ബംഗളുരു:
ചന്ദ്രയാന്‍ 2 വിലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം എഎസ്ആര്‍ഒ (ഇസ്രൊ) ഉപേക്ഷിച്ചു. ലാന്‍ഡര്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് ഇസ്രോ കണക്കാക്കിയ 14 ദിവസത്തെ ആയുസ് അവസാനിച്ച സാഹചര്യത്തിലാണ് ശ്രമങ്ങള്‍ അവസാനിപ്പിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ ലാന്‍ഡിങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു ചന്ദ്രയാന്‍-2 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍. വിക്രം ലാന്‍ഡറിന്റെയും ഇതിനുള്ളിലെ പ്രഗ്യാന്‍ റോവറിന്റെയും ബാറ്ററിയുടെ ആയുസ്സ് 14 ദിവസം കൂടി പ്രവര്‍ത്തന ക്ഷമമായിരിക്കുമെന്ന പ്രതീക്ഷയില്‍ ഇതുവരെ വിക്രം ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ബംഗളുരുവിലെ ഇസ്ട്രാക്കില്‍ നിന്നും ശാസ്ത്രജ്ഞര്‍ തുടരുകയായിരുന്നു.
ഒരു ചാന്ദ്ര ദിനമാണ് വിക്രം ലാന്‍ഡറിനെ തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന് ഇസ്രൊ പ്രതീക്ഷിച്ചിരുന്നത്. അതായത് ഭൂമിയിലെ 14 ദിവസം. വിക്രം ലാന്‍ഡര്‍ ഇറങ്ങിയ പ്രദേശത്തെ ചാന്ദ്രദിനം അവസാനിച്ചതിനാല്‍ ഇതില്‍ ഘടിപ്പിച്ചിട്ടുള്ള സോളാര്‍ പാനലുകള്‍ക്ക് ഇനി സൗരോര്‍ജം ലഭിക്കാനുള്ള സാധ്യതയില്ല. അതുകൊണ്ടു തന്നെ ഇനി ശ്രമം തുടരുന്നത് നിഷ്ഫലമാണ്. അതിനാല്‍ ലാന്‍ഡറുമായി ആശയവിനിമയം പുനസ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒ നടത്തുന്ന ശ്രമങ്ങളും ഇന്നലെ അവസാനിപ്പിച്ചു. ലാന്‍ഡറിനും റോവറിനും ഭൂമിയിലെ 14 ദിനങ്ങളാണ് ഇസ്രൊ ആയുസ്സ് കണക്കാക്കിയിരുന്നത്.
ലാന്‍ഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ തന്നെ തീവ്രശ്രമമാണ് ഇസ്രോ നടത്തിയിരുന്നത്. ലാന്‍ഡറിലെ ആന്റിനയുടെയും ട്രാന്‍സ്‌പോണ്ടറുകളുടെയും ദിശതിരിച്ച് ആശയവിനിമയം സാധ്യമാക്കാനുള്ള ശ്രമങ്ങളാണ് ബംഗളുരു പീനിയയിലെ ഇസ്ട്രാക്കില്‍ നടന്നു വന്നിരുന്നത്. ഇതു കൂടാതെ ലാന്‍ഡറിനു സ്വീകരിക്കാന്‍ കഴിയുന്ന ഫ്രീക്വന്‍സിയിലുള്ള വിവിധ കമാന്‍ഡുകളും ബംഗളുരുവിലെ ബയലാലുവില്‍ 32മീറ്ററില്‍ സ്ഥാപിച്ചിട്ടുള്ള ആന്റിനയുടെ സഹായത്തോടെ അയച്ചിരുന്നു. 14 ദിവസം നടത്തിയ ശ്രമങ്ങള്‍ വിജയിക്കാതെ വന്നതോടെ വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഇസ്രൊ അവസാനിപ്പിച്ചു.
ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓര്‍ബിറ്റര്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചന്ദ്രോപരിതലത്തിന്റെ 500 മീറ്റര്‍ മാത്രം ഉയരത്തില്‍ വെച്ചാണ് വിക്രം ലാന്‍ഡര്‍ നിയന്ത്രണം വിട്ടതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ആദ്യം ഓര്‍ബിറ്ററിലെ ഒഎച്ച്ആര്‍സി ക്യാമറ പകര്‍ത്തിയ ലാന്‍ഡറിന്റെ തെര്‍മല്‍ ഇമേജ് ദൃശ്യങ്ങളും പിന്നീട് സാധാരണ സൂര്യപ്രകാശത്തിലുള്ള ദൃശ്യങ്ങളും ഐഎസ്ആര്‍ഒ-ക്ക് ലഭിച്ചിരുന്നു. നിശ്ചയിച്ച ലാന്‍ഡിങ് പോയിന്റില്‍ നിന്നും 750 മീറ്ററോളം അകലെ മാറിയാണു വിക്രം ലാന്‍ഡര്‍ പതിച്ചത് എന്നാണ് നിഗമനം.
ചന്ദ്രയാന്‍-2 ദൗത്യത്തിന് ഇന്ത്യയിലെ ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് ഇസ്‌റോ തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ നന്ദി അറിയിച്ചു. ‘ഒപ്പം നിന്നതിനു നന്ദി. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഊര്‍ജമേകി മുന്നോട്ടു പോകാനുള്ള ശ്രമം തുടരും.’ എന്നും ഇസ്രൊ ട്വീറ്റു ചെയ്തു.