വായന സമയം: < 1 minute
ദോഹ:

ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ മിക്‌സഡ് റിലേയിൽ ഇന്ത്യയ്ക്ക് മെഡൽ കിട്ടാതെ മടക്കം. ഫൈനല്‍ റൗണ്ടിൽ സീസണിലെ തന്നെ മെച്ചപ്പെട്ട സമയം കണ്ടെത്താനായെങ്കിലും, ഏഴാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്.
എട്ട് രാജ്യങ്ങളായിരുന്നു മത്സരത്തിൽ പങ്കെടുത്തിരുന്നത്.

മലയാളികളായ മുഹമ്മദ് അനസ്, വി കെ വിസ്‌മയ, ജിസ്‌ന മാത്യു, നോഹ നിര്‍മല്‍ ടോം മുതലായ കായികതാരങ്ങൾ അടങ്ങിയ ടീം 3 മിനിറ്റ് 15.77 സെക്കന്‍ഡ‍ിൽ 1600 മീറ്റര്‍ പൂര്‍ത്തിയാക്കി.
കഴിഞ്ഞ വർഷം ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണം നേടിയ മത്സരത്തിൽ, 3 മിനിറ്റ് 15.71 സെക്കന്റായിരുന്നു ഫിനിഷിങ് സമയം.

റിലയിലെ ആദ്യ ഓട്ടക്കാരൻ അനസ് മികച്ച പ്രകടനം നടത്തിയെങ്കിലും വിസ്‌മയയിൽ നിന്ന് ബാറ്റണ്‍ സ്വീകരിച്ച ജിസ്‌നയ്ക്ക് ഓട്ടത്തിൽ പിഴയ്ക്കുകയായിരുന്നു. ഇന്ത്യയ്‌ക്കേറ്റ തോൽവിക്ക് അത് പ്രധാനകാരണമാവുകയും ചെയ്തു. തുടക്കത്തിൽ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ കുറിച്ച ദേശീയ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ച മത്സരമായിരുന്നു നിരാശയിൽ കലാശിച്ചത്. അവസാന പാദത്തിൽ നോഹ അതിവേഗം കുതിച്ചത് ഇന്ത്യ ഏഴാം സ്ഥാനത്തെങ്കിലും എത്തിപ്പെടാൻ തുണച്ചു.

3 മിനിറ്റ് 9.34 സെക്കന്‍ഡിൽ ഫിനിഷ് ചെയ്ത അമേരിക്ക ലോക റെക്കോര്‍ഡോടുകൂടി സ്വര്‍ണം നേടി. ഒപ്പം, അമേരിക്കന്‍ താരമായ അലിസൺ ഫെലിക്‌സ് ലോക ചാംപ്യന്‍ഷിപ്പിലെ 12-ാം സ്വര്‍ണവുമായി ചരിത്രനേട്ടത്തിലെത്തുകയും ചെയ്തു.
ജമൈക്കയും (3:11.78) ബഹ്റൈനും (3:11.82) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു വെള്ളിയും വെങ്കലവും കരസ്ഥമാക്കി.

അതേസമയം, ശനിയാഴ്ച നടന്ന സെമിഫൈനൽ മത്സരത്തിൽ 3 മിനിറ്റ് 16.14 സെക്കന്റിൽ ഓടിയെത്തി ഫൈനലിൽ എത്തിയ ഇന്ത്യൻ സംഘത്തിന്റെ പ്രകടനം, ടീമിന്റെ ടോക്കിയോ ഒളിമ്പിക്സ് സാധ്യതകൾ സുരക്ഷിതമാക്കി.

Leave a Reply

avatar
  Subscribe  
Notify of