കാക്കനാട്:
പേട്ട – തൃപ്പൂണിത്തുറ മെട്രോ സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ മെട്രോ – ജല മെട്രോ പദ്ധതികളുടെ അവലോകന യോഗത്തിൽ ജില്ലാ കളക്ടർ എസ് സുഹാസ് നിർദ്ദേശം നൽകി. വടക്കേക്കോട്ട സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനം നടത്താൻ ഏജൻസിയെ ചുമതലപ്പെടുത്തി.
ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വരെ സ്ഥലമെടുക്കുന്നതിന് വാഴക്കാല കാക്കനാട് വില്ലേജുകളിലെ സർവ്വേ പൂർത്തിയാക്കി.
ജല മെട്രോയുടെ കൊറങ്കോട്ട ബോട്ട് ജെട്ടിയിൽ സെപ്റ്റംബർ 26 ന് ഉച്ചയ്ക്ക് 1.30 ന് കളക്ടർ സന്ദർശനം നടത്തും. ജല മെട്രോയ്ക്കുളള അംഗീകാരം കിട്ടിയ 22 ബോട്ട് ജെട്ടികളിലെ 7 ബോട്ട് ജെട്ടികളിൽ പ്രത്യേക പാക്കേജ് നൽകി കയ്യേറ്റം ഒഴിപ്പിക്കാൻ എൽ ആർ ഡെപ്യൂട്ടി കളക്ടർക്ക് ജില്ലാ കളക്ടർ എസ് സുഹാസ് നിർദ്ദേശം നൽകി.
കളക്ടറുടെ ചേംബറിൽ നടന്ന അവലോകന യോഗത്തിൽ കെ എം ആർ എൽ സിവിൽ ജോയിന്റ് ജനറൽ മാനേജർ സുബ്രഹ്മണ്യ അയ്യർ, ജല മെട്രോ ജോയിന്റ് ജനറൽ മാനേജർ ജോ പോൾ, കൊച്ചി മെട്രോ ഡെപ്യൂട്ടി കളക്ടർ എബ്രഹാം ഫിറ്റ്സ് ജെറാൾഡ്, എൽ ആർ ഡെപ്യൂട്ടി കളക്ടർ പി ബി സുനിൽലാൽ, തഹസീൽദാർമാരായ വി ഇ അബ്ബാസ്, പി സിന്ധു തുടങ്ങിയവർ പങ്കെടുത്തു.