Fri. Nov 22nd, 2024
ബെംഗളൂരു:

ഹിന്ദിയെ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളുടെയും ഔദ്യോഗിക ഭാഷയാക്കാവാനുള്ള ബി.ജെ.പി. സർക്കാരിന്റെ നീക്കത്തിനെതിരെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയും നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസനും രംഗത്ത്. രാജ്യത്തെ എല്ലാ ഭാഷകളും തുല്യമാണ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിനു മറുപടിയെന്നോണം യെ‍ഡിയൂരപ്പ പറഞ്ഞു. കര്‍ണാടകയെ സംബന്ധിച്ചിടത്തോളം കന്നഡയാണു പ്രധാനം അത് ഞങ്ങളുടെ സംസ്ക്കാരത്തിന്റെ ഭാഗമാണ്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല യെഡിയൂരപ്പ ട്വിറ്ററിലൂടെ അറിയിച്ചു.

നാനാത്വത്തിൽ ഏകത്വം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടിരിക്കുന്ന റിപബ്ലിക്കൻ രാജ്യമാണ് ഇന്ത്യ. അതു ലംഘിക്കാൻ ഒരു ഷായ്ക്കോ സുൽത്താനോ സാമ്രാട്ടിനോ സാധിക്കില്ലെന്നു നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ പറഞ്ഞു. തങ്ങളുടെ സംസ്കാരത്തെ മുറിപ്പെടുത്തിയപ്പോൾ ഉണ്ടായ ജെല്ലിക്കട്ട് പ്രതിഷേധം നിങ്ങൾ കണ്ടതാണ്. ഭാഷയുടെ പേരിൽ അതിനേക്കാൾ വലിയ ഒരു ഏറ്റുമുട്ടല്‍ ഉണ്ടായേക്കാം. എന്നാൽ, ഇന്ത്യയ്‌ക്കോ തമിഴ്‌നാടിനോ അതിന്റെ ആവശ്യമില്ല. എല്ലാ ഭാഷയെയും ബഹുമാനിക്കുന്നു. എന്നാല്‍, തമിഴാണ് എന്നാളും തന്റെ മാതൃഭാഷ, ട്വിറ്ററിൽ ഒരു വീഡിയോ സന്ദേശത്തിലൂടെ കമൽ വ്യക്തമാക്കി.

നേരത്തെ, അമിത് ഷായുടെ നിർദേശത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് കേരളത്തിലെ എൽ.ഡി.എഫ്., യു.ഡി.എഫ്. നേതാക്കളും രംഗത്തെത്തിയിരുന്നു. രാജ്യത്തെ സുപ്രധാന പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ള ബി.ജെ.പി. സർക്കാരിന്റെ നീക്കങ്ങളാണിവയെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന് മനസിലാക്കുന്നത് നന്നായിരിക്കുമെന്നും ഹിന്ദി ഭാഷയ്ക്കാണ് രാജ്യത്തെ ഒരുമിപ്പിച്ചു നിർത്താനാകുക എന്ന ധാരണ ശുദ്ധ ഭോഷ്കാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ പ്രതികരിച്ചത്.

ഹിന്ദി ഭാഷ ദിനത്തിലാണ് ‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ഹിന്ദി ഭാഷയ്ക്ക് രാജ്യത്തെ ഒരുമിപ്പിച്ചു നിർത്താനാവുമെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ രാജ്യ വ്യാപക പ്രതിഷേധമാണുയരുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡി.എം.കെ. അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി തുടങ്ങിയവരും അമിത് ഷായുടെ നിർദ്ദേശത്തിനെതിരെ രംഗത്തു വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *