കൊച്ചി:
പാലാരിവട്ടം പാലം നിര്‍മ്മിച്ചത് ദേശീയപാത അതോറിറ്റിയുടെ അനുമതി ഇല്ലാതെയാണെന്ന് തെളിയുന്നു. പാലാരിവട്ടത്ത് മേല്‍പാലം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ദേശീയ പാത അതോറിറ്റി എന്‍.ഒ.സി നല്‍കിയിട്ടില്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
മേല്‍പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതിനു ശേഷം ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ പരിശോധനയും നടന്നിട്ടില്ല. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആന്റി കറപ്ഷന്‍ പീപ്പിള്‍ മൂവിമെന്റിനു ലഭിച്ച വിവരാവകാശ രേഖയിലാണ് ദേശീയപാത അതോറിറ്റി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ദേശീയപാത അതോറിറ്റിയുടെ കൈവശമുള്ള സ്ഥലത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തണമെങ്കില്‍ അതോറിറ്റിയുടെ അനുമതി വേണമെന്നാണ് നിയമം. എന്നാല്‍ ഇതിന്റെ ലംഘനമാണ് പാലാരിവട്ടത്ത് നടന്നിരിക്കുന്നത് എന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. പാലം നിര്‍മ്മാണത്തിന് അനുമതിയൊന്നും നല്‍കിയിട്ടില്ലെന്നാണ് അതോറിറ്റി വിവരാവാകശ അപേക്ഷക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നത്.
പാലം നിര്‍മാണത്തിന് അനുമതി ഉണ്ടായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വാദങ്ങളും ഇതോടെ പൊളിയുകയാണ്. പാലാരിവട്ടത്ത് പാലം നിര്‍മാണം ആരംഭിച്ച 2014ല്‍ കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരായിരുന്നു അധികാരത്തിലിരുന്നത്. ഈ സ്വാധിനത്തിന്റെ ബലത്തില്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.
വൈറ്റില ജംഗ്ഷനിലും കുണ്ടന്നൂര്‍ ജംഗ്ഷനിലും മേല്‍പാലങ്ങള്‍ നിര്‍മിക്കാന്‍ 2016ലാണ് പൊതുമരാമത്ത് ദേശിയപാതാ വിഭാഗം നാഷണല്‍ ഹൈവേ അതോറിറ്റിക്ക് കത്തു നല്‍കിയിരുന്നത്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടിടത്തെയും പാലം നിര്‍മാണത്തിന് അനുമതി നല്‍കിയത്.
വൈറ്റിലയിലും കുണ്ടന്നൂരിലും മേല്‍പാലങ്ങള്‍ നിര്‍മിക്കാന്‍ പൊതുമരാമത്തു വകുപ്പിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് ദേശീയപാത അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.
അതോടൊപ്പം മേല്‍പാലം നിര്‍മിക്കുമ്പോള്‍ ആ ഭാഗത്തുള്ള റോഡുകളുടെ അറ്റകുറ്റപ്പണി നടത്തേണ്ടത് പൊതുമരാമത്തു വകുപ്പു തന്നെ ആയിരിക്കണമെന്നും ദേശീയപാത അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം നടപടികളൊന്നും പാലാരിവട്ടത്തെ പഞ്ചവടിപ്പാലം നിര്‍മിക്കുമ്പോള്‍ ഉണ്ടായില്ലെന്നാണ് ആന്റി കറപ്ഷന്‍ മൂവ്‌മെന്റിനു ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
ദേശീയപാത അതോറിറ്റിയുടെ അനുമതി പോലും ഇല്ലാതെയാണ് പാലാരിവട്ടം പാലം നിര്‍മിച്ചതെന്നു വ്യക്തമായ സാഹചര്യത്തില്‍ സംഭവത്തിലെ മുഴുവന്‍ കുറ്റക്കാരേയും കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷണം നടത്തണമെന്ന് ആന്റി കറപ്ഷന്‍ മൂവ്‌മെന്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം അപര്യാപ്തമാണെന്നും എസിപിഎം ചൂണ്ടിക്കാട്ടി.