Mon. Dec 23rd, 2024
കൊച്ചി:

പാലാരിവട്ടം പാലം ‘പഞ്ചവടിപ്പാലം’ പോലെ ആയല്ലോ എന്നു ഹൈക്കോടതി സിങ്കിള്‍ ബെഞ്ചിന്റെ വിമര്‍ശനം. ഒരു സിനിമാക്കഥ യാഥാര്‍ത്ഥ്യമാകുന്നതു പോലെയാണല്ലോ കാര്യങ്ങള്‍ പോകുന്നതെന്നും ഇതിന്റെ യഥാര്‍ത്ഥ ഉത്തരവാദി ആരാണെന്നും കോടതി ഇന്നു ചോദിച്ചു. പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുള്ള ടി ഒ സൂരജ് ഉള്‍പ്പെടെയുളളവര്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ അന്വേഷണത്തിലെ പുരോഗതിയും പ്രതികളില്‍ ഓരോരുത്തര്‍ക്കും കേസിലുള്ള പങ്കാളിത്തവും രേഖാമൂലം അറിയിക്കണമെന്ന് കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി. ഇതോടൊപ്പം പാലം തകര്‍ന്നതു മൂലം സര്‍ക്കാരിനുണ്ടായ സാമ്പത്തിക ബാധ്യതയെ കുറിച്ചും രേഖാ മൂലം തന്നെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പാലം പൊളിച്ചു പണിയുമ്പോള്‍ കോടികളുടെ നഷ്ടം പൊതു ഖജനാവിനുണ്ടാവില്ലേ എന്നും കോടതി ചോദിച്ചു.

മന്ത്രിസഭാ തീരുമാനം നടപ്പാക്കുക മാത്രമാണ് പൊതു മരാമത്ത് സെക്രട്ടറി എന്ന നിലയില്‍ താന്‍ ചെയ്തത് എന്നാണ് ജാമ്യാപേക്ഷയില്‍ ടി ഒ സൂരജിന്റെ വാദം. താനൊരു ഉപകരണം മാത്രമായിരുന്നു എന്നും സര്‍ക്കാര്‍ ഫയലുകളില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും സൂരജിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പാലം പണിക്കായി 8.25 കോടി രൂപ പലിശയില്ലാതെ മുന്‍കൂറായി അനുവദിക്കാന്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി തീരുമാനിച്ചിരുന്നു എന്നും താനാണ് പലിശ ഈടാക്കണമെന്ന് നിര്‍ദേശിച്ചതെന്നും ടി.ഒ. സൂരജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓഗസ്റ്റ് 30നാണ് കേസുമായി ബന്ധപ്പെട്ട് ടി.ഒ. സൂരജ് അറസ്റ്റിലായത്.

കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മുന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം ടി തങ്കച്ചനും, കിറ്റ്‌കോ സൂപ്പര്‍ വൈസര്‍ ഭാമ നല്‍കിയ ഹര്‍ജിയും സൂരജിന്റെ ഹര്‍ജിക്കൊപ്പം കോടതിയുടെ പരിഗണനയിലുണ്ട്. ഈ മാസം 24ന് ജാമ്യാപേക്ഷകള്‍ കോടതി വീണ്ടും പരിഗണിക്കും.

അതേസമയം അഴിമതിക്കു പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ഇനി വിജിലന്‍സും നിലപാടു കടുപ്പിക്കുമെന്നാണ് സൂചന. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും വിജിലന്‍സ് അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട എല്ലാ നിര്‍ണായക രേഖകളും വിജിലന്‍സിന് ലഭിച്ചു കഴിഞ്ഞു. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കൂടുതല്‍ പേരെ ഇനിയും ചോദ്യം ചെയ്യാനുണ്ടെന്നും തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും വിജിലന്‍സ് അറിയിച്ചു.

പാലം നിര്‍മാണത്തിന് ആരാണ് മേല്‍നോട്ടം വഹിച്ചത് എന്നു കോടതി ചോദിച്ചപ്പോള്‍ പൊതുജനത്തിന്റെ ജീവന് ഭീഷണിയാകും വിധത്തിലാണ് പാലം നിര്‍മിച്ചിട്ടുള്ളത് എന്നാണ് സര്‍ക്കാര്‍ നല്‍കിയ മറുപടി. ടി ഒ സൂരജ് ഉള്‍പ്പെടെ റിമാന്‍ഡിലുള്ള പ്രതികള്‍ക്ക് അഴിമതിയിലുള്ള പങ്കാളിത്തവും നിലവിലെ അന്വേഷണ പുരോഗതിയും അറിയിക്കാനും സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു.

 

ഇബ്രാഹിം കുഞ്ഞിനെ ന്യായീകരിച്ച് പി കെ കുഞ്ഞാലിക്കുട്ടിയും

ടി ഒ സൂരജ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്ന ആരോപണത്തോടെ വെട്ടിലായത് മുന്‍ പൊതുമരാമത്തു മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞായിരുന്നു. ആരോപണത്തിന് ആദ്യം മറുപടിയുമായി എത്തിയതും അദ്ദേഹം തന്നെ.

പാലാരിവട്ടം പാലത്തിനുണ്ടായത് സാങ്കേതിക പിഴവു മാത്രമാണ് എന്നായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ ന്യായീകരണം. മുന്‍കൂര്‍ പണം നല്‍കിയതില്‍ തെറ്റില്ലെന്നും, ഇടപ്പള്ളി പാലത്തിനു വേണ്ടിയും ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ടെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. ഉദ്യോഗസ്ഥന്റെ ആരോപണത്തിന് മറുപടി പറയേണ്ട ആവശ്യമില്ല. സര്‍ക്കാരും ഇ ശ്രീധരനും എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലം നിര്‍മാണം നടക്കുന്ന കാലത്തെ പൊതുമരാമത്തു മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിനെതിരെ ടി ഒ സൂരജ് ഉന്നയിച്ച ആരോപണം ശരിയല്ല എന്നായിരുന്നു മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. തന്റെ മുന്നില്‍ വന്ന ഫയല്‍ അംഗീകരിക്കുക മാത്രമാണ് ഇബ്രാഹിം കുഞ്ഞ് ചെയ്തത്. ഇക്കാര്യം പാര്‍ട്ടി അന്വേഷിച്ചിരുന്നു. ഇബ്രാഹിം കുഞ്ഞിനെതിരെ രേഖാമൂലം തെളിവൊന്നുമില്ലെന്നും അദ്ദേഹത്തിന് നിപരാധിത്വം തെളിയിക്കാന്‍ പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടിയുടെ പിന്തുണ ഇബ്രാഹിം കുഞ്ഞിന് ആശ്വാസമാകുമെങ്കിലും മുന്‍ മന്ത്രി കുടുങ്ങിയാല്‍ അത് പാര്‍ട്ടിക്കാവും തിരിച്ചടിയാവുക.

 

എല്ലാവരും ഫയല്‍ മുന്നിലെത്തിയപ്പോള്‍ ഒപ്പിട്ടവര്‍ മാത്രം; പിന്നെ അഴിമതി നടത്തിയതാര്?

പൊതു മരാമത്തു മന്ത്രിയും വകുപ്പു സെക്രട്ടറിയും തങ്ങളുടെ മുന്നിലേക്കെത്തിയ ഫയലില്‍ ഒപ്പിടുക മാത്രമാണ് ചെയ്തത് എന്നു പറയുമ്പോള്‍ പാലം നിര്‍മാണവും അഴിമതിയും ആസൂത്രണം ചെയ്തതാര് എന്ന ചോദ്യം ബാക്കിയാവുകയാണ്.

മുന്‍ പൊതു മരാമത്തു സെക്രട്ടറിയായിരുന്ന സൂരജ് അന്നത്തെ മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോഴേക്കും പാര്‍ട്ടിയുടെ ദേശീയ നേതാവായ കുഞ്ഞാലിക്കുട്ടി തന്നെ പിന്തുണയുമായി രംഗത്തെത്തി. മന്ത്രിയും തന്റെ ഭാഗം ന്യായീകരിച്ചു. ഇത് ജനങ്ങളില്‍ കൂടുതല്‍ സംശയിത്തിനിടയാക്കിയിട്ടുണ്ട്. ഇബ്രാഹിം കുഞ്ഞിനെ കൂടാതെ പാര്‍ട്ടി നേതൃത്വത്തിനും അഴിമതിയെക്കുറിച്ചറിയാമായിരുന്നോ എന്ന സംശയമാണ് പുതിയതായി ഉയരുന്നത്. എന്തായാലും വിജിലന്‍സും കോടതിയും നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍ അഴിമതിയില്‍ പങ്കുള്ള ഉദ്യോഗസ്ഥരും മുന്‍ മന്ത്രിയും മന്ത്രിയുടെ പാര്‍ട്ടിയുടെ നേതാക്കളും കേസില്‍ നിന്നും തലയൂരാന്‍ കുറച്ചധികം തന്നെ വിയര്‍ക്കേണ്ടി വരും.

തെളിവുകളില്ലാതെ പലര്‍ക്കും രക്ഷപ്പെടാന്‍ കഴിഞ്ഞാലും പൊതു ഖജനാവിലെ പണം നശിപ്പിച്ചവര്‍ക്ക് അത്ര വേഗമൊന്നും ജനം മാപ്പു നല്‍കില്ല. അത് കുഞ്ഞ് ആയാലും കുഞ്ഞാപ്പ ആയാലും.

പാലാരിവട്ടം പഞ്ചവടിപ്പാലത്തെക്കുറിച്ചുള്ള വിജിലന്‍സ് റിപ്പോര്‍ട്ട്

പാലം നിര്‍മാണത്തിന് ഉപയോഗിച്ചത് നിലവാരമില്ലാത്ത സിമന്റാണെന്നും ആവശ്യത്തിന് കമ്പികള്‍ ഉപയോഗിച്ചില്ല എന്നും അമിതലാഭം ഉണ്ടാക്കാന്‍ പാലത്തിന്റെ ഡിസൈന്‍ മാറ്റിയെന്നും വിജിലന്‍സ് സംഘം നേരത്തേ മൂവാറ്റു പുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പാലം പണി നടത്തിയ ആര്‍ ഡി എസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സുമിത് ഗോയലിന്റെ മൊഴി ഉള്‍പ്പെടെ വിജിലന്‍സ് സംഘം രേഖപ്പെടുത്തിയിരുന്നു. നിര്‍മാണത്തിലെ ക്രമക്കേട് പ്രാഥമിക അന്വേഷണത്തിലും വ്യക്തമായിരുന്നു.

പാലത്തില്‍ നിന്നും വിജിലന്‍സ് സംഘം ശേഖരിച്ച കോണ്‍ക്രീറ്റിന്റെയും കമ്പിയുടെയും സാംപിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലത്തിലും ക്രമക്കേട് വ്യക്തമായിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *