തിരുവനന്തപുരം:
ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. വി ജെ ജയിംസിന്റെ നിരീശ്വരന്‍ എന്ന നോവലാണ് അവാര്‍ഡിനര്‍ഹമായത്. ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ ഇലത്തുമ്പിലെ വജ്രദാഹം, വി ജെ ജയിംസിന്റെ നിരീശ്വരന്‍ എന്നീ കൃതികളായിരുന്നു ജൂറിയുടെ പരിഗണനയ്ക്കായി അവസാന റൗണ്ടില്‍ എത്തിയത്. അവാര്‍ഡ് നല്‍കുന്ന വര്‍ഷത്തിനു തൊട്ടുമുമ്പുള്ള അഞ്ചുവര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പുറത്തിറക്കിയ മൗലിക കൃതികളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായ വി ജെ ജയിംസ് തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററില്‍ എഞ്ചിനീയറാണ്. പുറപ്പാടിന്റെ പുസ്തകം, ചോരശാസ്ത്രം, ദത്താപഹാരം, ലെയ്ക്ക എന്നിവയാണ് വി ജെ ജെയിംസ് എഴുതിയിട്ടുള്ള നോവലുകള്‍. ശവങ്ങളില്‍ പതിനാറാമന്‍, ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങള്‍, വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട് തുടങ്ങിയവ കഥാസമാഹാരങ്ങളാണ്. ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശിയായ വി ജെ ജെയിംസ് ഏറെ വര്‍ഷങ്ങളായി തിരുവനന്തപുരത്താണ്. ഗ്രാമവാസികളുടെയും നാട്ടു മിത്തുകളുടെയും കഥകളാണ് ജെയിംസിന്റെ രചനകളുടെ പ്രത്യേകത.
വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റ് 1977 മുതല്‍ വയലാര്‍ അവാര്‍ഡ് നല്‍കിവരുന്നുണ്ട്. ആദ്യം വയലാര്‍ അവാര്‍ഡ് ലഭിച്ചത് ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷിക്കായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തകഴി ശിവശങ്കരപിള്ളയും മലയാറ്റൂര്‍ രാമകൃഷ്ണനും, സുഗതകുമാരിയും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ വയലാര്‍ അവാര്‍ഡ് നേടിയിരുന്നു.2018ല്‍ കെ വി മോഹന്‍കുമാറും 2017 ടി ഡി രാമകൃഷ്മനും അവാര്‍ഡിനര്‍ഹരായിരുന്നു.
2002ല്‍ കവി അയ്യപ്പപ്പണിക്കര്‍ മാത്രമാണ് അവാര്‍ഡ് സ്വീകരിക്കാതിരുന്നിട്ടുള്ളത്. എഴുത്തുകാരെ സംബന്ധിച്ച് വലിയ ബഹുമതിയായാണ് വയലാര്‍ അവാര്‍ഡിനെ കാണുന്നത്. തുടക്കത്തില്‍ 25,000 രൂപയായിരുന്ന അവാര്‍ഡ് തുക ഇപ്പോള്‍ ഒരു ലക്ഷം രൂപയാണ്. എല്ലാ വര്‍ഷവും വയലാറിന്റെ ചരമ ദിനമായ ഒക്ടോബര്‍ 27നാണ് അവാര്‍ഡ് സമ്മാനിക്കുക.
വയലാര്‍ അവാര്‍ഡുമായി ബന്ധപ്പെട്ട് ഇത്തവണ സമിതിയില്‍ നിരവധി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. അവസാന റൗണ്ടിലെത്തിയ കൃതികളെ ഒഴിവാക്കി പുറത്തുള്ള കൃതിക്ക് അവാര്‍ഡു നല്‍കാന്‍ പല കേന്ദ്രങ്ങളില്‍ നിന്നു സമ്മര്‍ദം വന്നതായും ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രൊഫ. എം കെ സാനു അവാര്‍ഡു നിര്‍ണയ സമിതിയില്‍ നിന്നും രാജിവെയ്ക്കുകയും ചെയ്തിരുന്നു.