Fri. Nov 22nd, 2024
#ദിനസരികള്‍ 877

1981 ല്‍ രാമരാജ്യം എന്ന കവിതയില്‍ തിരുനെല്ലൂര്‍ കരുണാകരന്‍ എഴുതി,

രാപകലാഹ്ലാദിക്കാതെന്തു നാം ചെയ്യും? രാമ –
രാജ്യത്തിലതിവേഗം ചെന്നു ചേര്‍ന്നല്ലോ നമ്മള്‍!
പൂണ്യമാര്‍ജ്ജിക്കാന്‍ ശൂദ്രതാപസന്മാരെക്കൊന്നും
മണ്ണിന്റെ പെണ്‍മക്കളെക്കണ്ണുനീര്‍ കുടിപ്പിച്ചും
കൌശിക വസിഷ്ഠരെപ്പൂജിച്ചു, മവര്‍ക്കെന്നു –
മൈശ്വര്യമേകും നല്ല പൈക്കളെ സംരക്ഷിച്ചും
ഏകാധിപത്യം ജൈത്രയാത്രക്കു മുമ്പേ വിടും
യാഗാശ്വം നിരപായമെത്തുവാന്‍ സഹായിച്ചും
ആവതും പുരുഷാര്‍ത്ഥം നേടുവാന്‍ കൈവന്നൊരീ
ക്കേവലസന്ദര്‍ഭത്തെപ്പാടിവാഴ്ത്തുക നമ്മള്‍
വെല്ലട്ടെ വര്‍ണാശ്രമ ധര്‍മ്മങ്ങള്‍,യാഗങ്ങളാല്‍
നല്ലപോല്‍ തെളിഞ്ഞിന്ദ്രന്‍ നന്മഴ പെയ്യിക്കട്ടെ –

ഇന്ന് നാം എത്തിനില്ക്കുന്ന ജീവിത പരിസരത്തു നിന്നും വീണ്ടും ഈ കവിത വായിക്കാനെടുക്കുമ്പോള്‍ കടന്നു കാണാനുള്ള കവിയുടെ വൈഭവത്തില്‍ കിടിലം കൊണ്ടു പോകും! അന്നേ മുഴങ്ങിത്തുടങ്ങിയ പെരുമ്പറകള്‍ ആരെയാണ് വരവേല്ക്കാന്‍ പോകുന്നതെന്ന് സുവ്യക്തമായും മനസ്സിലാക്കിയ, സാമൂഹിക സ്പന്ദനങ്ങളില്‍ നിന്നും അത്രമാത്രം ആഴത്തില്‍ പാഠങ്ങള്‍ പഠിച്ചെടുത്ത, എക്കാലത്തും മാനവിതകതയ്ക്കു വേണ്ടി നിലയുറപ്പിച്ചിരുന്ന ഒരു കവിയായിരുന്നു തിരുനെല്ലൂര്‍ കരുണാകരന്‍. അതുകൊണ്ടാണ് വയലാര്‍ അവാര്‍ഡു ലഭിച്ച സമയത്ത് ‘അന്യന്റെ സുഖത്തില്‍ സുഖം കാണുന്ന, അന്യന്റെ ദുഖത്തില്‍ ദുഖം കാണുന്ന ഒരു സാര്‍വ്വമാനവികതയുടെ താളം’ തിരുനെല്ലൂരിന്റെ കവിതകള്‍ക്കുണ്ട് എന്ന് അവാര്‍ഡു കമ്മറ്റി വിലയിരുത്തിയത്.

മനുഷ്യപക്ഷത്തു നിന്നും പാടുന്നവന്റെ/പോരാടുന്നവന്റെ അടങ്ങാത്ത വീര്യം തിരുനെല്ലൂരിന്റെ കവിതയുടെ കേന്ദ്രബിന്ദുവായി അഭിരമിക്കുന്നുണ്ട്. ഒരു ഘട്ടത്തിലും അതിനൊരു കോട്ടം വരുന്നില്ല. കാരണം കക്ഷിരാഷ്ട്രീയത്തിന്റെ ദൈനന്ദിന വ്യവഹാരങ്ങള്‍ക്കപ്പുറത്ത് മനുഷ്യപക്ഷത്തിന്റെ ശരിയേത് എന്ന കൃത്യമായ ധാരണ അദ്ദേഹത്തിന്റെ ഉള്‍ബലമായി എക്കാലത്തും വിളങ്ങി നിന്നിരുന്നു. അത് അദ്ദേഹം തുറന്നു പറഞ്ഞിട്ടുമുണ്ട്.

“എന്റെ കവിതയില്‍ രാഷ്ട്രീയ പക്ഷപാതമുണ്ടെന്ന് ചിലര്‍ പറയുന്നു. ഞാന്‍ അത് അപ്പാടെ നിഷേധിക്കുന്നില്ല. സാഹിത്യത്തിന്റെ ആശ്രയവും ലക്ഷ്യവുമായ ജീവിതത്തെ സാമൂഹികവികാസത്തിന്റെ പശ്ചാത്തലത്തില്‍ നോക്കിക്കാണാന്‍ എഴുത്തുകാരനെന്ന നിലയില്‍ ഞാന്‍ ബാധ്യസ്ഥനാണ്. ആകയാല്‍ ചരിത്രഗതിയെ ബോധപൂര്‍വ്വം നിയന്ത്രിക്കുന്ന രാഷ്ട്രതന്ത്രത്തില്‍ ഉദാസീനനായിരിക്കുവാന്‍ എനിക്ക് നിവൃത്തിയില്ല. സാഹിത്യത്തെ സംബന്ധിച്ചിടത്തോളം അത് രാഷ്ട്രീയ വീക്ഷണമെന്നതിനെക്കാള്‍ ജീവിതവീക്ഷണമാണ്.”

ജീവിതവീക്ഷണം എന്ന് വെറുതെ എഴുതിപ്പോകുന്നതിന്റെ സുഖത്തില്‍ അദ്ദേഹം പ്രയോഗിച്ചതല്ല. ജീവിതത്തിലുടനീളം മനുഷ്യനേയും മാനവികതയേയും താലോലിക്കുന്ന, അവയോട് പക്ഷപാതം കാട്ടുന്ന ഒരു മനസ്സിന്റെ ഉടമയായി ഈ കവി നിന്നുകൊണ്ടുതന്നെയാണ് തന്റെ പ്രതിബദ്ധത അദ്ദേഹം തെളിയിച്ചത്. “മറ്റു പലരേയും പോലെ താന്‍ സ്വീകരിച്ചത് മാര്‍ക്സിസത്തിന്റെ മാര്‍ഗ്ഗമാണ്. തത്വചിന്തകന്മാര്‍ ജീവിതത്തെ പലരീതിയില്‍ വ്യഖ്യാനിക്കുകയേ ചെയ്തിട്ടുള്ളു, വേണ്ടത് അതിനെ മാറ്റിത്തീര്‍ക്കുകയാണ് എന്ന മാര്‍ക്സിന്റെ നിരീക്ഷണം തന്നെയാണ്” ജീവിതത്തില്‍ പുലര്‍ത്തിപ്പോരേണ്ട ഒരാദര്‍ശമാണ് എന്ന കാര്യത്തില്‍ ഈ കവിക്ക് സംശയമേയില്ലതന്നെ.

അതുകൊണ്ട് പണിയെടുത്തവന്റെ, അധ്വാനിക്കുന്നവന്റെ വിയര്‍പ്പിന്റെ മൂല്യത്തെ ഒരു കാലത്തും തള്ളിപ്പറയാനോ വിലകുറച്ചു കാണാനോ സ്ഫടികസുന്ദരങ്ങളായ നിര്‍മിതികള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് രാജാധികാരങ്ങളാണെന്ന് ആഘോഷിക്കുവാനോ ഇദ്ദേഹത്തിന് കഴിയാറില്ല.

“തമ്പൂരാന്‍ മുദാ നിര്‍മ്മിച്ചു തന്‍ യശ:
സ്തംഭമാകുമീയത്ഭുത ഗോപുരം”
അപ്പുരത്തിന്‍ പുരാതന ഗോപുര –
ശില്പമൊന്നിലീ രേഖ വായിക്കവേ
വിസ്മയത്താല്‍ വിരിയും മിഴിയുമായ്
സസ്മിതം സ്വയം ചൊന്നു സന്ദര്‍ശകന്‍
“എത്ര ശക്തനത്തമ്പുരാന്‍, ദൂരെ നി
ന്നിത്രയും കല്ലു താനേ ചുമന്നവന്‍” (ശിലാലേഖ)

എന്ന ചിരി പുറപ്പെട്ടു പോരുന്നത് തന്റെ പക്ഷമേതാണെന്ന് ഉലയാതെ തിരിച്ചറിയുന്ന ഒരുവന്റെ ബോധ്യങ്ങളില്‍ നിന്നാണ്. ദൂരെയുള്ള കുന്നിന്റെ പള്ളയില്‍ നിന്ന് വിയര്‍പ്പിറ്റിച്ച് കല്ലു പൊട്ടിച്ചെടുത്ത് അത് ചുമന്നുകൊണ്ടുവന്ന് രൂപങ്ങള്‍ തീര്‍ത്ത് മിനുക്കിയെടുത്ത് പ്രതിഷ്ഠിച്ചവനോടുള്ള നന്ദിയും സ്നേഹവുമാണ് ഈ കവിത പ്രകടിപ്പിക്കുന്നത്. എന്നു മാത്രവുമല്ല, തനിക്കെന്നല്ല മനുഷ്യനോട് ചേര്‍ന്നു നില്ക്കുന്ന ഒരുവനും ആ കല്ലുചുമന്നവനേയും കൊത്തിയെടുത്തവനേയും മറക്കുക വയ്യ എന്ന പ്രഖ്യാപനം കൂടി ഈ കവിതയിലുണ്ട്. സിംഹാസനങ്ങളുടെ പളപളപ്പില്‍ കണ്ണഞ്ചി കണ്ണുനീരിനെ കല്ലെറിയുന്നവനല്ല താനെന്ന് ശിലാലേഖ തുറന്നു പറയുന്നില്ലേ?

എന്നു മാത്രവുമല്ല,

ധീരത നശിക്കില്ല മര്‍ദ്ദനങ്ങളാല്‍ കൊച്ചു
കൂരകള്‍ പരാജയം സമ്മതിക്കുകയില്ല.
ഒത്തുചേര്‍ന്നൊരായിരം മുഷ്ടികളുയരുമ്പോള്‍
കല്‍ത്തുറുങ്കുകള്‍ വീഴും കൈവിലങ്ങുകള്‍ പൊട്ടും –
എന്ന് പ്രഖ്യാപിക്കുവാനും ഈ കവിക്ക് മടിയേതുമില്ല.

മലയാളത്തില്‍ നാം പല വിപ്ലവശബ്ദങ്ങളേയും കേട്ടിട്ടുണ്ട്. ഒന്നൊന്നിനോട് മാറ്റുരച്ചു നോക്കേണ്ടതില്ലെങ്കിലും കണ്ണുനീരിനോട് സദാ ഐക്യപ്പെട്ടു നില്ക്കുന്ന മാനവികതയുടെ ഉണര്‍ത്തുപാട്ടാണ് തിരുനെല്ലൂരിന്റെ കവിതകളെന്ന് നിസ്സംശയം പറയാം. ‘പൊരുതുന്ന മര്‍ദ്ദിത സേനകള്‍‌‍ക്കെല്ലാമൊരു പോലെ നാം സഖാക്കളാണ്’ എന്ന ബോധ്യം ആ ഐക്യപ്പെടലിനെ കൂടുതല്‍ സാര്‍ത്ഥകമാക്കുന്നു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *