കൊച്ചി:
മുത്തൂറ്റ് സ്ഥാപനങ്ങളില്‍ തൊഴിലെടുക്കാൻ വരുന്ന ജീവനക്കാർക്ക് വേണ്ട സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. പ്രതീഷേധവുമായി മുന്നോട്ടു പോകുന്നവർക്ക് നിയമാനുസൃതമായി സമരം ചെയ്യാമെന്നും കോടതി അറിയിച്ചു. ഒപ്പം, മധ്യസ്ഥ ചര്‍ച്ചകളില്‍ കമ്പനി മാനേജ്‌മെന്റിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
മുത്തൂറ്റ് സ്ഥാപനങ്ങൾക്ക് മുന്നിൽ നടന്നു വരുന്ന തൊഴിലാളികളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുത്തൂറ്റിന്റെ 10 ശാഖകൾ ഒരുമിച്ചുചേർന്നു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിഷേധം സംഘടിപ്പിക്കുന്നവർക്ക് അവ നടത്താനുള്ള അവകാശമുണ്ട്. എന്നാൽ, ജോലിചെയ്യാൻ വരുന്നവരെ തടയുവാനുള്ള സ്വാതന്ത്ര്യം അവർക്കില്ല. ഇക്കാരണത്താൽ, തൊഴിലെടുക്കുവാൻ തയ്യാറായി എത്തുന്നവര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി പറഞ്ഞു. അതേസമയം, സമരം ഉടന്‍ നിര്‍ത്താനുള്ള ചര്‍ച്ചകളില്‍ മാനേജ്‌മെന്റിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
നിലവിൽ, മുത്തൂറ്റിന്റെ കൂടുതല്‍ ശാഖകള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങികൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ആദ്യം കോടതിയെ സമീപിച്ച 10 ശാഖകളുടെ ഹര്‍ജിയില്‍ അനുകൂലമായ ഉത്തരവ് കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.