കൊച്ചി:
ഭിന്നശേഷിക്കാരായ 47 പേര്‍ തങ്ങളുടെ ശാരീരികമായ പരിമിതികളെ മറികടന്ന് ബുധനാഴ്ച കൊച്ചിയില്‍ നിന്നും ഉംറയ്ക്കായി സൗദി അറേബ്യയിലേക്ക് പുറപ്പെട്ടു. 22 പുരുഷന്മാരും 25 സ്ത്രീകളും ഉള്‍പ്പെട്ട ഭിന്നശേഷിക്കാരുടെ സംഘമാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഉംറയ്ക്കായി പുറപ്പെട്ടത്.
പൂര്‍ണ ആരോഗ്യമുള്ള ഇസ്ലാം വിശ്വാസികള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഉംറ നിര്‍വഹിക്കണമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ പൊതുവെ ഹജ്ജ് ഉംറ സന്ദര്‍ശനങ്ങള്‍ക്കായി മക്കയിലേക്കും മദീനയിലേക്കും യാത്രചെയ്യുന്ന പതിവു തീരെ കുറവാണ്. അതേസമയം ഒരിക്കലും കഴിയില്ലെന്നു കരുതിയ ജീവിതാഭിലാഷം നിറവേറ്റാനാണ് 47 പേര്‍ എല്ലാം മറന്ന് സൗദിയിലെ പുണ്യഭൂമിയിലേക്ക് യാത്ര തിരിച്ചത്.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ജില്ലകളില്‍ നിന്നുള്ളവരാണ് ഇന്നലെ രാത്രി നെടുമ്പാശേരിയില്‍ നിന്നും ഉംറക്കായി പുറപ്പെട്ട സംഘത്തിലുണ്ടായിരുന്നത്. പതിറ്റാണ്ടുകളായി ഉള്ളില്‍ ഒതുക്കിയിരുന്ന മോഹത്തിലേക്കാണ് അവര്‍ ചിറകു വിടര്‍ത്തി പറന്നത്. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ചേര്‍ത്തു നിര്‍ത്താം’ വോളണ്ടിയേഴ്‌സ് വിങ് വാട്‌സാപ് കൂട്ടായ്മയാണ് ഇവരുടെ യാത്രാ സ്വപ്‌നങ്ങള്‍ക്കു ചിറകു നല്‍കിയത്. ഒപ്പം തണല്‍ പാലിയേറ്റീവ് കെയറും കേരള വീല്‍ ചെയര്‍ റൈറ്റ് ഫെഡറേഷനും ഇവര്‍ക്ക് പിന്തുണയുമായെത്തി.
ജന്മനാ കാലുകള്‍ തളര്‍ന്ന് വീല്‍ ചെയറിനെ ആശ്രയിച്ച ജീവിക്കേണ്ടി വന്നവരും പലതരം രോഗങ്ങള്‍ മൂലം ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ കാലുകള്‍ തളര്‍ന്ന് ജീവിതം വീല്‍ചെയറില്‍ ഒതുക്കേണ്ടി വന്നവരും കൂട്ടത്തിലുണ്ടായിരുന്നു.
പലരും ശാരീരിക അവശതകള്‍ക്കിടയിലും സ്വന്തമായി സമ്പാദിച്ച ചെറിയ തുകകളും സന്മനസുള്ളവര്‍ നല്‍കിയ സഹായവും ചേര്‍ത്താണ് യാത്രയുടെ ചെലവിനുള്ള പണം കണ്ടെത്തിയത്. ഇവരോടൊപ്പമുള്ള പത്തു പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ടിരുന്നു. ശാരീരികമായ അവശതകള്‍ മൂലം ബസില്‍ കൊച്ചിയിലേക്ക് യാത്രചെയ്യാന്‍ പ്രയാസമുണ്ടായിരുന്നവരാണ് കരിപ്പൂരില്‍ നിന്നും പുറപ്പെട്ടത്.
ഈ 47 പേര്‍ക്കൊപ്പം ഇവരെ സഹായിക്കാനായി 49 പേര്‍ കൂടി സംഘത്തിലുണ്ട്. ഉംറക്കായി സൗദി അറേബ്യയിലെത്തുന്ന ഇവര്‍ക്ക് ജിദ്ദയിലെ പാലിയേറ്റീവ് കോര്‍ഡിനേഷന്‍ കമ്മറ്റിയാണ് ആവശ്യമായ സഹായങ്ങള്‍ ഒരുക്കുന്നത്. രണ്ടു ഹറമുകളിലും ഇവര്‍ക്കാവശ്യമായ വൈദ്യ സഹായം ഉള്‍പ്പെടെ നല്‍കുന്നതിനാവശ്യമായ ക്രമീകരണങ്ങളും ജിദ്ദയിലെ പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജിദ്ദയിലെ വിമാനത്താവളത്തില്‍ ഉള്‍പ്പെടെ ആവശ്യത്തിന് സന്നദ്ധ പ്രവര്‍ത്തകരും നഴ്‌സുമാരും ഇവര്‍ക്ക് സഹായവുമായി കൂടെയുണ്ടാകും.
ഇന്നലെ രാത്രി എട്ടുമണിക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ പുറപ്പെട്ട സംഘം ഉംറ നിര്‍വഹിച്ച ശേഷം ഒക്ടോബര്‍ 10ന് മടങ്ങിയെത്തും. തണല്‍ പാലിയേറ്റീവ് കെയറിന്റെയും കേരള വീല്‍ ചെയര്‍ റൈറ്റ് ഫെഡറേഷന്റെും നേതൃത്വത്തില്‍ വലിയ യാത്രയയപ്പാണ് ഇവര്‍ക്കായി നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. നൗഷാദ് അരിപ്ര, ഷാജി മലപ്പുറം, രാജീവ് പള്ളുരുത്തി, നിയാസ് പൊന്‍മള, അബുബക്കര്‍ ഫാറുഖി, ദീപാമണി, മണിശര്‍മ്മ, ടി കെ ഐ അബ്ദുള്‍ കരീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.