Mon. Dec 23rd, 2024
#ദിനസരികള്‍ 875

 
ഇഴഞ്ഞു കളിക്കുന്ന പ്രായത്തില്‍ എന്റെ മകള്‍ ഒരു ദിവസം കട്ടിലിന്റെ അടിയിലേക്ക് നൂണ്ടുപോയി. എന്തോ പുസ്തകത്തിന്റെ വായനയില്‍ കുടുങ്ങിപ്പോയിരുന്ന ഞാനതു കണ്ടില്ല. അമ്മ വന്ന് കുഞ്ഞെന്തിയേടാ എന്നു ചോദിക്കുമ്പോഴാണ് ഞാനും ശ്രദ്ധിക്കുന്നത്. പിന്നെയൊരു വെപ്രാളമായിരുന്നു. പുറത്തേക്കുള്ള വാതിലെല്ലാം അടച്ചിരുന്നുവെങ്കിലും വീടിനകത്തെല്ലാം പരതി കാണാത്തതുകൊണ്ട് വീടിനു ചുറ്റും ഒരോട്ടം ഓടി.കട്ടിലിനടയിലേക്ക് നോക്കിയതുമില്ല. കുഞ്ഞ് പുറത്ത് പോകില്ലെന്നുറപ്പായിട്ടും അതെല്ലാം മറന്നു. ഇനി ആരെങ്കിലും എടുത്തുകൊണ്ടു പോയോ എന്നുമൊക്കെ ചിന്തിച്ച് ഒരു നിമിഷം കൊണ്ട് ഞാനാകെ പരവശനായിരുന്നു. അപ്പോഴേക്കും കട്ടിലിനടിയില്‍ നിന്നും അമ്മ അവളെ കണ്ടെത്തിയിരുന്നു. പക്ഷേ ആ ഒന്നോ രണ്ടോ മിനുട്ടുകൊണ്ട് ഞാന്‍ അനുഭവിച്ച വെപ്രാളവും വേവലാതിയുമൊന്നും നാളിതുവരെയുള്ള ജീവിതത്തിന്റെ ഒരു ഘട്ടത്തിലും അഭിമുഖികരിക്കേണ്ടി വന്നിട്ടില്ല. വീടിനകത്ത് കാണാതായപ്പോള്‍ മോളേ എന്നു വിളിച്ചുകൊണ്ടാണ് പുറത്തേക്കോടിയത്. ആ കുറഞ്ഞ സമയത്തിനുള്ളില്‍ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയത്?

സമാനമായ ഒരനുഭവം പി ഗോവിന്ദപ്പിള്ളയെക്കുറിച്ച് മകന്‍ രാധാകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. ഒരു യാത്രക്കിടെ ഏതോ റെയില്‍വേ സ്റ്റേഷനിലെ പുസ്തകക്കടയില്‍ കയറിയ പി ജി വായനയില്‍ മുഴുകി കൂടെയുള്ള മകന്റെ കാര്യം മറന്നു. മകനാകട്ടെ കാഴ്ചകള്‍ കണ്ട് കണ്ട് അച്ഛനെ വിട്ടുപോയി. ഒറ്റക്കായിപ്പോയ കുട്ടിയെ റെയില്‍‌വേ പോലീസ് തങ്ങളുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരല്പ നേരത്തിനു ശേഷം മകനെ അന്വേഷിച്ച് ആകെ വിയര്‍ത്തു കുളിച്ച് മുറിയിലേക്ക് കയറി വന്ന അച്ഛനെ ഒരിക്കല്‍ പോലും അത്രയേറെ വിവശനായി കണ്ടിട്ടില്ലെന്ന് രാധാകൃഷ്ണന്‍ പറയുന്നു.
രണ്ട് സംഭവങ്ങളേയും വെറുതെ വായിച്ചു പോയാല്‍ ആ അനുഭവങ്ങളുടെ തീവ്രത നമുക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. ചിലപ്പോഴെങ്കിലും അനുഭവിച്ചു തന്നെ അറിയണം എന്ന് നാം പറയാറില്ലേ? അതിവിടെ ഒരു പരിധി വരെ ശരിയാണെന്നതാണ് വാസ്തവം.

ഇതെഴുതാന്‍ കാരണം ഇന്നലെ ഇടുക്കിയിലെ രാജാക്കാട് ജീപ്പില്‍ നിന്നും റോഡില്‍ വീണ ഒന്ന വയസ്സുള്ള കുഞ്ഞ് രാത്രിയില്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലേക്ക് ഇഴഞ്ഞെത്തിയ സംഭവമാണ്. ഒരുള്‍‌ക്കിടിലത്തോടെയല്ലാതെ നമുക്ക് ആ വാർത്ത വായിക്കാനോ കുഞ്ഞ് ഇഴഞ്ഞു പോകുന്ന വീഡിയോ കാണാനോ കഴിയില്ല. എന്തൊരു അത്ഭുതകരമായ രക്ഷപ്പെടലായിരുന്നു അത്! റോഡിലിടിച്ചു വീണതുകൊണ്ട് നെറ്റിയില്‍ ഒരു മുറിവുണ്ടായി എന്നതൊഴിച്ചാല്‍ കുട്ടിയ്ക്ക് കാര്യമായ പരിക്കൊന്നുമേല്ക്കാതിരുന്നതുകൊണ്ട് വെളിച്ചം കണ്ടിടത്തേക്ക് ഇഴഞ്ഞു നീങ്ങാന്‍ കഴിഞ്ഞു. ആയതിനാല്‍ കുട്ടിക്ക് രക്ഷപ്പെടാനും സാധിച്ചു. ആ സമയത്ത് ഏതെങ്കിലും ഒരു വണ്ടി വരാതിരുന്നതും ഭാഗ്യമായി. യാത്രയുടെ ക്ഷീണത്തില്‍ വീട്ടിലെത്തുന്നതുവരെ കുട്ടി കൈയ്യിലില്ലെന്ന് അമ്മ തിരിച്ചറിഞ്ഞില്ലത്രേ! കുട്ടി കൂടെയില്ലെന്ന് മനസ്സിലാക്കിയ നിമിഷം മുതല്‍ അവര്‍ അനുഭവിച്ച വേദനയെക്കുറിച്ചാണ് ഈ സംഭവം വായിച്ചതുമുതല്‍ ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നത്.

എന്തായാലും ഒരു യാത്രക്കിടെ നാല്പതു കിലോമീറ്റര്‍ ദൂരത്തോളം കുട്ടിയെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്ന വീഴ്ചക്ക് ആയമ്മ നല്കേണ്ടി വന്ന വില അവരുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്തതാണ്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *