തിരുവനന്തപുരം:
അസഭ്യവാക്കുകള്‍ ഏതു സാഹചര്യത്തിലായായും പൊലീസുകാർ ഉപയോഗിക്കരുതെന്ന് കേരള ഡി ജി പി ലോക്നാഥ് ബെഹ്‌റയുടെ നിർദ്ദേശം. എതെങ്കിലുമൊരു പൊലീസുകാരനെതിരെ ആരോപണുണ്ടായി കഴിഞ്ഞാൽ അത് തെറ്റാണെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം അതേ ഉദ്യോഗസ്ഥന് തന്നെയായിരിക്കുമെന്നും ഡി ജി പി സർക്കുലർ വഴി അറിയിച്ചു. സംസ്ഥാന പോലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി പുറത്തിറക്കിയ സർക്കുലറിലാണ് പോലീസ് മേധാവിയുടെ പുതിയ നിർദ്ദേശങ്ങൾ.
മുഖ്യമന്ത്രി വിളിച്ചുചേർത്തിരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന്‍റെ പ്രേരണയിലാണ് എല്ലാ പൊലീസുകാർക്കുമായി പുതിയ മാർഗനിദ്ദേശങ്ങളിറക്കിയിരിക്കുന്നത്. ഒരു പൊലീസുകാരനെതിരെ മോശമായ പരാതിയുണ്ടായാൽ അയാളെ സ്വന്തം പദവിയിൽ നിന്നും എടുത്തുമാറ്റേണ്ട ചുമതല യൂണിറ്റ് മേധാവിക്കാണ്. ഒപ്പം, സ്വന്തം പേരിലുയർന്ന ആരോപണം തെറ്റാണെന്ന് ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം ആ പൊലീസുകാരന് തന്നെയായിരിക്കും. അതേസമയം, പരാതിയുമായി വരുന്ന സാധാരണക്കാരോട് സഹാനുഭൂതിയോടുകൂടി പെരുമാറാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയേണ്ടതുണ്ടെന്നും പൊലീസുകാരോട് ഡി ജി പി വ്യക്തമാക്കുന്നു.
ഒരാളെ കസ്റ്റഡിയിലാക്കുമ്പോൾ മനുഷ്യാവകാശ കമ്മീഷനും ഡി ജി പിയും നൽകിയിട്ടുള്ള നിർദ്ദേശങ്ങള്‍ പാലിക്കണം. സഹായം ആവശ്യപ്പെട്ടുകൊണ്ട് പോലീസ് സ്റ്റേഷനുകളിലും മറ്റും ലഭിക്കുന്ന സന്ദേശങ്ങള്‍ മിക്കവയും തെറ്റാണെന്ന് കരുതി പല ഉദ്യോഗസ്ഥൻമാരും നടപടി സ്വീകരിക്കാതിരിക്കുന്നുണ്ട്. എന്നാൽ, സന്ദേശങ്ങള്‍ ലഭിച്ചാൽ ഉടൻ തന്നെ നടപടിയെടുക്കണം. അതേസമയം, വ്യാജസന്ദേശങ്ങള്‍ നൽകിയതായി സ്ഥിരീകരിച്ചവർക്കെതിരെ നടപടി സ്വീകരിക്കുകയും വേണം.
ഒപ്പം, പൊലീസിലെ ഉന്നത തസ്തിക ഉദ്യോഗസ്ഥരെ നേരിൽ കണ്ട് പരാതി ബോധ്യപ്പെടുത്താനും വിവരങ്ങള്‍ കൈമാറാനും അന്വേഷണപുരോഗതി മനസ്സിലാക്കാനും സാധാരണക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വരരുതെന്നും ഡി ജി പി അറിയിച്ചു. നവമാധ്യമങ്ങളുടെ സഹായം ഇത്തരം സുതാര്യതയ്ക്കായി ഉപയോഗപ്പെടുത്തണം.
ഇവയ്‌ക്കെല്ലാമൊപ്പം, പൊതുജന സഹകരണം ഉറപ്പാക്കി മെച്ചപ്പെട്ടൊരു ഇന്‍റലിജന്‍സ് സംവിധാനം രൂപീകരിക്കേണ്ടതുണ്ടെന്നും സർക്കുലറിൽ പറയുന്നു.