Sun. Dec 22nd, 2024
കൊച്ചി:

വാളയാറില്‍ സഹോദരികള്‍ ദാരുണമായി കൊലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണത്തിനുള്ള ആവശ്യം ഉടന്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നിലവില്‍ സാഹചര്യമുണ്ട്. പോക്‌സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.

പാലക്കാട് പോക്‌സോ കോടതിയുടെ ഒരു വിധി കേസിലുണ്ടായിട്ടുണ്ട്. ഈ വിധി റദ്ദാക്കിയാലെ ഒരു പുനരന്വേഷണത്തിന് സാധിക്കുവെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അത്കൊണ്ട്, ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേ സമയം കേസില്‍ സര്‍ക്കാരിന് വേണമെങ്കില്‍ അപ്പീലിനു പോകാനുള്ള നിയമ സാധുതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അപ്പീലിന് പോകുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മലയാള വേദി പ്രസിഡന്‍റ് ജോര്‍ജ് വട്ടുകുളമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഇത്തരത്തിലൊരു ഹര്‍ജി ഇപ്പോള്‍ നല്‍കുന്നതിന്‍റെ സാഹചര്യമെന്താണെന്നും, കേസിന്‍റെ വിചാരണ വേളയില്‍ താങ്കള്‍ എവിടെയായിരുന്നെന്നും കോടതി ചോദിച്ചു.