ലഖ്നൗ:
നാലു പതിറ്റാണ്ടായി ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ആദായനികുതി നല്‍കുന്നത് സംസ്ഥാനത്തിന്റെ പൊതുഖജനാവില്‍നിന്നാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 86 ലക്ഷം രൂപയോളം ഉത്തര്‍ പ്രദേശിലെ മന്ത്രിമാരുടെ ആദായ നികുതി നല്‍കാനായി മാത്രം ട്രഷറിയില്‍നിന്നും ചിലവഴിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട്.
1981ല്‍ പാസാക്കിയ ഒരു നിയമത്തിന്റെ പിന്‍ബലത്തിലാണ് 38 വര്‍ഷത്തിനു ശേഷവും യുപിയിലെ മന്ത്രിമാരുടെ ആദായനികുതി പൊതു ഖജനാവിലെ പണം ഉപയോഗിച്ച് അടയ്ക്കുന്നത്. മുന്‍ പ്രധാനമന്ത്രി വി പി സിങ് ആയിരുന്നു അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. അന്ന് നിയമസഭയില്‍ പാസാക്കിയതാണ് ഉത്തര്‍പ്രദേശ് മിനിസ്റ്റേഴ്സ് സാലറീസ്, അലവന്‍സസ് ആന്‍ഡ് മിസ്ലേനിയസ് ആക്ട്. അന്നത്തെ മന്ത്രിമാരില്‍ പലരും താഴ്ന്ന ജീവിത സാഹചര്യത്തില്‍നിന്നും വന്നവരായിരുന്നു. അതിനാല്‍ ആദായനികുതി അവര്‍ക്ക് അധിക ബാധ്യതയാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിയമം അവതരിപ്പിച്ചിരുന്നത്.
എന്നാല്‍ കാലം മാറിയപ്പോള്‍ കോടീശ്വരന്മാരായ പലരും ഉത്തര്‍ പ്രദേശിലെ മന്ത്രിമാരും മുഖ്യമന്ത്രിമാരുമായി രംഗപ്രവേശം ചെയ്തു. താഴ്ന്ന ജീവിത സാഹചര്യത്തില്‍ നിന്നും വരുന്ന ആരും തന്നെ അടുത്ത കാലത്തൊന്നും ഉത്തര്‍ പ്രദേശില്‍ മന്ത്രിമാരായിട്ടില്ല. എന്നിട്ടും പഴയ നിയമത്തിന്റെ പിന്‍ബലത്തില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയില്‍ ഉത്തര്‍ പ്രദേശിലെ ഒരു മന്ത്രി പോലും സ്വന്തം കീശയില്‍ നിന്നും ആദായ നികുതി അടച്ചിട്ടില്ല.
പല സര്‍ക്കാരുകളും മാറിമാറി അധികാരത്തിലെത്തിയിട്ടും ഈ നിയമത്തില്‍ മാറ്റംവരുത്താന്‍ ആരും തയ്യാറായില്ല. എന്‍.ഡി. തിവാരി, കല്ല്യാണ്‍സിങ്, മുലായം സിങ് യാദവ്, രാജ്നാഥ് സിങ്, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയ mayavathiമുഖ്യമന്ത്രിമാരും അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന മന്ത്രിമാരും ഈ നിയമത്തിന്റെ ആനുകൂല്യം അനുഭവിച്ചവരായിരുന്നു.
ഏറ്റവും ഒടുവിലെത്തിയ യോഗി ആദിത്യനാഥും കൂട്ടരും ഇതു തന്നെ തുടരുന്നു. മഹാനായ യോഗിയുടെ ആദായ നികുതി അടക്കുന്നതും പൊതു ഖജനാവില്‍ നിന്നുള്ള പണം കൊണ്ടുതന്നെ. അതായത് പൊതു ഖജനാവിലെ പണം കൊണ്ട് ആദായ നികുതി അടയ്ക്കുന്നതില്‍ ആര്‍ക്കും രാഷ്ട്രീയം വിഷയമായില്ല എന്നര്‍ത്ഥം.
ഇതിനിടെ 2016ല്‍ അഖിലേഷ് യാദവ് ഈ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തിയിരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളവര്‍ധനവില്‍ മാത്രം ഒതുങ്ങിയ ഭേദഗതി ആദായനികുതിയുടെ ആനുകൂല്യം അതുപോലെ തന്നെ തുടര്‍ന്നു.
സംഭവം വലിയ ചര്‍ച്ചയായതോടെ യോഗി സര്‍ക്കാരിന് വലിയ ക്ഷീണമായി. ഇക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി ശശികാന്ത് ശര്‍മ്മ പ്രതികരിച്ചു. നിയമത്തിലെ വ്യവസ്ഥകള്‍ പുന:പരിശോധിക്കുമെന്നും ഇക്കാര്യത്തില്‍ നിയമോപദേശം തേടിയ ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.