Reading Time: 2 minutes
കൊച്ചി :

കഴിഞ്ഞ തിങ്കളാഴ്ച എറണാകുളം ചെറിയ കടമക്കുടിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത് ഒരു പാലം മാത്രമായിരുന്നില്ല. ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപുവാസികൾക്ക് അത്യാഹിത ഘട്ടങ്ങളിൽ ആശുപത്രിയിലേക്ക് സമയത്തിന് ചെന്നെത്താനുള്ള ഏക ആശ്രയം കൂടിയായിരുന്നു.

60 കുടുംബങ്ങൾ ഒത്തു കഴിഞ്ഞു വരുന്ന എറണാകുളം ജില്ലയിലെ ഒരു കുഞ്ഞുദ്വീപാണ് ചെറിയ കടമക്കുടി. ദ്വീപ് നിവാസികളെ അത്യാവശ്യ ഘട്ടങ്ങളിൽ ആരോഗ്യസംബന്ധിയായ പ്രശ്നങ്ങൾക്കും മറ്റുമായി സഹായിച്ചിരുന്നത്, നാട്ടിലെ ഏക സിമന്റ് പാലമായിരുന്നു. കഴിഞ്ഞ വർഷം പ്രളയം വന്നതിനെ തുടർന്ന് പാലം പരിതാപകരമായ അവസ്ഥയിലാണുള്ളത്.

“ആറുമാസം മുൻപ്, അർദ്ധരാത്രിയിൽ ആരോഗ്യനില ഗുരുതരമായപ്പോൾ എന്റെ ഒരു കൂട്ടുകാരന്റെ അമ്മയെ പാലമില്ലാത്തത് കൊണ്ട് ചുറ്റുവഴിയിലൂടെയാണ് ആസ്റ്റർ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയത്. പക്ഷെ, അവർ മരിച്ചു. അന്ന് അമ്മയെ പരിശോധിച്ച ഡോക്ടർ പറഞ്ഞത് അരമണിക്കൂർ മുൻപെങ്കിലും കൊണ്ട് വന്നിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നു എന്നാണ്,” വോക്ക് ജേർണലുമായുള്ള സംഭാഷണത്തിനിടെ വാർഡ് മെമ്പർ സെറിൻ സേവ്യർ പറഞ്ഞു.

കടമക്കുടി പഴയ പാലത്തിന്റെ ഇന്നത്തെ സ്ഥിതി
പ്രളയത്തിനു പിന്നാലെ, പി ഡബ്ള്യു ഡി യാത്ര നിരോധിച്ച പഴയ പാലത്തിലൂടെയാണ് നാട്ടുകാർ നിവൃത്തികേടുകൊണ്ട് സഞ്ചരിച്ചുകൊണ്ടിരുന്നത്. വണ്ടികൾക്ക് അതുവഴി കടക്കാൻ കഴിഞ്ഞിരുന്നില്ല. വൈകുന്നേരങ്ങളിൽ സ്കൂളിൽ നിന്ന് വരുന്ന കുട്ടികളെ കാത്ത്, എല്ലാ ദിവസവും മാതാപിതാക്കളും പാലത്തിന്റെ അറ്റത്ത് വന്ന് നിൽക്കാറുണ്ടായിരുന്നുവെന്നും സേവ്യർ കൂട്ടിച്ചേർത്തു.

പുതിയ പാലത്തിനായി ആരംഭഘട്ടത്തിൽ രണ്ടുവട്ടം പി ഡബ്ള്യു ഡിയെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. തടികൊണ്ടുള്ള പാലം പണിതുകൊള്ളൂ എന്ന നിർദേശമുണ്ടായെങ്കിലും അതിനുള്ള ഫണ്ട് ബന്ധപ്പെട്ട വകുപ്പിൽ നിന്നും പഞ്ചായത്തിലൊട്ട് എത്തിയുമില്ല. ഇതോടുകൂടിയാണ് ഇന്ത്യൻ നേവിയെ ബന്ധപ്പെട്ടത്.

“മാറി മാറി വന്നേക്കണ ഗവൺമെൻറ് ഞങ്ങൾക്കൊന്നും തന്നിട്ടില്ല, ഇന്ത്യൻ നേവി വന്നാണ് പാലം ഉൾപ്പെടെ ഞങ്ങൾക്കാവശ്യമുള്ള സൗകര്യങ്ങളൊക്കെ ചെയ്ത് തന്നേക്കണത്. സർക്കാർ പത്ത് കോടിരൂപ വാഗ്‌ദാനം ചെയ്തിട്ടുണ്ട്. പക്ഷെ ഇന്നേവരെ, പത്തു കോടിയും വന്നില്ല, ഒരു നേതാക്കന്മാരും വന്നില്ല,” വോക്കിനോട് പ്രതികരിക്കവേ, നാട്ടുകാരായ ലാലി പീറ്ററും, സംഗമപുരുഷോത്തമനും വെളിപ്പെടുത്തുന്നു.

പ്രളയ ശേഷം, സർക്കാരിൽ നിന്ന് കുടുംബങ്ങൾക്ക് 10000 രൂപ ലഭിച്ചത് മാത്രമാണ് ആകെയുള്ള വരവെന്നും പ്രദേശവാസികൾ അറിയിക്കുന്നു.

കഴിഞ്ഞ തിങ്കളാഴ്ച (സെപ്റ്റംബർ 23) ഇന്ത്യൻ നേവിയുടെ ദക്ഷിണ നേവൽ കമാൻഡ് വൈസ് അഡ്മിറൽ എ.കെ. ചൗള കടമക്കുടിയിൽ പുതിയ സ്റ്റീൽ പാലം തുറന്നുവച്ചു. ആറുമാസം കൊണ്ട് 40.45 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച പാലത്തിനു മൂന്ന് മീറ്റർ വീതിയും 49 മീറ്റർ നീളവുമാണുള്ളത്. മൂന്നു ടൺ വരെ ഭാരവും 2.35 മീറ്റർ വരെ ഉയരവുമുള്ള വാഹനങ്ങൾക്ക് പാലത്തിലൂടെ കടക്കാം.

ഉദ്ഘാടന ദിവസം കടമക്കുടി നിവാസികൾ ഇന്ത്യൻ നേവിക്കൊപ്പം
പാലത്തിനു പുറമെ, എല്ലാ വീടുകളിലും സോളാർ, ഒരു ചിൽഡ്രൻസ് പാർക്ക് തുടങ്ങി മറ്റു സൗകര്യങ്ങളും കടമക്കുടി മേഖലയിലെ അന്തേവാസികൾക്കായി നേവി ചെയ്തു നൽകിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

ഒപ്പം കടമക്കുടിക്കാർ ഒറ്റ സ്വരത്തിൽ അറിയിക്കുന്നു, ‘എല്ലാറ്റിനും നേവിയോട് കടപ്പെട്ടിരിക്കുന്നു, ഇപ്പോൾ തങ്ങൾ ഹാപ്പിയാണ്.’

അഞ്ചു വർഷകാലാവധിയാണ് സ്റ്റീൽ പാലത്തിനുള്ളത്. വർഷാവർഷം പെയിന്റ്, അറ്റകുറ്റപണികൾ എന്നിവ ചെയ്‌തു പരിപാലിച്ചാൽ പാലം 20 വർഷം ഉപയോഗയോഗ്യമായിരിക്കും.

Advertisement

Leave a Reply

avatar
  Subscribe  
Notify of