മംഗലാപുരം:
ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന മദ്യകുപ്പികൾ ഗുരുതര പരിസര മലിനീകരണം സൃഷ്ടിക്കുന്നുവെന്ന പരാതിയെ തുടർന്ന്, മദ്യം വാങ്ങുന്നവരുടെ ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചനയുമായി കര്‍ണാടകയിലെ എക്സൈസ് വകുപ്പ്. ഒരു സന്നദ്ധ സംഘടന നല്‍കിയ നിര്‍ദേശത്തെ തുടർന്നാണ് നടപടിയെന്ന്, ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്തു. ഉപഭോക്താക്കളായ മദ്യപാനികളുടെ ആധാര്‍ നമ്പറും കുപ്പിക്ക് പുറത്തെ ബാര്‍കോഡും തമ്മിൽ യോജിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണ് മംഗലാപുരം ആസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിസ്ഥിതി സംരക്ഷണ കൂട്ടായ്മ എക്സൈസ് വകുപ്പിന് നല്‍കിയത്.
ഈ വിഷയം ഗൗരവമായി ആലോചിക്കുന്നു എന്നാണ് കൂട്ടായ്മയ്ക്ക് എക്സൈസ് വകുപ്പ് നല്‍കിയ മറുപടി. ഇതുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്നും കര്‍ണ്ണാടക എക്സൈസ് വകുപ്പ് അറിയിച്ചു. കര്‍ണാടകയിലെ എക്സൈസ് വകുപ്പ് സെക്രട്ടറി എക്സൈസ് കമ്മീഷ്ണറില്‍ നിന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്. വാങ്ങാന്‍ വരുന്നയാളുടെ ആധാര്‍ നമ്പറും മദ്യകുപ്പിയിലെ ബാര്‍കോഡും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സംവിധാനം മദ്യശാലകളില്‍ സ്ഥാപിക്കാനാണ് പദ്ധതി. ഇങ്ങനെ, പൊതുസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട മദ്യകുപ്പികളിൽ ബന്ധിപ്പിക്കപ്പെട്ടവരുടെ വിവരങ്ങള്‍ കുപ്പിയിലെ ബാര്‍കോഡ് സ്കാന്‍ ചെയ്ത് മനസിലാക്കാൻ സാധിച്ചേക്കും.
അതേസമയം, ഇത് പൂര്‍ണ്ണമായും ചര്‍ച്ച ഘട്ടത്തില്‍ മാത്രം ഉള്ള വിഷയമാണ് എന്നാണ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നത്. ഇത് വില്‍പ്പനയെ ബാധിക്കുമോ എന്ന ആശങ്ക മദ്യവ്യാപാരികള്‍ക്കും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച പരിശോധനകൾ നടത്തിയിട്ടെ നടപടിയുണ്ടാകൂ എന്നാണ് സൂചന. പുതിയ മദ്യം വാങ്ങുമ്പോള്‍ പഴയ കുപ്പികള്‍ തിരിച്ചേല്‍പ്പിക്കാനുള്ള റീസൈക്ലിംഗ് രീതിയും ആലോചിച്ചു വരുന്നതായി എക്സൈസ് വകുപ്പ് അറിയിച്ചു.