Wed. Nov 6th, 2024
ഹൈദരാബാദ്:

സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. പാവങ്ങളെ കൊള്ളയടിച്ച് സമ്പന്നര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി.

വന്‍കിട കോര്‍പ്പറേറ്റുകളുടം വായ്പകള്‍ എഴുതി തള്ളുകയാണ്. അവരുടെ നികുതി ബാധ്യതകളും വന്‍ തോതില്‍ കുറച്ചു നല്‍കുന്നു. കടക്കെണിയിലായ കര്‍കരോടും വിദ്യാഭ്യാസ വായ്പയെടുത്ത് പഠിച്ചിട്ട് ഇതുവരെ തൊഴില്‍ ലഭിക്കാത്ത യുവജനങ്ങളും അവരുടെ കടത്തില്‍ സ്വയം മുങ്ങിത്താഴുകയാണ്. സഹായിക്കാന്‍ ആരുമില്ല.

ഇതിനകം തന്നെ 1.08 ലക്ഷം കോടി രൂപയുടെ വരുമാനം വേണ്ടെന്നു വെച്ച ഈ സര്‍ക്കാര്‍ വരുമാന നഷ്ടം വീണ്ടും കൂട്ടുകയാണ്. എന്നാല്‍ തൊഴിലാളി കുടുംബങ്ങള്‍ക്കായി ഉത്തേജന പാക്കേജുകളോ നികുതി ഇളവുകളോ നല്‍കാത്തതെന്നും ഒവൈസി ചോദിച്ചു.

 

സാമ്പത്തിക മാന്ദ്യം രൂക്ഷമായ ഈ ഘട്ടത്തില്‍ സാധാരണ ജോലിക്കാരായവര്‍ക്കാണോ അതോ വ്യവസായികള്‍ക്കാണോ സഹായങ്ങള്‍ വേണ്ടതെന്നും ഒവൈസി ചോദിച്ചു.

രൂക്ഷമായ തൊഴില്‍ പ്രതിസന്ധിയില്‍ നികുതിയിളവ് നല്‍കിയും സര്‍വീസ് ഫീസുകള്‍ കുറച്ചും ആര്‍ക്കാണ് സഹായം ചെയ്യേണ്ടത്? വലിയ ബിസിനസുകാര്‍ക്കാണോ അതോ നിങ്ങള്‍ക്കാണോ? ആര്‍ക്കാണ് ആശ്വാസം വേണ്ടതെന്നും ഒവൈസി ചോദ്യങ്ങള്‍ ഉന്നയിച്ചു.

കോര്‍പ്പറേറ്റ് നികുതിയില്‍ വന്‍ ഇളവാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചത്. നിലവിലുള്ള ആഭ്യന്തര കമ്പനികളുടെ നികുതി 22 ശതമാനായും പുതിയ കമ്പനികളുടേത് 15 ശതമാനമായും കുറച്ചാണ് സര്‍ക്കാര്‍ ഓഡിനന്‍സ് പുറപ്പെടുവിച്ചത്. ഇന്നലെ ഗോവയില്‍ നിര്‍ണ്ണായ ജിഎസ്ടി യോഗം ആരംഭിക്കുന്നതിനു മുമ്പായിരുന്നു കോര്‍പ്പറേറ്റ് നികുതികള്‍ കുറച്ചു കൊണ്ടുള്ള കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം വന്നത്. ആകെ ഒരുലക്ഷത്തി നാല്പത്തയ്യായിരം കോടി രൂപയുടെ ഇളവുകളാണ് ധനമന്ത്രി നിര്‍മ്മലാസീതാരാമന്‍ ഇന്നലെ പ്രഖ്യാപിച്ചത്.

എന്നാല്‍ വന്‍കിട കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ വീണ്ടും വീണ്ടും ഇളവുകള്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി ഉള്‍പ്പെടെ സാധാരണക്കാരെ രൂക്ഷമായി ബാധിക്കുന്ന നികുതികളുടെ കാര്യത്തില്‍ അനുകൂലമായി ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. വന്‍കിടക്കാര്‍ക്ക് സന്തോഷമായെങ്കിലും യഥാര്‍ത്ഥത്തില്‍ ഇതിന്റെയെല്ലാം ബാധ്യതകള്‍ അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരായ നികുതി ദായകരാണ്.

Leave a Reply

Your email address will not be published. Required fields are marked *