Fri. Nov 22nd, 2024
ന്യൂയോർക്ക് :

നിങ്ങൾക്കെങ്ങനെ ധൈര്യം വരുന്നു… യു എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രസംഗം നടത്തവെ 16 വയസ്സുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗ് ലോക നേതാക്കളോടായി ചോദിച്ചു. ആഗോളതാപനത്തിനിടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട നിങ്ങള്‍ തന്റെ തലമുറയെ വഞ്ചിക്കുകയായിരുന്നു. ഉച്ചകോടിയില്‍ പങ്കെടുത്ത ലോക നേതാക്കളെ വിമർശിച്ചുകൊണ്ട് തുൻബെർഗ് പറഞ്ഞു. കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരെ സമരം നയിച്ചു വരുന്ന സ്കൂൾ വിദ്യാർത്ഥിനിയാണ് തുൻബെർഗ്.

‘ഇത് തെറ്റാണ്. ഞാൻ ഇവിടെ വരേണ്ടതല്ല. ഞാനിപ്പോള്‍ ക്ലാസ് മുറിയിലിരുന്ന് പഠിക്കേണ്ടതായിരുന്നു. എങ്ങനെ ധൈര്യംവരുന്നു നിങ്ങള്‍ക്കിതിന്? നിങ്ങളുടെ പൊളളയായ വാക്കുകള്‍ക്കൊണ്ട് നിങ്ങള്‍ കവര്‍ന്നെടുത്തത് എന്റെ സ്വപ്‌നങ്ങളും ബാല്യവുമായിരുന്നു. മനുഷ്യകുലം ദുരിതത്തിലാണ്, അവർ മരിക്കുകയാണ്, മുഴുവന്‍ ആവാസവ്യവസ്ഥയും തകരുകയാണ്. വലിയ വിനാശത്തിന്റെ വക്കിൽ എത്തിനിൽക്കുകയാണ് നാം. എന്നിട്ടും പണത്തെക്കുറിച്ചും സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുമെല്ലാമുള്ള കെട്ടുകഥകള്‍ പറയാന്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് ധൈര്യംവരുന്നത് ?’, ഗ്രേറ്റ തുന്‍ബര്‍ഗ് വികാരഭരിതയായി.

കാലാവസ്ഥാ പ്രതിസന്ധികൾക്കെതിരായി നടപടികള്‍ ഉണ്ടാവണമെന്നാവശ്യപ്പെട്ട് ലോകമെമ്പാടും നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭങ്ങളുടെ ആഗോള പ്രതിനിധിയായി മാറിയിരിക്കുകയാണ് ഗ്രേറ്റ തുന്‍ബര്‍ഗ് എന്ന സ്വീഡിഷ് പെണ്‍കുട്ടി. കഴിഞ്ഞ ദിവസം, 139 രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് ഗ്രേറ്റയുടെ നേതൃത്വത്തില്‍ നടന്ന കാലാവസ്ഥാ സമരത്തില്‍ പങ്കെടുത്തത്.

കാലാവസ്ഥ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി അന്തർദേശിയ തലത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നതാണ് ഗ്രേറ്റയുടെ ആവശ്യം. സമരത്തിന്റെ ഭാഗമായി നാലായിരത്തിലധികം പരിപാടികള്‍ വിവിധ രാജ്യങ്ങളിലായി നടന്നു കഴിഞ്ഞു. കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തവെ ഗ്രേറ്റ അവിടെ നടന്ന പ്രതിഷേധത്തിനും നേതൃത്വം നല്‍കി. വിഷയത്തില്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു പ്രതിഷേധത്തിന്റെ ലക്ഷ്യം.

തുടർച്ചയായി വെള്ളിയാഴ്ചകളിൽ സ്‌കൂൾ അവധി എടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നതോടുകൂടിയാണ് ഗ്രേറ്റ തുൻബെർഗ് ലോക ശ്രദ്ധനേടുന്നത്. നിലവിൽ, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് അവബോധം നിർമ്മിക്കാൻ ഒരു വര്‍ഷം മുഴുവൻ സ്‌കൂളില്‍ നിന്നും വിട്ടു നിൽക്കുകയാണ് ഗ്രേറ്റ.

Leave a Reply

Your email address will not be published. Required fields are marked *