വായന സമയം: < 1 minute

വെള്ള കോട്ടുമിട്ട് ഒരു മുറുക്കുള്ളിലിരുന്ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച നാലാം നമ്പർ ബാറ്റ്സ്മാൻ യുവരാജ് എല്ലാവരോടും നന്ദിയറിയിച്ചു മടങ്ങിയിരുന്നു. ആ ദിവസം മറക്കാനാവാത്ത, യുവ്‌രാജിന്റെയും ഇന്ത്യൻ ക്രിക്കറ്റിന്റെയും ആരാധകർക്ക് ഓർത്തുവയ്ക്കാൻ യുവി മറ്റൊരു ദിവസം കൂടി സമ്മാനിച്ചിരുന്നു; ഇംഗ്ലണ്ടിനെതിരെ ആറ്‌ബോളിൽ ആറ് സിക്സുകൾ അടിച്ച ദിവസം.

ഒരു പക്ഷെ, ആരു മറന്നാലും ബ്രോഡിന് മറക്കാൻ കഴിയാത്ത ഒരു ദിവസമായിരിക്കും ഇന്ന്. ഇടിമിന്നൽ പോലെ തുടര്‍ച്ചയായി ഒരു ഓവർ മുഴുവനും സിക്സറുകള്‍ ! യുവിയുടെ ബാറ്റിന്റെ ചൂട് ശരിക്കും മനസിലാക്കിയ ബോളര്‍.

സൗത്ത് ആഫ്രിക്കയിൽ വച്ച് നടന്ന പ്രഥമ ട്വന്റി-20 ലോകകപ്പ് മത്സരത്തിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം. ഇന്ത്യന്‍ സ്കോര്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 171. അപ്പോഴാണ് ക്രീസിൽ നില്‍ക്കുന്ന യുവരാജ് സിംഗും ഫ്ലിന്റോഫും തമ്മില്‍ വാക്കേറ്റം ഉടലെടുക്കുന്നത്. ഉടനെ, ക്രീസില്‍ ഒപ്പമുണ്ടായിരുന്ന ഇന്ത്യന്‍ നായകന്‍ ധോണിയും അമ്പയര്‍മാരും പ്രശ്നം വഷളാകാതിരിക്കാന്‍ ഇടപ്പെട്ടെങ്കിലും, ശേഷം ഓവര്‍ ചെയ്യാന്‍ എത്തിയ സ്റ്റുവര്‍ട്ട് ബ്രോഡ് എന്ന നിരപരാധിക്ക് എല്ലാം നോക്കിനിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു.

ഡീപ്പ് മിഡ് വിക്കറ്റിന് മുകളിലൂടെ ആദ്യ സിക്‌സ്, ബാക്വേര്‍ഡ് സ്‌ക്വയര്‍ ലെഗിലേക്കാണ് രണ്ടാമത്തെ ഡെലിവറി പറന്നത്. ലോങ് ഓഫിലേക്ക് മൂന്നാമത്തെ സിക്സ്, ഫുള്‍ ടോസില്‍ ഡീപ് പോയിന്റിലേക്ക് നാലാമത്തേത്, സ്‌ക്വയര്‍ ലെഗിലേക്ക് അഞ്ചാമത്തെ ബിഗ് ഹിറ്റും, വൈഡ് ലോങ് ഓണിലേക്ക് ആറാമത്തെ സിക്‌സും പറന്നു.

12 ബോളില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച യുവരാജ് സിംഗിന്റെ അന്നത്തെ റെക്കോര്‍ഡ് ഇന്നും അതെ പ്രൗഢിയോടെ തലയുയർത്തി നില്‍ക്കുന്നു. ബാറ്റ് നിറയെ റെക്കോര്‍ഡുകളുമായിട്ടായിരുന്നു യുവി അന്ന് പുറത്തായത്.

Leave a Reply

avatar
  Subscribe  
Notify of