Wed. Jan 22nd, 2025
ചെന്നൈ:

‘ഒരു രാജ്യം ഒരു ഭാഷ’വിവാദത്തിൽ ഹിന്ദി ഇതര മേഖലകളിൽ പ്രതിഷേധം ശക്തമാവുമ്പോൾ, തമിഴ് ഭാഷയെ പുകഴ്ത്തി മദ്രാസ് ഐഐടിയിൽ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. നേരത്തെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഹിന്ദി ഭാഷ വിവാദ പ്രസ്താവന ഏറ്റവും കൂടുതൽ പ്രക്ഷോഭം സൃഷ്ടിച്ചത് തമിഴ്നാട്ടിലാണ്. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ഒരിക്കലും വിലപോവില്ലെന്നറിയിച്ചു നിരവധി പേരാണ് ദ്രാവിഡ മണ്ണിൽ പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി അണിചേർന്നിരുന്നത്.

പിന്നാലെ കേന്ദ്രവും ഈ നിലപാടില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.

എന്നാല്‍, കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയില്‍നിന്നും തികച്ചും വ്യത്യസ്തമായി തമിഴ് ഭാഷയെ പുകഴ്ത്തി കൊണ്ടാണ്‌ ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരിക്കുന്നത്. മദ്രാസ് ഐഐടി റിസര്‍ച്ച്‌ വിഭാഗത്തിന്‍റെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവേ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴിനെ പ്രശംസയിൽ മുക്കിയത്.

തമിഴ് ഭാരതത്തിലെ ഏറ്റവും പ്രാചീനമായ ഭാഷയാണെന്നും, യുഎന്നിലെ തന്‍റെ പ്രസംഗത്തിലും താന്‍ തമിഴില്‍ സംസാരിച്ചതായും നരേന്ദ്രമോദി പറഞ്ഞു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയും താന്‍ തമിഴില്‍ സംസാരിച്ചിരുന്നുവെന്നും, അങ്ങനെ അമേരിക്കയിലും തമിഴിന്‍റെ കീര്‍ത്തി എത്തിച്ചുവെന്നും മോദി എടുത്തു പറഞ്ഞു.


അതേസമയം, തമിഴ്‌നാട്ടില്‍ രണ്ട് മണ്ഡലങ്ങള്‍ ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് നരേന്ദ്രമോദിയുടെ തമിഴിനെ പുകഴ്ത്തിയുള്ള പ്രസംഗമെന്നതും ദേശീയ രാഷ്രീയത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ തമിഴ്നാട് സന്ദര്‍ശനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്നത്.
വിദ്യാര്‍ത്ഥി സംഘടകള്‍ ഉൾപ്പെടെ പ്രതിഷേധം ഉയര്‍ത്തുമെന്ന സൂചനകള്‍ ലഭിച്ചിരുന്നതിനാൽ, പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് മോദിക്കായി ക്രമീകരിച്ചിരുന്നത്.

ആയിരത്തിലധികം പോലീസുകാരെ ക്യാമ്പസിനകത്തും പുറത്തുമായി വിന്യസിപ്പിച്ചിരുന്നു. കൂടാതെ, നിരവധി സിസിടിവി ക്യാമറകളും പരിപാടി നിരീക്ഷിക്കാൻ ക്രമീകരിച്ചിരുന്നു.

രാവിലെ 9:30 യോടെ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി എത്തിയിരുന്നു. പിന്നാലെ, ഹെലികോപ്റ്ററിലായിരുന്നു നരേന്ദ്രമോദി ഐഐടിയില്‍ എത്തിചേർന്നത്.

Leave a Reply

Your email address will not be published. Required fields are marked *