അഹമ്മദാബാദ്:
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളിന് ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടു നിറച്ചപ്പോള്‍ മധ്യപ്രദേശിലെ 192 ഗ്രാമങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്. ഗുജറാത്തില്‍ ഒരുവര്‍ഷം ഉപയോഗിക്കാന്‍ ആവശ്യമായ വെള്ളം ഈ മാസം തന്നെ അണക്കെട്ടില്‍ എത്തിയിരുന്നു. എന്നാല്‍ മോദിയുടെ ജന്മദിനത്തില്‍ അണക്കെട്ടിന്റെ പരമാവധി ശേഷിയില്‍ അണക്കെട്ടു നിറയ്ക്കണമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം തിരിച്ചടിയായത് മധ്യപ്രദേശില്‍ ഉള്‍പ്പെടുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ക്കായിരുന്നു. ദുരിതത്തിലായ ജനങ്ങളില്‍ നിന്നും വലിയ പ്രതിഷേധമാണ് ഗുജറാത്ത് സര്‍ക്കാരിനും നരേന്ദ്രമോദിക്കുമെതിരെ ഉയരുന്നത്.
മോദിക്ക് ദീര്‍ഘായുസ്സ് നേരുന്നു. എന്നാല്‍, അതേ അവകാശം മറ്റുള്ളവര്‍ക്കും അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു എന്നാണ് നര്‍മദാ ബചാവോ ആന്ദോളന്‍ നേതാവ് മേധാ പട്കര്‍ പ്രതികരിച്ചത്. ആയിരക്കണക്കിനു ജനങ്ങള്‍ മുങ്ങുമ്പോള്‍ ഒരാള്‍ക്കുവേണ്ടി മാത്രമായി അണക്കെട്ടില്‍ വെള്ളം നിറയ്ക്കുകയായിരുന്നു എന്നും മേധ കുറ്റപ്പെടുത്തി. നരേന്ദ്രമോദിയുടെ പിറന്നാള്‍ ആഘോഷത്തിനു വേണ്ടിയാണ് ചൊവ്വാഴ്ച തന്നെ ഈ നിരപ്പിലേക്ക് വെള്ളം ഉയര്‍ത്തിയത്. ഡാമിന്റെ ഗുണങ്ങള്‍ ഗുജറാത്തിന് കിട്ടുമ്പോള്‍ ദുരിതം മുഴുവന്‍ മധ്യപ്രദേശിനാണെന്നും മേധാ പട്കര്‍ പറഞ്ഞു.
സര്‍ദാര്‍ സരോവര്‍ ഡാം നിര്‍മിച്ചതിനു ശേഷം ആദ്യമായാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷിയായ 138.68 മീറ്റര്‍ ഉയരത്തില്‍ വരെ വെള്ളം സംഭരിച്ചത്. പരമാവധി സംഭരണ ശേഷിയില്‍ ജലം സംഭരിച്ചാല്‍ മാത്രമേ അണക്കെട്ടിന്റെ ശേഷി നേരിട്ടറിയാന്‍ കഴിയൂ എന്നായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ വാദം.
ഒക്ടോബര്‍ മാസത്തിലാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയില്‍ ജലം നിറയ്ക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ മോദിയെ സന്തോഷിപ്പിക്കാനാണ് മോദിയുടെ ജന്മദിനമായ ചൊവ്വാഴ്ച തന്നെ അണക്കെട്ടു നിറയ്ക്കാന്‍ വിജയ് രുപാനി തീരുമാനിച്ചത്. ഇതിനായി ഡാമില്‍ നിന്നും പുറത്തേക്ക വെള്ളം തുറന്നു വിടുന്ന ഷട്ടറുകളുടെ എണ്ണം കുറച്ചു. ചില ഷട്ടറുകള്‍ ഭാഗികമായി അടയ്ക്കുകയും ചെയ്തു.
ഡാമില്‍ ജലനിരപ്പുയര്‍ന്നതോടെ ബര്‍വാനി, ധര്‍, അലിരാജപുര്‍, ഖര്‍ഗോണ്‍ ജില്ലകളിലായി 192 ഗ്രാമങ്ങളും ഒരു പട്ടണവുമാണ് മുങ്ങിയതെന്ന് നാഷണല്‍ അലയന്‍സ് ഫോര്‍ പീപ്പിള്‍സ് മൂവ്മെന്റ് പ്രവര്‍ത്തകന്‍ ഹിംഷി സിങ് പറഞ്ഞു. മേധ പട്കര്‍ ഉള്‍പ്പെടെയുള്ളവരാണ് നാഷണല്‍ അലൈന്‍സിന് നേതൃത്വം നല്‍കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി മനുഷ്യാവകാശ സംഘടനകളാണ് എന്‍ എ പി എമ്മിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
ഡാമിലെ ജലനിരപ്പുയരുന്നത് പ്രധാനമായും ബാധിക്കുന്നത് നര്‍മദാ തീരത്ത് മധ്യപ്രദേശിലുള്ള ഗ്രാമങ്ങളെയാണ്. ഈ മേഖലയിലെ 32,000 കുടുംബങ്ങളുടെ പുനരധിവാസം പൂര്‍ത്തിയാകാതെ ഡാമിന്റെ ഷട്ടറുകള്‍ അടയ്ക്കരുത് എന്നായിരുന്നു മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് ഗുജറാത്ത് സര്‍ക്കാര്‍ ഡാമില്‍ പരമാവധി അളവില്‍ വെള്ളം സംഭരിച്ചത്. ഇതിനിടെ മധ്യപ്രദേശില്‍ പെയ്ത പെരുമഴയും നര്‍മദാ തീരത്തെ ഗ്രാമവാസികളുടെ ദുരിതം ഇരട്ടിയാക്കി.
സെപ്റ്റംബര്‍ ഒമ്പതിന് മധ്യപ്രദേശ് മുഖ്യമന്ത്രിയായ കമല്‍നാഥ് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്ന പുനരധിവാസ ജോലികളും ഇതുവരെ ആരംഭിച്ചിട്ടില്ല. പുനരധിവാസം പൂര്‍ത്തിയാക്കുമെന്ന് ശിവരാജ്സിങ് ചൗഹാന്‍ മുഖ്യമന്ത്രി ആയിരിക്കെ മധ്യപ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും പാലിക്കപ്പെട്ടിരുന്നില്ല.
ഡാമിലെ ജലനിരപ്പ് ഉയര്‍ത്തിയതിനെതിരെ രൂക്ഷ വിമര്‍ശനമാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാല ബച്ചനും ഉയര്‍ത്തിയത്. ഡാമിലെ വെള്ളത്തിനടിയില്‍ ഗ്രാമങ്ങള്‍ മുങ്ങിയത് മധ്യപ്രദേശിലെ നദീതീരത്തുള്ളവര്‍ക്കു വേണ്ടി നടത്തിവരുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായും മന്ത്രി പറഞ്ഞു. ഡാമിനടുത്തു തന്നെ നരേന്ദ്ര മോദിക്ക് ജന്മദിനം ആഘോഷിക്കാനാണ് നേരത്തേ നിശ്ചയിച്ചതില്‍ വ്യത്യസ്തമായി ഒരു മാസം മുന്‍പേ തന്നെ ഗുജറാത്തു സര്‍ക്കാര്‍ ഡാമില്‍ വെള്ളം നിറച്ചതെന്നും ബാല ബച്ചന്‍ കുറ്റപ്പെടുത്തി.
ഗുജറാത്ത് സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തെ തുടര്‍ന്ന ദുരിതത്തിലായ ഗ്രാമവാസികള്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. നാട്ടുകാര്‍ കസര്‍വാഡ് പാലത്തില്‍ ധര്‍ണ നടത്തുന്നതായാണ് റിപ്പോര്‍ട്ട്. അണക്കെട്ടു നിറച്ച ദിവസം ധിക്കാര്‍ ദിന്‍ ആയും ഗ്രാമവാസികള്‍ ആചരിച്ചു. ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കം ബാധിക്കുന്ന ഗ്രാമങ്ങളിലെ പുനരധിവാസം പൂര്‍ത്തിയാക്കിയ ശേഷമേ ഡാമിന്റെ സ്ലൂയിസ് വാള്‍വുകള്‍ തുറക്കാവൂ എന്നും ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു.
ഇതിനിടെ ഡാം നിറഞ്ഞത് ആഘോഷിക്കാനായി ഗുജറാത്ത് സര്‍ക്കാര്‍ നിര്‍മിച്ച വീഡിയോയില്‍ മേധാ പട്കര്‍ ഉള്‍പ്പെടെയുള്ളവരെ വികസന വിരോധികളായും ഗുജറാത്തിലെ കര്‍ഷകരുടെ എതിരാളികളായും ചിത്രീകരിച്ചതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഇതിനിടെ തന്റെ 69-ാം ജന്മദിനത്തിന്റെ ഭാഗമായി ഗുജറാത്തിലെ കെവാഡിയയില്‍ നടന്ന നമാമി നര്‍മ്മദ ആഘോഷത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി എത്തിയിരുന്നു. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയില്‍ വെള്ളം നിറച്ചതിന്റെ ആഘോഷം കൂടി ആയിരുന്നു ഇത്.