Sat. Apr 27th, 2024
കട്ടപ്പന:

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ് കെ മാണിയെ തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും. സ്റ്റേ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി സമര്‍പ്പിച്ച അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളി. അടിയന്തരമായി ഈ കേസില്‍ ഇടപെടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ് കെ മാണി പ്രവര്‍ത്തിക്കുന്നതിനെതിരേ പി ജെ ജോസഫ് വിഭാഗം മുന്‍സിഫ് കോടതിയില്‍നിന്ന് സ്റ്റേ സമ്പാദിച്ചിരുന്നു. ഈ സ്റ്റേക്കെതിരേയാണ് ജോസ് കെ മാണിയും, കെ ഐ ആന്‍റണിയും സബ്‌കോടതിയെ സമീപിച്ചത്.

വിധിക്കു പിന്നാലെ ജോസഫ് വിഭാഗത്തിന്‍റെ പ്രമുഖനേതാക്കള്‍ കട്ടപ്പനയില്‍ ആഹ്ലാദപ്രകടനം നടത്തി. വിധി കേരള കോണ്‍ഗ്രസിന്‍റെ ധാര്‍മിക വിജയമാണെന്നും അഹങ്കാരം വെടിഞ്ഞ് തെറ്റ് തിരുത്തണമെന്നും പിജെ ജോസഫ് വിഭാഗം പറഞ്ഞു. ജോസ് കെ മാണിയുടെ തെറ്റിനൊപ്പം അണികള്‍ നില്‍ക്കില്ലെന്ന് എംജെ ജോസഫ് പ്രതികരിച്ചു.

തെറ്റ് തിരുത്തി ജോസഫിന്‍റെ നേതൃത്വത്തെ അംഗീകരിക്കണമെന്നും നോട്ടീസ് ലഭിച്ചിട്ടും പാര്‍ലമെന്ററി യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ നടപടി എടുക്കുമെന്നും എംജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കോടതി വിധിയില്‍ ഭയമില്ലെന്നും, അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍റേതായിരിക്കുമെന്നുമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
കെഎം മാണിയുടെ മരണത്തിനു പിന്നാലെയാണ് കേരളാ കോണ്‍ഗ്രസ് എമ്മില്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടങ്ങുന്നത്. സംസ്ഥാന കമ്മറ്റി ചേര്‍ന്ന് ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെ പിജെ ജോസഫ് വിഭാഗം തൊടുപുഴ കോടതിയെ സമീപിക്കുകയായിരുന്നു.
ഈ ഹര്‍ജിയില്‍, ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നതില്‍നിന്നും സംസ്ഥാന കമ്മറ്റി ഓഫീസില്‍ പ്രവേശിക്കുന്നതില്‍നിന്നും ജോസ് കെ മാണിയെ വിലക്കി കൊണ്ടായിരുന്നു, ജോസഫ് വിഭാഗത്തിന് അനുകൂലമായി തൊടുപുഴ കോടതിയുടെ വിധി.
തുടര്‍ന്ന് തൊടുപുഴ കോടതിയുടെ വിധിക്കെതിരെ ജോസ് കെ മാണി വിഭാഗം ഇടുക്കി മുന്‍സിഫ് കോടതിയെ സമീപിച്ചു. ഇടുക്കി മുന്‍സിഫ് കോടതി തൊടുപുഴ കോടതിയുടെ വിധിക്കു പിന്നാലെയാണ് കട്ടപ്പന സബ്കോടതിയില്‍ ജോസ് കെ മാണി വിഭാഗം അപ്പീല്‍ നല്‍കുന്നത്. ഈ അപ്പീല്‍ കോടതി തള്ളുകയായിരുന്നു.
കട്ടപ്പന കോടതിയില്‍നിന്ന് അനുകൂല വിധി ലഭിച്ച സാഹചര്യത്തില്‍, പിജെ ജോസഫ് ഇന്നു വൈകിട്ട് തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മൂന്ന് എംഎല്‍എമാര്‍ ഒപ്പമുള്ളതിനാല്‍ പിജെ ജോസഫ് തീരുമാനിക്കുന്നയാളാകും പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകുക.
അതേസമയം, യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് തങ്ങളാണെന്നും ചിഹ്നം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു.
ഭൂരിഭാഗം അംഗങ്ങളുടേയും പിന്തുണ തങ്ങള്‍ക്കാണെന്നും അതുകൊണ്ട് 1968 ലെ നിയമപ്രകാരം ചിഹ്നവും പാര്‍ട്ടി പേരും അനുവദിച്ച് തരണമെന്നാണ് ഒക്ടോബര്‍ പത്തിന് അയച്ച കത്തിലെ പ്രധാന പരാമര്‍ശം.
ജോസ് കെ മാണിയെ കൂടാതെ, തോമസ് ചാഴിക്കാടനും റോഷി അഗസ്റ്റിനും ഡോ എന്‍ ജയരാജനും ഒപ്പുവച്ച കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിജെ ജോസഫിന്‍റെ വിശദീകരണം തേടിയിട്ടുണ്ട്.