Sat. Apr 27th, 2024
#ദിനസരികള്‍ 876

 

സാമുവല്‍ മെറ്റീര്‍ എന്ന സുവിശേഷ പ്രവര്‍ത്തകന്‍ 1883 ല്‍ ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിച്ച Native Life in Travancore എന്ന പുസ്തകത്തിന്, ഞാന്‍ കണ്ട കേരളം എന്ന പേരില്‍ മനോഹരമായ ഒരു മലയാള പരിഭാഷ എന്‍ സത്യദാസ് നിര്‍വഹിച്ചിട്ടുണ്ട്. താന്‍ നേരിട്ട് അനുഭവിച്ച കേരളത്തെക്കുറിച്ചുള്ള മെറ്റീറിന്റെ വിവരണങ്ങള്‍ അക്കാലത്തെ കേരളത്തിന്റെ സാമൂഹ്യ – സാംസ്കാരിക – രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് വിവരിക്കുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ആ പരിഭാഷയുടെ അവതാരികയില്‍ മതകാര്യങ്ങളെക്കുറിച്ചു മാത്രമല്ല, മറ്റു വിജ്ഞാന ശാഖകളെക്കുറിച്ചും മെറ്റീര്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അത് മതകാര്യങ്ങളില്‍ താല്പര്യമില്ലാത്തവരെപ്പോലും ആകര്‍ഷിച്ചിട്ടുണ്ടെന്നും പി ഗോവിന്ദപ്പിള്ള ചൂണ്ടിക്കാണിക്കുന്നു. “വ്യക്തിപരമായ ഉപയോഗത്തിന് വേണ്ടി ആര്‍ജിച്ച അമൂല്യമായ വസ്തുതകളും അറിവും മറ്റുള്ളവരുടെ ഉപയോഗത്തിനായി ഞാനിവിടെ സമര്‍പ്പിക്കുന്നു. വിശ്വസനീയമായ വസ്തുതകള്‍ ഭാവിയിലെ അന്വേഷണങ്ങള്‍ക്കും പ്രയോഗത്തിനുമുതകുന്ന തരത്തില്‍ ഒരു മുഴുവന്‍ ലൈബ്രറി തന്നെ ഒരൊറ്റ വാല്യത്തില്‍ ഉള്‍‌ക്കൊള്ളുന്ന വിധത്തിലാണ് ഇതിലെ ഓരോ ഭാഗവും ക്രമീകരിച്ചിട്ടുള്ളത്.” എന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ മെറ്റീര്‍ എഴുതുന്നുണ്ട്.

കേരളത്തിലെ അടിമത്ത സമ്പ്രദായത്തെക്കുറിച്ചും ജാതീയമായ ഘടനകള്‍ അതിനെ എങ്ങനെ നിലനിറുത്തുന്നുവെന്നതിനെക്കുറിച്ചും സമഗ്രമായിത്തന്നെ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. “ചരിത്രപരമായിത്തന്നെ ഉത്തരദിക്കില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ തദ്ദേശീയര്‍ക്കുമേല്‍ അധീശത്വം സ്ഥാപിച്ചതിലൂടെയാണ് മലബാറില്‍ അടിമത്തം ശക്തിയാര്‍ജ്ജിച്ചത്. ജനങ്ങള്‍ക്കിടയില്‍ നിരവധി തട്ടുകളെ എളുപ്പത്തില്‍ തിരിച്ചറിയാനാകും. ഏറ്റവും താഴ്ന്ന ജാതിക്കാരും ഒരു പക്ഷേ ഗിരിവര്‍ഗ്ഗക്കാരും അടങ്ങുന്നതാണ് അവയില്‍ ഏറ്റവും പഴക്കമുള്ളത്. ഹിന്ദുജനതയിലെ കൂടുതല്‍ മാന്യതയുള്ളവരാണ് അടുത്ത തട്ട്.എല്ലാറ്റിനും മുകളിലെ തട്ടിലാണ് എണ്ണത്തില്‍ വളരെക്കുറിച്ച് മാത്രമുള്ള ബ്രാഹ്മണര്‍. മതപരമായും സാമൂഹികമായും വളരെയേറെ അധികാര അവകാശങ്ങളുള്ളവരാണ് അവര്‍. ബുദ്ധിശാലികളായ അവരുടെ സ്ഥാനം ഉന്നതമായിരുന്നു.”

ജാതിവ്യവസ്ഥയില്‍ മണ്ണില്‍ പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരെല്ലാം തന്നെ അടിമകളോ അവര്‍ക്കു സമാനമായ ജീവിതം നയിക്കുന്നവരോ ആയിരുന്നു. തട്ടുകള്‍ മുകളിലേക്ക് പോകുന്തോറും മണ്ണില്‍ നിന്നും അകലുകയും അവരുടെ പദവികള്‍ കൂടുതല്‍ ഉയര്‍ന്നതായി കണക്കാക്കപ്പെടുകയും ചെയ്തു. അടിമകളുടെ കുട്ടികളുടെ കാര്യത്തില്‍‌‌പ്പോലും മാതാപിതാക്കള്‍ക്ക് ഒരവകാശവുമുണ്ടായിരുന്നില്ല. അവരവരുടെ ഉടമകള്‍ക്കായിരുന്നു മക്കളുടേയും ഉടമാവകാശമുണ്ടായിരുന്നത്. ഈ അടിമസമ്പ്രദായത്തെക്കുറിച്ച് നാം ഏറെ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ആയ‍തിനാല്‍ ജനനം കൊണ്ടുതന്നെ അടിമകളായി കണക്കാക്കപ്പെടുന്നവരുടെ കാര്യമല്ല മറിച്ച് മറ്റു ചില കാരണങ്ങള്‍‌കൊണ്ട് അടിമകളാകേണ്ടി വന്നവരെക്കുറിച്ചും സാമുവല്‍ മെറ്റീര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

അങ്ങനെ സ്വസ്ഥാനങ്ങളില്‍ നിന്നും ഭ്രഷ്ടരാക്കപ്പെട്ടവരെക്കുറിച്ച് മെറ്റീര്‍ സൂചിപ്പിക്കുന്നുണ്ട്. “കാലാകാലങ്ങളില്‍ അടിമത്തത്തിന്റെ തലത്തിലേക്ക് നിപതിച്ചവരുടെ എണ്ണം അതിവിപുലമായിരുന്നു. അതിന് പല കാരണങ്ങളുണ്ട്. കഷ്ടപ്പാടുകളുടേയും ദാരിദ്ര്യത്തിന്റേയും ഘട്ടങ്ങളില്‍ സ്വന്തം കുട്ടികളെ വില്‍ക്കുന്നതാണ് അതിലൊന്ന് അതിന്നും സംഭവിക്കുന്നുണ്ട്. നാട്ടുരാജാക്കന്മാര്‍ യുദ്ധത്തില്‍ പിടിച്ചുകൊണ്ടു പോകുന്നവരേയും തട്ടിക്കൊണ്ടുപോകുന്നവരേയും അടിമകളാക്കിയിരുന്നു. കുറ്റവാളികളെ അടിമകളാക്കാന്‍ വിധിച്ചിരുന്നു. വഴി പിഴച്ചു പോകുന്ന മേല്‍ ജാതിക്കാരിലെ സ്ത്രീകള്‍ അടിമജാതിക്കാരുമായി സഹവസിക്കുവാന്‍ നിര്‍ബന്ധിതരായിരുന്നു. തങ്ങളുടെ മതം അടിച്ചേല്പിക്കുന്നതിനായി സമ്പന്നരായ മുഹമ്മദീയരും റോമന്‍ കത്തോലിക്കരും അടിമകളെ വിലയ്ക്കു വാങ്ങിയിരുന്നു.” ഇങ്ങനെ പല തരത്തിലാണ് അടിമകള്‍ സൃഷ്ടിക്കപ്പെട്ടിരുന്നത്.

വഴിപിഴച്ചവരെന്ന് സ്വന്തം ജാതിയിലെ മറ്റുള്ളവര്‍ വിധിക്കുന്ന സ്ത്രീകളെ ഭ്രഷ്ടുകല്പിച്ച് പുറത്താക്കുകയോ ഇതര ജാതിയില്‍ പെട്ടവര്‍‌ക്ക് പിടിച്ചുകൊടുക്കുകയോ ചെയ്യുന്നതോടെ അവരുടെ അടിമജീവിതം ആരംഭിക്കുന്നു. എട്ടുവീട്ടില്‍ പിള്ളമാരുടെ കുടുംബാംഗങ്ങളെ രാജശാസനമനുസരിച്ച് തുറകേറ്റി വിട്ട സംഭവം ഓര്‍ക്കുക. ഇത് പിഴച്ചുപോയതിന്റെ ഫലമായുണ്ടായ ജാതിഭ്രഷ്ടിന്റെ ഭാഗമല്ല മറിച്ച് രാജദ്രോഹികളെന്ന് വിധിയെഴുതപ്പെട്ടതുകൊണ്ടാണ്. പള്ളം ഓച്ചിറ ഭാഗങ്ങളില്‍ താഴ്ന്ന ജാതിക്കാര്‍ ഒത്തു കൂടുമ്പോള്‍ ഉയര്‍ന്ന ജാതിയിലെ സ്ത്രീകളെ പിടിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ താഴ്ന്ന ജാതിക്കാര്‍ക്ക് സ്വന്തമായിരിക്കുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. കുംഭം, മീനം മാസങ്ങളില്‍ ഇത്തരം പിടിച്ചെടുക്കലുകള്‍ നടന്നു വരാറുണ്ട്. ആ കാലയളവില്‍ സൂര്യാസ്തമയത്തിനു ശേഷം ഒരു താഴ്ന്ന ജാതിക്കാരന്‍ ഒരു മേല്‍ജാതിക്കാരിയെ കല്ലെറിഞ്ഞ് കൊള്ളിക്കുന്ന പക്ഷം അവള്‍ക്ക് ജാതി നഷ്ടപ്പെടുമെന്നും പിന്നീട് അവന്റെ കൂടെ ജീവിക്കേണ്ടി വരുമെന്നും ഗുണ്ടര്‍ട്ടിനെ ഉദ്ധരിച്ച് മെറ്റീര്‍ എഴുതുന്നു. അതുപോലെ പന്തിഭോജനം, കടല്‍ കടക്കല്‍ തുടങ്ങി മറ്റു ചില കാരണങ്ങളാലും ജാതിഭ്രഷ്ടും അതുവഴിയുള്ള പുറന്തള്ളല്‍‌പ്പെടലുകളുമുണ്ടാകാറുണ്ട്.

ക്ഷാമം പോലെയുള്ള സന്ദര്‍ഭങ്ങളില്‍ സ്വന്തം കുട്ടികളെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണെങ്കില്‍ പോലും വിറ്റു കളയുന്ന മാതാപിതാക്കളുമുണ്ട്. വാങ്ങുന്നവര്‍ കൂടിയ വിലയ്ക്ക് മറിച്ചു വില്ക്കുകയോ മതംമാറ്റുകയോ ഒക്കെ ചെയ്യാറുണ്ടെങ്കിലും തങ്ങളുടെ കുട്ടികള്‍ എങ്ങനെയെങ്കിലുമൊക്കെ ജീവിച്ചിരിക്കുന്നുവല്ലോ എന്ന് ആശ്വസിക്കുന്ന രക്ഷിതാക്കളുമുണ്ടത്രേ! മനുഷ്യത്വരഹിതമായ ഈ തെമ്മാടിത്തരങ്ങളെല്ലാം നമ്മുടെ ഇടയില്‍ നിലനിന്നിരുന്നത് ജാതീയമായ ഉച്ചനീചത്വങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു. മനുഷ്യനായി ഇരുകാലില്‍ ഉയര്‍ന്നു നില്ക്കുവാനും അവകാശങ്ങളെക്കുറിച്ച് ഉച്ചത്തില്‍ സംസാരിക്കാനും ഇന്ന് എല്ലാ അവകാശങ്ങളുമുള്ള ഒരു കാലത്ത് ജീവിക്കുന്ന നാം, ഇടക്കിടയ്ക്ക് പിന്നിട്ടു പോന്ന ഒരു കെട്ടകാലത്തെ ഓര്‍‌ത്തെടുക്കുന്നത് നന്നായിരിക്കും. ജാതി ഘടനയില്‍ അധിഷ്ടിതമായ സാമൂഹ്യ ജീവിതം തിരിച്ചു വരണമെന്ന് വാദിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *