Mon. Dec 23rd, 2024
എറണാകുളം:

ഹിന്ദി ഇന്ത്യയുടെ പൊതു ഭാഷയാക്കുന്നതിലൂടെ ഇന്ത്യയെ ഒരുമിപ്പിക്കാനാകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പ്രസ്താവനയ്ക്കെതിരെ ആക്ഷേപഹാസ്യത്മക വീഡിയോ പങ്കുവച്ചു ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി അനിത നായര്‍. പ്രാദേശിക ഭാഷകള്‍ക്കു പകരം മറ്റൊരു ഭാഷ അടിച്ചേല്‍പിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് ഈ വിഷയത്തിൽ നേരത്തെ തന്നെ, വിവിധ കോണുകളില്‍ നിന്ന് വലിയ എതിര്‍പ്പുകളുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഹിന്ദി ഇതരമേഖലകളില്‍നിന്നു നിരവധി നേതാക്കള്‍ രംഗത്തെത്തിയിട്ടുമുണ്ടായിരുന്നു. ഇതിനിടയിലാണ് ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി അനിത നായര്‍ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഹിന്ദിക്കുവേണ്ടിയുള്ള വാദത്തെ പരിഹസിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകളില്‍ ഒന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് അനിത നായരുടെ പരിഹാസം. ‘ഹിന്ദി ഇമ്പോസിഷനെക്കുറിച്ച് കേരളത്തില്‍നിന്നുള്ള പരിഹാസം’ എന്ന കുറിപ്പോടെ ചൊവ്വാഴ്ച രാവിലെ അവര്‍ വീഡിയോ ട്വീറ്റ് ചെയ്തു. വാട്‌സ്ആപ്പിലൂടെ കിട്ടിയ വീഡിയോ ആണിതെന്നും ചിരിയോടെ ദിവസം തുടങ്ങാം എന്നും ട്വീറ്റില്‍ പറയുന്നുണ്ട്.

തേങ്ങയുടെയും തെങ്ങിന്റെയും വിവിധ ഉപയോഗങ്ങള്‍ വിശദീകരിക്കുക വഴി സർക്കാർ നടപടികളെ പരിഹസിക്കുന്ന, ഹിന്ദിയും മലയാളവും കലര്‍ന്ന വിവരണത്തോടുകൂടിയുള്ള വീഡിയോയാണ് അനിത നായർ പങ്കുവച്ചിരിക്കുന്നത്. ഹിന്ദിയെക്കുറിച്ചുള്ള വിവാദം കൊഴുക്കുന്നതിനിടയില്‍ അമിത് ഷായുടെ നിർദ്ദേശത്തെ അതിദാരുണമായി കൊലചെയ്തിരിക്കുകയാണ് ഈ വീഡിയോ.

അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യയിലെ മറ്റു 23 പ്രാദേശിക ഭാഷകള്‍ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കര്‍ണാടകത്തെ സംബന്ധിച്ച് കന്നഡയാണ് മുഖ്യഭാഷയെന്നും ഇക്കാര്യത്തില്‍ ഒരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനുമില്ലെന്ന് പറഞ്ഞ് കര്‍ണാടക മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബി.എസ്. യദ്യൂരപ്പയും രംഗത്തെത്തിയിരുന്നു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡി.എം.കെ. അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, ഐ.എം.ഐ.എം. അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍ മുതലായവരും അമിത് ഷായുടെ നിർദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *