കോഴിക്കോട്:
മാവോവാദി ബന്ധം ആരോപിച്ച് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകര്‍ക്കുമേല്‍, ചുമത്തിയ യുഎപിഎ വകുപ്പ് പിന്‍വലിക്കാനാവില്ലെന്ന് പോലീസ്. ഉത്തര മേഖല ഐജി അശോക് യാദവാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
“യുഎപിഎ നിലനില്‍ക്കുന്ന കേസാണ്, പോലീസിന്‍റെ കയ്യില്‍ കൃത്യമായ തെളിവുകളുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. യുഎപിഎ പിന്‍വലിക്കുന്ന കാര്യം പോലീസ് ആലോചിച്ചിട്ടില്ല” ഐജി പറഞ്ഞു.
മണിക്കൂറുകള്‍ നീണ്ട യോഗത്തിനു ശേഷമാണ് ഐജി സ്റ്റേഷനു പുറത്തെത്തി മാധ്യമങ്ങളെ കണ്ടത്. തുടര്‍ന്ന്, കമ്മീഷണറും ഐജിയും ഉള്‍പ്പടെയുള്ളവര്‍ സ്റ്റേഷനില്‍ നിന്ന് മടങ്ങി. പ്രതികളെ ഇവിടെ നിന്ന് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോവുകയും തുടര്‍ന്ന് സെഷന്‍സ് കോടതിയില്‍ ഹാജരാക്കുകയും ചെയ്യും.
പ്രദേശത്ത് വ്യാപകമായി മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ്, പോലീസ് ഈ മേഖലയില്‍ പട്രോളിങ്ങ് ശക്തമാക്കിയത്. ഇതേ തുടര്‍ന്നാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്.
കണ്ണൂരില്‍ നിയമ വിദ്യാര്‍ത്ഥിയായ അലന്‍ ഷുഹൈബ്, കോഴിക്കോട് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ താഹ ഫസല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പ്രതികള്‍ സിപിഎമ്മിന്‍റെ ബ്രാഞ്ച് കമ്മിറ്റികളില്‍ അംഗമായതിനാല്‍ കേസില്‍ രാവിലെ മുതല്‍ സര്‍ക്കാരിന്‍റെ മേല്‍ വലിയ സമ്മര്‍ദം ഉണ്ടായിരുന്നു.
അട്ടപ്പാടി മാവോയിസ്റ്റ് ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പോലീസിനെ വിമര്‍ശിച്ച് സിപിഐ അടക്കം നിരവധി സംഘടനകള്‍ രംഗത്തുവന്നിരുന്നു. കോഴിക്കോട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത സംഭവം സര്‍ക്കാരിന്‍റെ കിരാത നടപടിയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.
എന്നാല്‍, അറസ്റ്റിലായ അലനും, താഹയും മുന്‍പ് എസ്എഫ്ഐ പ്രവര്‍ത്തകരായിരുന്നെന്നും, ഇപ്പോള്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരല്ലെന്നും എസ്എഫ്ഐ ദേശീയ അദ്ധ്യക്ഷന്‍ വിപി സാനു വോക്ക് ജേര്‍ണലിനോട് പറഞ്ഞു.
പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതു മുതല്‍, അവര്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടിയെ ചോദ്യം ചെയ്ത് പല സംഘടനകളില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
പക്ഷെ യുഎപിഎ നിലനില്‍ക്കുമെന്ന പോലീസിന്‍റെ വാദം ഉന്നത ഉദ്യോഗസ്ഥര്‍ അംഗീകരിച്ചിരിക്കുകയാണ്. അതെ സമയം, പ്രതികളുടെ കയ്യില്‍ നിന്ന് കണ്ടെടുത്തത് മാവോയിസ്റ്റ് ലഘുലേഖകള്‍ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ജമ്മു കശ്മീരിലെ സ്വതന്ത്ര പോരാട്ടത്തെ പിന്തുണയ്ക്കുക, ബ്രാഹ്മണ്യ ഹിന്ദുത്വ ഫാസിസത്തിനെതിരെ കലാപം ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇതില്‍ എഴുതിയിരിക്കുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.