അമരാവതി:
ഭരണകക്ഷിയുടെ അക്രമരാഷ്ട്രീയത്തിനെതിരെ പ്രതിഷേധ മാർച്ച് നടത്താനിരിക്കവേ ടി.ഡി.പി. പാർട്ടി അധ്യക്ഷനും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനേയും മകന്‍ നാരാ ലോകേഷിനെയും അമരാവതിയിൽ വീട്ടുതടങ്കലിലാക്കി. വ്യാഴാഴ്ച വൈകിട്ട് വരെ വീട്ടുതടങ്കൽ തുടരുമെന്ന് ആന്ധ്ര പോലീസ് അറിയിച്ചു. ക്രമസമാധാന പ്രശ്നം മുൻനിർത്തിയാണ് നടപടിയെന്നാണ് വിശദീകരണം.
വൈ.എസ്.ആർ. കോൺഗ്രസിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരെ ഗുണ്ടൂരിൽ ടി.ഡി.പി. റാലി നടത്തുന്നതിന് തൊട്ടുമുമ്പാണ് ഇരുവരെയും പോലീസ് വീട്ടുതടങ്കലില്‍ ആക്കിയത്.
‘ചലോ ആത്മാക്കുർ’ എന്ന റാലിക്ക് ചന്ദ്രബാബു നായിഡു നേരത്തെ, ആഹ്വാനം ചെയ്തിരുന്നു. ഇതിൽ പങ്കെടുക്കുവാനായി ആയിരക്കണക്കിന് പ്രവർത്തകരോട് ഗുണ്ടൂരിലെത്താൻ നായിഡു ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ രാവിലെ റാലി തുടങ്ങും മുൻപേ നായിഡുവും മകനും അമരാവതിയിൽ വീട്ടുതടങ്കലിലായി. അമരാവതിയിലെ ചന്ദ്രബാബു നായിഡുന്റെ വീടിലെ പ്രധാന ഗേറ്റ് പോലീസ് എത്തി പൂട്ടി. നിലവിൽ, ടി.ഡി.പി.യുടെ പ്രധാന നേതാക്കളെല്ലാരും വീട്ടുതടങ്കലിലാണ്.
എന്നാൽ, പോലീസ് എപ്പോഴാണോ പിന്മാറുക അപ്പോൾ ചലോ ആത്മകുർ എന്ന റാലിയുമായി മുന്നോട്ടു പോകുകത്തന്നെ ചെയ്യുമെന്ന തീരുമാനത്തിലാണ് ചന്ദ്രബാബു നായിഡു. ടി.ഡി.പി.യുടെ പ്രതിഷേധ പശ്ചാത്തലത്തിൽ സംസ്ഥാനത്തു സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.