Mon. Dec 23rd, 2024
വയനാട്:

ദേശീയപാത 766ലെ യാത്രാ നിരോധനത്തിനെതിരെ സുല്‍ത്താന്‍ ബത്തേരിയില്‍ നടന്നു വരുന്ന അനിശ്ചിതകാല ഉപവാസ സത്യാഗ്രഹം ആറാം ദിവസം പിന്നിടുന്നു. യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഉപവാസ സമരം ഓരോ ദിവസം കഴിയും തോറും കൂടുതല്‍ ശക്തമാവുകയാണ്. സമരത്തിനുള്ള ജനപിന്തുണയും വര്‍ധിച്ചു വരുന്നുണ്ട്. അതേസമയം മുഖ്യധാരാ മാധ്യമങ്ങള്‍ പലതും സമരത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

 

 

പ്രതിഷേധം തുടങ്ങാന്‍ കാരണം

വയനാടിനെ കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത മാര്‍ഗമാണ് ദേശീയപാത 766. കോഴിക്കോടിന്റെ കിഴക്കന്‍ മേഖലകളില്‍ നിന്നും വയനാട്ടില്‍ നിന്നും ബംഗളുരുവും മൈസുരുവും ഉള്‍പ്പെടെ കര്‍ണാടകയിലെ വിവിധ നഗരങ്ങളിലേക്കു പോകുന്നവര്‍ ആശ്രയിക്കുന്നത് ദേശീയപാത 766നെയാണ്. നിലവില്‍ രാത്രി യാത്രാ നിരോധനം നിലവിലുള്ള ഈ ദേശീയപാതയില്‍ പകലും കൂടി യാത്രാ നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കം നടക്കുന്ന സാഹചര്യത്തിലാണ് ഒരു ജനത ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനാണ് ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള ഗതാഗതത്തിന് സ്ഥിരമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയില്ലേ എന്ന ചോദ്യം സുപ്രീം കോടതി ഉന്നയിച്ചത്. നിലവിലുള്ള രാത്രി യാത്രാ നിരോധനം തുടരുമെന്ന് ആഗ്സ്റ്റ് ഏഴിന് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സെപ്റ്റംബര്‍ ഏഴിന് ദേശീയപാത 776ല്‍ ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കാന്‍ കഴിയില്ലേ എന്ന് ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, സൂര്യകാന്ത് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ചോദിച്ചത്. വനത്തിലൂടെ നിലവിലുള്ള ദേശീയപാത പൂര്‍ണമായും അടക്കുകയും ബദല്‍ ഗതാഗത മാര്‍ഗം ഒരുക്കുകയും ചെയ്യാനാണ് സുപ്രീം കോടതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും ഉപരിതല ഗതാഗത മന്ത്രാലയത്തിനും ദേശീയപാത അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയത്. ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ സുപ്രീം കോടതി നാലാഴ്ച സമയവും അനുവദിച്ചു.

 

ഈ സാഹചര്യത്തിലാണ് ദേശീയ പാത 766ലൂടെയുള്ള പകല്‍ ഗതാഗത മാര്‍ഗം കൂടി അടയുമോ എന്ന സംശയം ഉടലെടുത്തിരിക്കുന്നത്. സര്‍ക്കാരിന്റെയും കോടതിയുടെയും നിലപാട് തങ്ങള്‍ക്കെതിരായാല്‍ കര്‍ണാടകയിലേക്ക് യാത്ര ചെയ്യേണ്ട വിദ്യാര്‍ത്ഥികളും തൊഴിലാളികളും എന്തു ചെയ്യും എന്ന ചോദ്യത്തിനും ഉത്തരമില്ല. മറ്റു മാര്‍ഗങ്ങളൊന്നും നിലവില്‍ തെളിയാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല ഉപവാസ സമരവുമായി യുവജനങ്ങള്‍ തന്നെ രംഗത്തിറങ്ങിയത്. പതിനഞ്ചോളം യുവജന സംഘടനകളാണ് ഒറ്റക്കെട്ടായി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.

വിവിധ യുവജന സംഘടനകള്‍ സംയുക്തമായി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 25 മുതല്‍ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. സ്വതന്ത്ര മൈതാനിയില്‍ നടന്നു വരുന്ന സമരം തീക്ഷ്ണമായ പ്രതിഷേധത്തിന്റ ആറു നാളുകളാണ് പിന്നിടുന്നത്. അതിര്‍ത്തിക്കപ്പുറത്തു നിന്നുള്‍പ്പെടെ നിരവധി വ്യക്തികളും സംഘടനകളും തങ്ങളുടെ പിന്തുണ അറിയിച്ചു കൊണ്ട് സമരപ്പന്തലിലേക്ക് ഒഴുകിയെത്തി. യാത്രാ നിരോധനം നീക്കുന്നതിനായി എന്‍ എച്ച് 766 ട്രാന്‍സ്പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായാണ് യുവജന സംഘടനകളും സമരം ആരംഭിച്ചത്.

യാത്രാ നിരോധനം പിന്‍വലിക്കുക, ജനങ്ങള്‍ തെരുവിലേക്ക് എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച, യൂത്ത് ലീഗ്, എഐവൈഎഫ്, എസ്എന്‍ഡിപി യൂത്ത് മൂവ്മെന്റ് തുടങ്ങിയ യുവജനസംഘടനകള്‍ ചേര്‍ന്നാണ് സമരം ആരംഭിച്ചത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസെക്രട്ടറി ആര്‍. രാജേഷ് കുമാര്‍, ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ലിജോ ജോണി, യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് സിനീഷ് വാകേരി, യുവജന കൂട്ടായ്മ കോ-ഓര്‍ഡിനേറ്റര്‍ സഫീര്‍ പാഴേരി എന്നിവരാണ് സെപ്റ്റംബര്‍ 25ന് നിരാഹാരം ആരംഭിച്ചത്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ. മുസ്തഫയും ഉപവാസം അനുഷ്ഠിച്ചിരുന്നു. മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം യുവജന സംഘടനകള്‍ ഒറ്റക്കെട്ടായി അണി നിരന്നതും സമരത്തിന് വലിയ ശക്തി പകര്‍ന്നു. ഇതോടെ നിരാഹാര സമരം തുടങ്ങിയ ദിവസം മുതല്‍ തന്നെ നാടിന്റെ നാനാ ഭാഗത്തുനിന്നും നൂറുകണക്കിനാളുകളാണ് യുവാക്കള്‍ക്ക് പിന്തുണയുമായി ബത്തേരിയിലെ സ്വതന്ത്ര മൈതാനിയിലുള്ള സമര പന്തലിലേക്ക് എത്തിയത്.

നിരാഹാരമിരിക്കുന്ന യുവജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കുട്ടികളും, മുതിര്‍ന്നവരും, കര്‍ഷകരും, ആദിവാസി ജനങ്ങളും, സുല്‍ത്താന്‍ ബത്തേരി ടൗണിലെ നിരാഹാര പന്തലിലേക്ക് ഒഴുകി.

വടക്കനാട് ഗ്രാമസംരക്ഷണസമിതി, സുല്‍ത്താന്‍ ബത്തേരിയിലെ മത്സ്യവ്യാപാരികള്‍, എസ്ടിയു ബത്തേരി യൂണിറ്റ്, അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മേഖലാ കമ്മിറ്റി, ബത്തേരി സെന്റ് മേരീസ് കോളേജ്, കോഓപ്പറേറ്റീവ് കോളേജ്, അല്‍ഫോണ്‍സാ കോളേജ്, കേരള അക്കാദമി ഓഫ് എന്‍ജിനിയറിങ്ങ്, മലബാര്‍ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, ജമാഅത്തെ ഇസ്ലാമി വനിതാ പ്രവര്‍ത്തകര്‍, ഇടത് മതേതരക്കൂട്ടായ്മ, ഹാര്‍ഡിലി സാഡില്‍സ് ബുള്ളറ്റ് ക്ലബ്ബ്, ചുമട്ടു തൊഴിലാളികള്‍, ബത്തേരിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളുടെ ഉടമകളും
ജീവനക്കാരും, സിഐടിയു, ബിജെപി പ്രവര്‍ത്തകര്‍, ലയണ്‍സ് ക്ലബ്, കൈരളി ചാരിറ്റബിള്‍ ട്രസ്റ്റംഗങ്ങള്‍ തുടങ്ങി ആയിരക്കണക്കിനാളുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബത്തേരി ടൗണില്‍നിന്നും സമരപ്പന്തലിലേക്ക് പ്രകടനമായെത്തി അഭിവാദ്യമര്‍പ്പിച്ചു.

കലാകാരന്മാരുടെ വിവിധ കൂട്ടായ്മകള്‍ രാത്രി സമരപ്പന്തലിലെത്തി വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. നിരാഹാര സമരം നടത്തുന്ന യുവാക്കള്‍ക്ക് പിന്തുണയുമായി വിദ്യാര്‍ത്ഥികളും കൊച്ചു കുട്ടികളും രംഗത്തെത്തിയതും വളരെയധികം ജനശ്രദ്ധ പിടിച്ചു പറ്റി.

ഇതിനിടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബ്ലോക്ക് കൗണ്‍സിലര്‍മാരും ജനപ്രതിനിധികളും ചേര്‍ന്ന് ബോര്‍ഡര്‍ റോഡും ഉപരോധിച്ചിരുന്നു.

 

ബത്തേരിയിലെ സമര പന്തലിലേക്ക് ചീരാലില്‍ നിന്ന് യുവജന കൂട്ടായ്മയുടെ ബഹുജന മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.

 

 

സിനിമാ താരം മണികണ്ഠന്‍ ആചാരിയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തിയിരുന്നു.

 

 

 

ആരോഗ്യ നില വഷളായ ഫ്രീഡം ടു മൂവ് കോ- ഓര്‍ഡിനേറ്റര്‍ സഫീര്‍ പാഴേരിയെ കഴിഞ്ഞ ദിവസം സമരപ്പന്തലില്‍ നിന്നും അറസ്റ്റു ചെയ്ത് നീക്കിയിരുന്നു. പൊലീസ് എത്തിയപ്പോള്‍ ആദ്യം സമരക്കാര്‍ തടഞ്ഞെങ്കിലും പിന്നീട് ചര്‍ച്ചകള്‍ക്കു ശേഷം സഫീറിനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സഫീറിനു പകരം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് പ്രസിഡന്റ് പി. ഷംസാദ് നിരാഹാരം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിലും നിരാഹാരം തുടരുമെന്നാണ് സഫീര്‍ പറഞ്ഞത്.

കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്നും തമിഴ്‌നാട്ടിലെ എടുമാട്, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും സമരത്തിന് പിന്തുണയുമായി നിരവധി ആളുകളെത്തി. രാപകലില്ലാതെ വിവിധ സംഘടനകളും കൂട്ടായ്മകളും പ്രകടനമായി ബത്തേരിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

 

പിന്തുണയുമായി രാഹുല്‍ ഗാന്ധിയും

യുവാക്കളുടെ സമരത്തിന് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പിന്തുണ അറിയിച്ച രാഹുല്‍ ഗാന്ധി തന്റെ മണ്ഡലമായ വയനാട്ടില്‍ യുവാക്കള്‍ നടത്തി വരുന്ന അനിശ്ചിത കാല നിരാഹാര സമരത്തിന് പിന്തുണയേകാന്‍ ഒക്ടോബര്‍ മൂന്ന് വ്യാഴാഴ്ച ബത്തേരിയിലെത്തും. ഉച്ചകഴിഞ്ഞ് ബത്തേരിയിലെ സമരപ്പന്തലില്‍ എത്തുന്ന രാഹുല്‍ ഗാന്ധി വൈകുന്നേരമേ മടങ്ങിപ്പോകൂ. മുഖ്യമന്ത്രി പിണറായി വിജയനുമായും രാഹുല്‍ ഗാന്ധി ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച നടത്തുമെന്നാണ് സൂചന.

 

ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ത്ഥികളുടെ ഉപവാസ സമരവും

യുവജനങ്ങളുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി സമരവേദിയില്‍ വിദ്യാര്‍ഥിനികള്‍ നടത്തിയ ഉപവാസ സമരവും ശ്രദ്ധേയമായി. വ്യാഴാഴ്ചയാണ് സ്വതന്ത്ര മൈതാനിയിലെ സമരപ്പന്തലില്‍ നിഹാല യാസ്മിന്‍, സഫ്‌ന സുലൈമാന്‍ എന്നീ വിദ്യാര്‍ത്ഥിനികള്‍ ഏകദിന ഉപവാസം നടത്തിയത്. ആനപ്പാറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളാണ് രണ്ടു പേരും. നിഹാല യാസ്മിന്‍ സമരസമിതി ഭാരവാഹിയും മണിച്ചിറ സ്വദേശിയുമായ നവാസ് തനിമയുടെ മകളാണ്. ചീരാല്‍ കുടുക്കി സ്വദേശി സുലൈമാന്റെ മകളാണ് സഫ്ന. എം.എല്‍.എ.മാരായ ഐ.സി. ബാലകൃഷ്ണനും സി.കെ. ശശീന്ദ്രനും സമരസമിതി ഭാരവാഹികളും ചേര്‍ന്നാണ് വിദ്യാര്‍ഥിനികളെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചത്.

 

 

ഐക്യ ദാര്‍ഢ്യവുമായി വ്യാപാരികളുടെ കൂട്ടായ്മയും

ദേശീയപാത 766-ലെ യാത്രാ നിരോധനത്തിനെതിരെ നിരാഹാര സമരം നടത്തുന്ന യുവജനങ്ങള്‍ക്ക് പിന്തുണയറിയിച്ച് വയനാട്ടിലെ വ്യാപാരികളും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഉച്ചവരെ കടകളടച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കോട്ടക്കുന്നതില്‍ നിന്നും നഗരം ചുറ്റി സമരപ്പന്തലില്‍ എത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നാലായിരത്തോളം പേരാണ് അണി നിരന്നത്. ഇതിനിടെയാണ് സമരപ്പന്തലില്‍ നിന്നും നിരാഹാരം അനുഷ്ഠിക്കുന്നവരെ ആരോഗ്യ നിള വഷളായതിനെ തുടര്‍ന്ന് അറസ്റ്റു ചെയ്തു നീക്കിയത്. തുടര്‍ന്ന് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചെത്തിയവരില്‍ ചിലര്‍ റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയും ചെയ്തു. ആരിഫ് കല്ലങ്കോടന്‍, എ.പി ഹംസ ഏലിയാസ്. അമ്മംകുളം നാസര്‍ എന്നിരാണ് റോഡില്‍ കിടന്ന് പ്രതിഷേധിച്ചത്.

 

കടുവാ സംരക്ഷണത്തിന്റെ പേരില്‍ ദേശീയപാത ഇല്ലാതാക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റിയും യുവജന കൂട്ടായ്മയും നടത്തുന്ന സമരങ്ങള്‍ക്ക് തങ്ങള്‍ പിന്തുണ നല്‍കുമെന്നും വ്യാപാരികള്‍ പറഞ്ഞു. ഒക്ടോബര്‍ ആദ്യവാരം വ്യാപാരികള്‍ ബത്തേരിയില്‍ നിന്നു കര്‍ണാടക അതിര്‍ത്തിയിലേക്കു ലോങ് മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. ബന്ദിപ്പൂരിലൂടെയുള്ള ദേശീയപാതയില്‍ പകലും കൂടി ഗതാഗതം നിരോധിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാരും എംപിമാരും സമ്മര്‍ദം ചെലുത്തണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.

രാത്രി യാത്രാ നിരോധനം വന്നതുമുതല്‍ തന്നെ വയനാട്ടിലെ ബത്തേരി ഉള്‍പ്പെടെയുള്ള പ്രമുഖ നഗരങ്ങളിലെ വ്യാപാര മേഖല ഒന്നാകെ തന്നെ തകര്‍ച്ചയിലായി തുടങ്ങി. അതിനാലാണ് സമരം ചെയ്യുന്ന യുവജന സംഘടനകള്‍ക്ക് ഏറ്റവും വലിയ പിന്തുണ വ്യാപാരികളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

 

കേരളത്തിനു പുറത്തുനിന്നും ഐക്യദാര്‍ഢ്യം

നിരാഹാര സമരത്തിന്റെ നാലാം ദിവസം ഗുണ്ടല്‍പേട്ട് എംഎല്‍എ നിരഞ്ജന്‍ കുമാറാണ് പിന്തുണയുമായി സമരപ്പന്തലിലേക്ക് എത്തിയ പ്രമുഖന്‍. സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി അറിയിച്ച നിരഞ്ജന്‍ കുമാര്‍, ദേശീയപാത അടയ്ക്കുന്നതിനെതിരെയുള്ള ജനവികാരം കര്‍ണാടക മുഖ്യമന്ത്രിയെ അറിയിക്കുമെന്നും വ്യക്തമാക്കി. കല്‍പറ്റ എംഎല്‍എ സി.കെ. ശശീന്ദ്രനും സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ആയ ഐ സി ബാലകൃഷ്ണനും സമരപ്പന്തലില്‍ എത്തിയിരുന്നു.

നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഗൂഡല്ലൂരില്‍ നിന്നും ഗുണ്ടല്‍പേട്ടില്‍ നിന്നും നരവധി പേരെത്തി. കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരുനൂറോളം പേരടങ്ങുന്ന സംഘമാണ് ഗൂഡല്ലൂരില്‍ നിന്നും ബത്തേരിയിലേക്കെത്തിയത്.
ഗുണ്ടല്‍പേട്ട് സേവ് ഫോറം കര്‍ണാടക കാവല്‍പട, കര്‍ണാടക സംരക്ഷണസമിതി, ഗതി രക്ഷെ സംരക്ഷണ്‍ വേദി എന്നിവരാണ് ഗുണ്ടല്‍പേട്ടില്‍ നിന്നും എത്തിയത്.

മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള പ്രവാസി മലയാളികളും സമരത്തിന് സോഷ്യല്‍ മീഡിയയിലൂടെ പിന്തുണ അറിയിച്ചിട്ടുണ്ട്.

https://www.facebook.com/Brigadians/videos/1130805377108414/?t=0

 

സമരത്തിന്റെ ചെലവിലേക്കും കൈ അയച്ച് സഹായം

അനിശ്ചിതകാല നിരാഹാര സമരം നടക്കുന്ന സ്വതന്ത്ര മൈതാനിയിലെ പന്തലിലെത്തിയ ബത്തേരി നഗരസഭാ കൗണ്‍സിലര്‍ ബാനു പുളിക്കല്‍ സമരച്ചെലവുകള്‍ക്കായി തന്റെ സ്വര്‍ണമോതിരമാണ് ഊരി നല്‍കിയത്. സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യവുമായി എത്തുന്നവരും തങ്ങളാല്‍ കഴിയും വിധം സമരത്തിന്റെ ചെലവിലേക്കായി സംഭാവനകള്‍ നല്‍കുന്നുണ്ട്.

 

 

എന്തിനാണീ സമരം

ബന്ദിപ്പൂര്‍ കടുവാ സങ്കേതം വഴിയുള്ള ദേശീയപാത 766ല്‍ രാത്രിയാത്ര നിരോധിച്ചിട്ട് ഒരു ദശാബ്ദക്കാലമായി. ഈ കഴിഞ്ഞ പത്തു വര്‍ഷക്കാലവും കര്‍ണാടകയിലേക്കും തിരിച്ചും യാത്ര ചെയ്യേണ്ടവര്‍ വലിയ ദുരിതമാണ് അനുഭവിച്ചു വരുന്നത്. രാത്രി യാത്ര നിരോധനമുള്ളതിനാല്‍ ഇപ്പോള്‍ തന്നെ ദേശീയപാതയിലെ ഗതാഗതം പലപ്പോഴും പൂര്‍ണമായും തടസ്സപ്പെടുകയും മറ്റു സമയങ്ങളില്‍ ഗതാഗത കുരുക്കു രൂക്ഷമാവുകയും ചെയ്യുന്നുണ്ട്. കേരളവും കര്‍ണാടകയും തമ്മില്‍ റോഡുമാര്‍ഗമുള്ള ചരക്കു നീക്കത്തിലും ഈ ദേശീയ പാതയ്ക്ക് വലിയ പങ്കുണ്ട്. കൊച്ചിയിലേക്കുള്‍പ്പെടെ കര്‍ണാടകയില്‍ നിന്നുള്ള ചരക്കു നീക്കത്തിനും എളുപ്പമാര്‍ഗമാണ് ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള ദേശീയപാത 766.

2009 ജൂണ്‍ മുതലാണ് രാത്രി 9 മണി മുതല്‍ രാവിലെ 6 മണി വരെ വയനാടിന്റെ പുറത്തേക്കുള്ള പ്രധാന വഴിയായ ഈ ദേശീയപാത കര്‍ണാടക ഹൈക്കോടതി പൂട്ടിയിട്ടത്. ബന്ദിപ്പൂര്‍ വഴിയുള്ള ദേശീയപാത രാത്രിസമയം അടച്ചപ്പോള്‍ മുതല്‍ തന്നെ ബത്തേരി കേന്ദ്രമായുള്ള വ്യാപാര മേഖലയ്ക്ക് തകര്‍ച്ച തുടങ്ങി. കര്‍ണാടകയില്‍ ജോലി ചെയ്യുന്നവരെയും പഠിക്കുന്നവരെയും യാത്രാ നിരോധനം ബാധിച്ചു. കര്‍ണാടകയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ രാത്രി വന്ന് റോഡില്‍ കിടന്നു. പച്ചക്കറി വാഹനങ്ങള്‍ ദേശിയപാതയില്‍ വന്ന് മണിക്കൂറുകളോളം കാത്തു കിടന്നു. അപ്പോഴേക്കും വാഹനങ്ങളുടെ നിര കിലോമീറ്ററുകള്‍ നീണ്ടു. കച്ചവടക്കാര്‍ രാവിലെ ചെക് പോസ്റ്റ് തുറക്കുന്നതും കാത്ത് ഉറക്കമില്ലാതെ നിന്നു. കര്‍ണാടകയില്‍ നിന്നും വന്ന വാഹനങ്ങള്‍ക്ക് ഉച്ചക്കു മുമ്പായി ബത്തേരി മാര്‍ക്കറ്റിലെത്തി സാധനങ്ങള്‍ ഇറക്കി ഇരുട്ടും മുമ്പുതന്നെ കര്‍ണാടകയിലേക്ക് മടങ്ങിയെത്തേണ്ടി വന്നു. മണ്ണിനോടു മല്ലിട്ടു ജീവിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഇതെല്ലാം ജീവിതചര്യയായി മാറി.

ബത്തേരിയുമായി ബന്ധപ്പെട്ടു ജീവിക്കുന്നവര്‍ ഒരുമിച്ച് പിരിവിട്ട് കോടതിയില്‍ കേസുനടത്തിയിട്ടും ഫലം കണ്ടില്ല. ചുരം കയറി വയനാട്ടിലെത്തിയ രാഷ്ട്രീയകാര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോഴും ഇവിടത്തെ ജനത ആദ്യം ആവശ്യപ്പെട്ടത് തങ്ങളെ ഇങ്ങനെ പൂട്ടിയിടരുതേ എന്നായിരുന്നു.

കോടി കണക്കിനു രൂപയുടെ കച്ചവടം നഷ്ടത്തിലാക്കിയ രാത്രി നിരോധനം മാറികിട്ടാനായി കാത്തിരിക്കുന്നതിനിടെയാണ് പകല്‍ കൂടി ദേശീയപാത അടച്ചിട്ടു കൂടേ എന്നു സുപ്രീം കോടതി ചോദിക്കുന്നത്. കര്‍ണാടകയില്‍ നിന്നും കൊണ്ടു വരുന്ന കച്ചവട സാധനങ്ങള്‍ ദേശിയ പാത വഴി ബത്തേരിയില്‍ എത്താത്ത സാഹചര്യമുണ്ടായാല്‍ ബത്തേരിയിലെ വ്യാപാരികള്‍ക്കും അതു തിരിച്ചടിയാകും. ഇതിന്റെ തുടര്‍ച്ചയായി ആദിവാസികളും പാവപെട്ടവരായ കൃഷിക്കാരും കൂടി പ്രതിസന്ധിയിലാകും.

കര്‍ണാടകയിലേക്കുള്ള ടൂറിസ്റ്റുകള്‍ക്ക് ബത്തേരി വഴിയുള്ള മാര്‍ഗം അടഞ്ഞാല്‍ ഇവിടെയുള്ള ഹോട്ടലുകളും പ്രതിസന്ധിയിലാകും. സുല്‍ത്താന്‍ ബത്തേരി വഴിയുള്ള കെഎസ്ആര്‍ടിസി ബസുകളും ബത്തേരി ഡിപ്പോയില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന ബസുകളും നിര്‍ത്തലാക്കേണ്ടി വരും. ഇത് ഇവിടെയുള്ള കെഎസ്ആര്‍ടിസി ഡിപ്പോയെയും പ്രതിസന്ധിയിലാക്കും. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ ഇവിടത്തെ കെഎസ്ആര്‍ടിസി ജീവനക്കാരും സമരം നടത്തുന്ന യുവാക്കള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു.

 

ദേശീയപാത 766ന്റെ ചരിത്ര പ്രാധാന്യം

പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ കര്‍ണാടകയെയും മലബാറിനെയും ബന്ധപ്പെടുത്തുന്ന പ്രധാന ഗതാഗത മാര്‍ഗമായിരുന്നു ബന്ദിപ്പൂര്‍ കാട്ടിലൂടെയുള്ളത്. കര്‍ണാടക ആസ്ഥാനമായി നാടു ഭരിച്ചിരുന്ന പല രാജവംശങ്ങളും മലബാറിലേക്കു വന്നിരുന്നതും ഈ വഴിയിലൂടെയായിരുന്നു എന്നു ചരിത്രം പറയുന്നു. ഹൈദരാലിയുടെയും ടിപ്പു സുല്‍ത്താന്റെയും കാലത്ത് മലബാറിലേക്കുള്ള യുദ്ധവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും വാണിജ്യ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്ന പാതയാണ് മുത്തങ്ങയിലൂടെയും സുല്‍ത്താന്‍ ബത്തേരിയിലൂടെയും കടന്നു പോകുന്ന ദേശീയപാത 766.

ഇപ്പോള്‍ നിലവിലുള്ള പാതയ്ക്ക് ഇരുനൂറു വര്‍ഷത്തിലധികമെങ്കിലും പഴക്കമുണ്ടാകുമെന്ന് എഴുത്തുകാരനായ ഒ കെ ജോണി പറയുന്നു. പഴയ വയനാടിന്റെ ആസ്ഥാനം സ്ഥിതി ചെയ്തിരുന്നത് ഇന്നത്തെ കര്‍ണാടകയില്‍ ഉള്‍പ്പെടുന്ന എച്ച്.ഡി കോട്ടയിലാണ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളുമായും വാണിജ്യ കാര്യങ്ങള്‍ ഉള്‍പ്പെടെ ബന്ധപ്പെടുത്തിയിരുന്ന ഗതാഗത മാര്‍ഗമായിരുന്നു ഇത്. ഇപ്പോള്‍ കാടിനെ മുറിച്ചാണ് ബന്ദിപ്പൂരിലൂടെ ദേശീയപാത കടന്നു പോകുന്നത് എന്നു പറയുമ്പോള്‍ ഇന്നു കാണുന്ന എല്ലാ നഗരങ്ങളും ഒരു കാലത്ത് കാടുകള്‍ തന്നെയായിരുന്നു എന്നതും കണക്കിലെടുക്കണം. വലിയ ജനവാസ കേന്ദ്രങ്ങളായിരുന്ന സ്ഥലങ്ങള്‍ പിന്നീട് കാടുകളായി മാറിയിട്ടുള്ളതും കണക്കിലെടുക്കണമെന്നും ഒ കെ ജോണി ചൂണ്ടിക്കാണിക്കുന്നു.

ബത്തേരിയിലെ ജനത മുഴുവന്‍ കേരളത്തിനായി ഉറങ്ങാതെ പ്രതിഷേധം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *