കണ്ണൂര്‍:
ചെറുപുഴയില്‍ കരാറുകാരനായ മുതുപാറകുന്നേല്‍ ജോയിയുടെ മരണത്തിന് കാരണക്കാരായ യുഡിഎഫ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി മുന്‍ എക്‌സിക്യൂട്ടീവംഗം, കെ. കുഞ്ഞികൃഷ്ണന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് കെ കെ സുരേഷ്‌കുമാര്‍, മുസ്ലിം ലീഗ് നേതാവ് ടി വി അബ്ദുള്‍ സലിം എന്നിവര്‍ക്കെതിരെ് ചെറുപുഴ പോലീസ് കേസെടുത്തത്. നിലവില്‍ വഞ്ചനാക്കുറ്റക്കേസില്‍ റിമാന്റിലാണ് നാലുപേരും.
ചെറുപുഴ സ്വദേശി ജോയിയെ സെപ്റ്റംബര്‍ അഞ്ചിനാണ് കെ കരുണാകരന്‍ സ്മാരക ആശുപത്രി കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജോയിയെ കാണാതായയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നു വരുന്നതിനിടെയാണ് ഇയാളെ കൈഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവം ഗൗരവമായി എടുത്തത്.
കെ കരുണാകരന്റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപയുടെ തിരിമറി നടത്തി എന്ന കേസിലാണ് ഇപ്പോള്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട പ്രതികള്‍ റിമാന്‍ഡിലുള്ളത്. എട്ട് ഡയറക്ടര്‍മാരാണ് ട്രസ്റ്റിലുണ്ടായിരുന്നത്. ഇവരുമായി പിണങ്ങിയ രണ്ട് ഡയറക്ടര്‍മാരാണ് നേതാക്കള്‍ക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസുകൊടുത്തത്. ഫണ്ടു തിരിമറിയുമായി ബന്ധപ്പെട്ട് തെളിവുകള്‍ ലഭിച്ചതിനഎ തുടര്‍ന്നാണ് പോലീസ് നേതാക്കളെ അറസ്റ്റു ചെയ്തത്. രണ്ടു സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കെ കരുണാകരന്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ആദ്യത്തെ ട്രസ്റ്റിലുള്ളവരെ രണ്ടാമത്തെ ട്രസ്റ്റ് രൂപീകരിക്കുന്നത് അറിയിച്ചിരുന്നില്ല.
നേതാക്കള്‍ നടത്തിയ പണം തിരിമറിയെ തുടര്‍ന്ന് കരാറുകാരനായ ജോയിക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇവരുടെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട കേസില്‍ ഏക സാക്ഷിയും ജോയി ആയിരുന്നു. ഇതിനെ തുടര്‍ന്നാണ് ജോയിയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചത്.
ട്രസ്റ്റില്‍ നിന്നും നിര്‍മാണ പ്രവൃത്തികള്‍ നടത്തിയ വകയില്‍ ഒരുകോടി നാല്‍പതു ലക്ഷം രൂപയാണ് ജോയിക്കു ലഭിക്കാനുണ്ടായിരുന്നത്.
ഇതിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയത് സ്വാഗതാര്‍ഹമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. ഈ നേതാക്കളുടെ പേരില്‍ കോണ്‍ഗ്രസ് നടപടി സ്വീകരിക്കുമോ എന്നും വഞ്ചനക്കാരെയും ആളുകളെ കൊലക്ക് കൊടുക്കന്നവരെയും നയിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും എംവി ജയരാജന്‍ കുറ്റപ്പെടുത്തി. കുറ്റക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും ആവശ്യപ്പെട്ടു.