ന്യൂഡല്‍ഹി:
ഏത് വിവാഹമായാലും ഭര്‍ത്താവ് വിശ്വസ്തനും സ്‌നേഹമുള്ളവനുമായാല്‍ മതിയെന്ന് സുപ്രീംകോടതി. ഛണ്ഡീഗഡിലെ വിവാദമായ മിശ്രവിവാഹിതരുടെ കേസ് കേൾക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന പരാമര്‍ശം.
യഥാക്രമം മുസ്ലീമും ഹിന്ദുവുമായ യുവാവും യുവതിയും വിവാഹിതരായതായിരുന്നു കേസിനാസ്പദമായ സംഭവം. പിന്നാലെ, പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടത് മാനിച്ചു യുവാവ് ഹിന്ദുമതവിശ്വാസം സ്വീകരിക്കുകയും ചെയ്തു.
അതേസമയം, പെണ്‍കുട്ടികളെ കബളിപ്പിക്കുന്ന സംഘത്തിൽപ്പെട്ടയാളാണ് ഈ യുവാവെന്നും തന്റെ മകളെ വഞ്ചിക്കാനുള്ള അയാളുടെ നാടകമാണ് വിവാഹമെന്നും ആരോപിച്ചു യുവതിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, ഭര്‍ത്താവ് വിശ്വസ്തനും സ്നേഹമുള്ളവനും ആയാൽ മതിയെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസില്‍ വാദം കേട്ടത്.
‘തൽക്കാലം, പെണ്‍കുട്ടിയുടെ സുരക്ഷിതത്വം മാത്രമാണ് ഞങ്ങള്‍ നോക്കുന്നത്. നിയമവ്യവസ്ഥ മിശ്രവിവാഹങ്ങള്‍ക്ക് എതിരല്ല’- കോടതി പറഞ്ഞു.
എങ്കിലും, പെണ്‍കുട്ടിയുടെ പിതാവിന്റെ ആരോപണം പരിഗണിച്ചു ഇതുമായി ബന്ധപ്പെട്ടവർ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതാണെന്നും കോടതി നിര്‍ദ്ദേശിച്ചു.