Tue. Apr 23rd, 2024
ദോഹ :

ഫുട്ബാൾ ലോകകപ്പിന്റെ യോഗ്യത മത്സരത്തിൽ, കഴിഞ്ഞ ദിവസം ഏഷ്യൻ ചാമ്പ്യൻമാരും ശക്തൻമാരുമായ ഖത്തറിനെ ഇന്ത്യ സമനിലയിൽ തളച്ചത് ടീമിനും ആരാധകർക്കും കുറച്ചൊന്നുമല്ല ആത്മവിശ്വാസം പകരുന്നത്. എന്നാൽ, ഈ മൂല്യമുള്ള നേട്ടത്തിന് പിന്നിൽ പുതിയ പരിശീലകൻ ഇഗര്‍ സ്റ്റിമാച്ചാണെന്നാണ് ഇന്ത്യൻ താരങ്ങൾ പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു, ക്രൊയേഷ്യക്കാരനായ തങ്ങളുടെ പുതിയ കൊച്ചിന്റെ മാഹാത്മ്യം താരങ്ങൾ പങ്കുവച്ചത്.

കോച്ചിന് ആവശ്യത്തിന് സമയം നല്‍കിയാല്‍ ഇന്ത്യയ്ക്ക് ലോകകപ്പ് കളിക്കാമെന്നാണ്, മലയാളി താരങ്ങളായ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും സഹല്‍ അബ്ദുസ്സമദും പറയുന്നത്.
സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റൈന് ശേഷം ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ പുതിയ പരിശീലകനായി നിയമിതനായിരിക്കുന്ന ക്രൊയേഷ്യക്കാരന്‍ ഇഗര്‍ സ്റ്റിമാച്ചില്‍ വലിയ വിശ്വാസമാണ് ടീമിലെ മുഴുവന്‍ അംഗങ്ങളും പ്രകടിപ്പിക്കുന്നത്.

നിലവിലുള്ള യുവതാരങ്ങളെ വെച്ച് കളിമെനയാനും ടീമിന്റെ ശക്തികൂട്ടാനും കോച്ചിന് ആവശ്യത്തിന് സമയം നല്‍കിയാല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യ ലോകകപ്പ് കളിക്കുമെന്ന് അനസ് എടത്തൊടിക വിശ്വസിക്കുന്നു.

വിദേശത്തേക്ക് പോയി നേടുന്ന പരിശീലനങ്ങൾക്ക് തുല്യമാണ് സ്റ്റിമാച്ചിനെ പോലൊരു കൊച്ചോറിന്റെ കീഴിൽ കളിമെച്ചപ്പെടുത്തുന്നതെന്ന് ആഷിഖ് പറയുന്നു.

ഖത്തർ എന്ന ഗ്രൂപ്പിലെ ഏറ്റവും മികച്ച ടീമിനെ സമനിലയില്‍ പിടിച്ചു കഴിഞ്ഞസ്ഥിതിക്ക് അഫ്ഗാനെയും ബംഗ്ലാദേശിനെയും തോല്‍പ്പിക്കേണ്ടതുണ്ടെന്നും അതിനു കഴിയുമെന്നാണ് പ്രതീക്ഷയെന്നും സഹല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *