Mon. Dec 23rd, 2024
കണ്ണൂർ :

എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റത്തിൽ ശിക്ഷിക്കപ്പെട്ട അധ്യാപകൻ നിരപരാധിയായിരുന്നെന്ന് വിദ്യാർത്ഥിനിയുടെ ക്ഷമാപണം. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ ജോലി ചെയ്യുന്ന സമയത്ത് ഇംഗ്ലീഷ് ലക്ചററായിരുന്ന അധ്യാപകൻ ഇഫ്തിഖാര്‍ അഹമ്മദിനെതിരെയാണ് മോശം പെരുമാറ്റം ആരോപിച്ചിരുന്നത്. ഇഫ്തിഖാർ എൻ.എസ്.എസ്. ക്യാമ്പിൽ വെച്ച് ഒരു വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന് വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐ.യാണ് പരാതി നൽകിയിരുന്നത്. ഇതിനെ തുടർന്ന്, അധ്യാപകന്‍ ഇഫ്തിഖാറിന് കാസർക്കോട് ഗവ. കോളേജിലേക്ക് ട്രാൻസ്ഫർ നൽകുകയും ചെയ്തു. സംഭവത്തിനു പിന്നാലെ, വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ നടത്തിയ അന്വേഷണത്തില്‍ കോളേജില്‍ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യം ഉള്ളതായി കണ്ടെത്തിയതോടുകൂടിയാണ് അധ്യാപകനെ സ്ഥലം മാറ്റിയത്.

ഗുരുതരമായ മാനഹാനി അധ്യാപകന്റെ ജീവിതത്തിൽ വരുത്തിത്തീർത്ത ഈ വിവാദത്തിൽ, വെളിപ്പെടുത്തലും ക്ഷമാപണവുമായാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥിനി രംഗത്തുവന്നിരിക്കുന്നത്.

എട്ടു വർഷങ്ങൾക്കു മുൻപ്, അധ്യാപകന്റെ മോശം പെരുമാറ്റത്തിനിരയായി എന്ന് പറഞ്ഞിരുന്ന വിദ്യാര്‍ത്ഥിനി ഇന്ന് അധ്യാപകനോട് താൻ ചെയ്ത തെറ്റിനു മാപ്പ് ചോദിച്ചു. അധ്യാപകനുമായുള്ള ഫേസ്ബുക്ക് സന്ദേശത്തിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എസ്.എഫ്.ഐ പ്രവര്‍ത്തകയായ വിദ്യാര്‍ഥിനി അന്ന് എസ്.എഫ്.ഐ. ബാനറിൽ തിരഞ്ഞെടുക്കപ്പെട്ട കോളേജ് യൂണിയൻ ചെയർപേഴ്‌സന്‍ കൂടിയായിരുന്നു.

സ്വതന്ത്ര നിലപാടുകൾ സ്വീകരിക്കുന്നതിന്റെ പേരിൽ തന്നെ വേട്ടയാടാനായി കണ്ണൂരിലെ സി.പി.എം അനുഭാവികളായവരും എസ്.എഫ്.ഐയും ചേർന്ന് നടത്തിയ നാടകമായാണ് താനിതിനെ കാണുന്നുവെന്ന് അധ്യാപകനായ ഇഫ്തിഖാര്‍ ഫേസ്ബുക്കിൽ കുറിച്ചു. വിദ്യാര്‍ത്ഥിനിയുമായുള്ള ഫേസ്ബുക്ക് സംഭാഷണത്തിന്റെ സ്ക്രീന്‍ ഷോട്ടുകളും അധ്യാപകന്‍ കുറിപ്പിനോടൊപ്പം ചേർത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *