Fri. Apr 26th, 2024
ന്യൂഡല്‍ഹി:

എടിഎമ്മിലൂടെ പണമിടപാട് നടത്തുന്നവർക്കനുകൂലമായി പുതിയ റിസര്‍വ് ബാങ്ക് സർക്കുലർ. എടിഎം വഴിയുള്ള പണമിടപാടിൽ പിശകുണ്ടാക്കിയാൽ, പൈസ തിരികെ ഉടമയിലെത്തും വരെ ബാങ്ക് ദിവസവും 100 രൂപ പിഴ നൽകണമെന്ന് ആര്‍ബിഐ അറിയിച്ചു. അതേസമയം, ഒരു നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ ബാങ്ക് പ്രശ്നം പരിഹരിക്കുകയാണെങ്കിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കേണ്ടി വരില്ലയെന്നും ആര്‍ബിഐ സര്‍ക്കുലറിൽ പറയുന്നു.

എടിഎം ഉപയോക്താവിന്റേതല്ലാത്ത വീഴ്ചകൊണ്ട് ഇടപാട് പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ നഷ്ടപരിഹാരം ലഭിക്കുക. ആശയവിനിമയത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍, എടിഎമ്മില്‍ പണമില്ലാത്ത കാരണത്തിനാൽ ഇടപാട് പകുതിയിൽ വച്ച് നിന്ന് പോവുക, യന്ത്രത്തിൽ പണം കുരുങ്ങുക മുതലായ പ്രശ്നങ്ങള്‍ക്കാണ് നഷ്ടപരിഹാരം കിട്ടുക. ഇത്തരം കാരണങ്ങൾ കൊണ്ട് പരാതിപ്പെടാതെ തന്നെ നഷ്ടപരിഹാരം നല്‍കണമെന്നാണ് ബാങ്കുകള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. എന്നാൽ, യന്ത്രത്തിൽ പണം കുടുങ്ങുന്ന ഘട്ടത്തിൽ ബാങ്കിനെ വിവരമറിയിക്കേണ്ടി വരും.

സാധാരണയായി, ഇടപാട് പരാജയപ്പെടുമ്പോൾ അക്കൗണ്ടിലേക്ക് പണം തിരികെ എത്താറുണ്ടെങ്കിലും ഇതിനു കാലതാമസമുണ്ടാവുകയോ, പണം തിരിച്ചെത്താത്തതോ ആയ അവസരങ്ങളും ഉണ്ടാകുന്നുണ്ട്. ഇത്തരം പരാതികള്‍ തുടർകഥയാവുന്നതിനാലാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദേശം.

അഞ്ചു ദിവസത്തിനുള്ളിലെങ്കിലും എടിഎമ്മില്‍ നിന്ന് പണം തിരികെ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. അതിനു ശേഷവും പണം കൈവന്നിട്ടില്ലായെങ്കിൽ വൈകുന്ന ഓരോ ദിവസത്തിനും നൂറു രൂപ വീതം ഉടമയ്ക്ക് പിഴ നൽകണം.

ഐഎംപിഎസ്, യുപിഐ ഇടപാടുകളുടെ കാര്യത്തിൽ ഒരുദിവസം കഴിഞ്ഞാല്‍ തന്നെ ഓരോ ദിവസവും 100 രൂപവീതം പിഴ നല്‍കണമെന്നും ആര്‍ബിഐ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *