കൊച്ചി:
എറണാകുളം പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മ്മാണത്തില്‍ നടന്ന അഴിമതിയെക്കുറിച്ച് കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐ അന്വേഷണം നടത്തണമെന്ന് ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് ആവശ്യപ്പെട്ടു. കുറ്റാരോപിതനായിരിക്കുന്ന മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ഭരണകാലത്ത് നടന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സിബിഐയുടെ നേതൃത്തില്‍ തന്നെ അന്വേഷിക്കാനന്‍ നടപടിയെടുക്കണമെന്നും എസിപിഎം കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മറ്റിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ദേശീയപാതയിലുള്ള മേല്‍പാലങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതില്‍ ദേശീയപാത അതോറിട്ടി വീഴ്ച വരുത്തിയതും അന്വേഷണ വിധേയമാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
എറണാകുളം സമത ലോ സൊസൈറ്റി ഹാളില്‍ നടന്ന നിര്‍വാഹക സമിതി യോഗത്തില്‍ എസിപിഎം ദേശീയ പ്രസിഡന്റ് അഡ്വക്കേറ്റ് എം ആര്‍ രാജേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി ലൂക്കോസ്, ജോയിന്റ് ജനറല്‍ സെക്രട്ടറി അഡ്വ .കെ രാജന്‍, ട്രഷറര്‍ പി വേണുഗോപാലപിളള തുടങ്ങിയവര്‍ സംസാരിച്ചു.