Fri. Nov 22nd, 2024
ന്യൂഡല്‍ഹി:

കൊച്ചി മെട്രോയ്ക്ക് അഭിനന്ദനവുമായി കേന്ദ്ര നഗര വികസന വ്യോമകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പൂരി. പരിസ്ഥിതി സൗഹൃദമായ ചെലവു കുറഞ്ഞ ഗതാഗത മാര്‍ഗങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കും എന്നതിന് ഏറ്റവും വലിയ തെളിവാണ് കൊച്ചി മെട്രോ എന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.

കുറഞ്ഞ കാലം കൊണ്ട് കൊച്ചി മെട്രോ കൈവരിച്ചത് വലിയ നേട്ടമാണ്. മെട്രോയുടെ പുതിയ ഘട്ടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ പ്രതിദിനമുള്ള ശരാശരി യാത്രക്കാരുടെ എണ്ണം മുപ്പത്തി അയ്യായിരത്തില്‍ നിന്നും ഒരു ലക്ഷം വരെയായി ഉയര്‍ന്നതില്‍ വളരെ സന്തോഷമുണ്ടെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

മെട്രോയുടെ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള ഭാഗം കമ്മീഷന്‍ ചെയ്തതോടെയാണ് യാത്രക്കാരുടെ എണ്ണം വളരെയധികം വര്‍ധിച്ചത്. പതിവായി വളരെയധികം ഗതാഗതക്കുരുക്കുള്ള വൈറ്റില, എറണാകുളം സൗത്ത്, കടവന്ത്ര തുടങ്ങിയ പ്രദേശങ്ങളിലേക്ക് മെട്രോ എത്തിയത് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ട്. ഇതും പ്രതിദിന യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായി.

മഹാരാജാസ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റര്‍ മെട്രോ പാതയാണ് സെപ്റ്റംബര്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

ഇതോടെ പുതിയ പാത ഉള്‍പ്പടെ കൊച്ചി മെട്രോയുടെ ആകെ ദൂരം 23.81 കിലോമീറ്ററയും ആകെ സ്റ്റേഷനുകളുടെ എണ്ണം 21 ആയും വര്‍ധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *