റിയാദ്:
സൗദി അറേബ്യയില്‍ ടെലികോം, ഐ.ടി മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഈ രണ്ടു മേഖലകളിലെയും 14,000 തൊഴിലവസരങ്ങളാണ് സൗദിവല്‍ക്കരിക്കുന്നത്. ഇതിനായി സൗദിയിലെ വിവിധ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് സംയുക്ത നടപടികള്‍ ആരംഭിച്ചു. നാല് ഘട്ടങ്ങളിലായിട്ടാണ് ടെലികോം, ഐടി മേഖലകളിലെ സ്വദേശി വല്‍ക്കരണം നടപ്പിലാക്കുന്നത്.
ആദ്യ ഘട്ടത്തില്‍ സാങ്കേതിക സഹായവുമായി ബന്ധപ്പെട്ട തൊഴിലുകളും രണ്ടാം ഘട്ടത്തില്‍ ഡാറ്റാ അനാലിസിസുമായി ബന്ധപ്പെട്ടുള്ള തൊഴിലുകളും സൗദി സ്വദേശികള്‍ക്കായി നീക്കിവെക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ള പരിശീലനം നല്‍കാനുള്ള ചുമതല സൗദി സാങ്കേതിക വിദ്യാ മന്ത്രാലയത്തിനാണ്. ഇതിനായുള്ള പദ്ധതികള്‍ സാങ്കേതിക വിദ്യാ മന്ത്രാലയവും ആരംഭിച്ചിട്ടുണ്ട്.
തുടര്‍ന്നു വരുന്ന മൂന്നു ഘട്ടങ്ങളിലായി ടെലികോം മേഖലയിലെ കോള്‍ സെന്റര്‍ ജീവനക്കാര്‍, പ്രോജക്ട് മാനേജര്‍, എന്നീ ഒഴിവുകളിലും സ്വദേശികള്‍ക്കു തന്നെ നിയമനം നല്‍കും. കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി ഹൈത്തം അല്‍ ഉഹലിയാണ് ഇക്കാര്യം അറിയിച്ചത്.
മാനവശേഷി വികസന നിധിയില്‍ നിന്നും സ്വദേശികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാങ്കേതിക പരിശീനത്തിനും, തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനുമുള്ള സാമ്പത്തിക സഹായം അനുവദിക്കും. മറ്റു മേഖലകളിലെ തൊഴിലുകളും സൗദിവല്‍ക്കരിക്കുന്നതിനുള്ള സഹായങ്ങള്‍ മാനവശേഷി വികസനനിധിയില്‍ നിന്നു തന്നെ അനുവദിക്കാനാണ് തീരുമാനം.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ സാങ്കേതിക മികവിനിടയില്‍ സാങ്കേതിക പരിശീലനത്തിന്റെ കുറവുമൂലം സ്വദേശികള്‍ പിന്‍തള്ളപ്പെടാതിരിക്കാനാണ് ആവശ്യമായ ഫണ്ടുകള്‍ അനുവദിച്ച് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്.