ന്യൂഡല്‍ഹി:
കോണ്‍ഗ്രസ് നേതാവ് സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ആദരിക്കുന്ന ബിജെപിയെ പരിഹസിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പട്ടേലിനെ അവര്‍ ആദരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കാരണം അവര്‍ക്ക് സ്വന്തമായി ഒരു നേതാവോ സ്വാതന്ത്ര്യസമര സേനാനികളോ ഇല്ലല്ലോയെന്നും പ്രിയങ്ക പരിഹസിച്ചു.
‘കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളില്‍ വിശ്വസിച്ചിരുന്ന അടിയുറച്ച കോണ്‍ഗ്രസുകാരനായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. അദ്ദേഹം ജവഹര്‍ലാല്‍ നെഹ്‌റുവുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയും തികഞ്ഞ ആര്‍.എസ്.എസ് വിരുദ്ധനുമായിരുന്നു’, പ്രിയങ്കഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
സര്‍ദാര്‍ വല്ലഭായ് പട്ടേലും ജവഹര്‍ലാല്‍ നെഹ്‌റുവും ഒരുമിച്ചുള്ള ഫോട്ടോയും പങ്കുവച്ചായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
“കോണ്‍ഗ്രസ് നേതാവിനെ ബിജെപി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതും, അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതും കാണുമ്പോള്‍ ഇന്ന് ഞാന്‍ വളരെ സന്തോഷിക്കുന്നു. അവര്‍ക്ക് സ്വന്തമായി അവകാശപ്പെടാന്‍ ഒരു സ്വാതന്ത്ര്യ സമര പോരാളിയില്ലാത്തതിനാലാണ് പട്ടേലിനെ ആദരിക്കുന്നത്. പട്ടേലിനെ ആദരിക്കാന്‍ അദ്ദേഹത്തിന്റെ ശത്രുക്കള്‍ നിര്‍ബന്ധിതരാകുന്നതില്‍ വളരെ സന്തോഷമുണ്ട്,” പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
രാഷ്ട്രീയ ഏകതാദിനമായി രാജ്യമൊട്ടാകെ പട്ടേലിന്റെ ജന്മദിനം ആഘോഷിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രിയങ്കയുടെ വിമര്‍ശനം.
അതേസമയം, പട്ടേലിന്റെ 144–ാം ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ഗുജറാത്തിലെ സര്‍ദാര്‍ പട്ടേലിന്‍റെ ഏകതാ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.