഎപിഎ ചുമത്തിയത് നിലനില്‍ക്കുമോ എന്ന് തീരുമാനിക്കും. അതനുസരിച്ച് ആവശ്യമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും പൊലീസ് ആസ്ഥാനം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
യുഎപിഎ ചുമത്തിയതിനെതിരെ സിപിഐഎം നേതാക്കളില്‍ നിന്നുള്‍പ്പെടെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് ബെഹ്റയുടെ നിര്‍ദേശം.
യുഎപിഎ നിയമം ഇരുതല മൂർച്ഛയുള്ള വാളാണെന്നായിരുന്നു മന്ത്രി എകെ ബാലന്‍റെ പ്രതികരണം. നിരപരാധികളെയും ജനാധിപത്യപരമായി പ്രവർത്തിക്കുന്നവരെയും ഇല്ലാതാക്കാനുള്ള വഴിയായി ഇത് പ്രയോഗിക്കാൻ പാടില്ല. നിയമവ്യവസ്ഥകൾ പാലിച്ചു കൊണ്ടാണോ എഫ്ഐആർ ഇട്ടതെന്ന് അന്വേഷിക്കും, മന്ത്രി പറഞ്ഞു.
കേരളത്തിൽ നിരവധി കേസുകൾ നടക്കാറുണ്ടല്ലോയെന്നും, എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ അല്ലല്ലോയെന്നും മന്ത്രി എകെ ബാലൻ ചോദിച്ചു.
യുഎപിഎ ചുമത്തിയ നടപടി സർക്കാർ തിരുത്തുമെന്ന് മുഖ്യമന്ത്രിയുടെ പഴ്സണല്‍ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. സര്‍ക്കാര്‍ നിലപാടനുസരിച്ച് പൊലീസ് മാറണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
അതേസമയം അറസ്റ്റിലായവർക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് പൊലീസ് വാദം. ഇവർ വലിയ സംഘത്തിന്‍റെ ഭാഗമാണെന്നും, നഗരം കേന്ദ്രീകരിച്ച് വിവരശേഖരണവും ആശയപ്രചരണവുമാണ് ലക്ഷ്യമെന്നും പോലീസ് പറയുന്നു.
എന്നാല്‍, ലഘുലേഖ പിടിച്ചത് കൊണ്ട് മാത്രം ഒരാള്‍ മാവോയിസ്റ്റ് ആവില്ലെന്നും, സംഘടനയില്‍ അംഗമാണെന്ന് തെളിയിക്കണമെന്നും യുഎപിഎ അദ്ധ്യക്ഷന്‍ റിട്ട. ജസ്റ്റിസ് പിഎസ് ഗോപിനാഥന്‍ വ്യക്തമാക്കി. പന്തീരാങ്കാവ് കേസില്‍ തെളിവുണ്ടെങ്കില്‍ മാത്രമേ പ്രോസിക്യൂഷന് അനുമതി നല്‍കുകയുള്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് യുഎപിഎ സമിതി രൂപീകരിച്ചത്. നാലംഗങ്ങളാണ് ഈ സമിതിയില്‍ ഉള്ളത്. 13 കേസുകളാണ് ഈ സമിതിക്ക് മുന്‍പേ ഇത് വരെ വന്നത്. അതില്‍ ഏഴോളം കേസുകളില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയില്ല.
അതിനിടെ, അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് നിയമ സഹായം നല്‍കുമെന്ന, സിപിഐഎം പ്രദേശിക ന്തൃത്വത്തിന്‍റെ നിലപാട് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ നിഷേധിച്ചു. യുഎപിഎ ചുമത്തിയതില്‍ മാത്രമാണ് എതിര്‍പ്പെന്നും, വിദ്യാര്‍ഥികള്‍ക്ക് നിരോധിതപ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കാമെന്നും, നിയമനടപടിയാവാമെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത താഹയെക്കൊണ്ട് പൊലീസ് നിര്‍ബന്ധിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചെന്നാണ് അമ്മയുടെ വെളിപ്പെടുത്തല്‍. മാവോയിസ്റ്റ് പ്രസിദ്ധീകരണങ്ങളെന്ന് പറഞ്ഞ് പൊലീസ് എടുത്തത് മകന്‍റെ ടെക്സ്റ്റ് ബുക്കുകളാണെന്നും താഹയുടെ അമ്മ ജമീല പറഞ്ഞു.