Sat. Apr 20th, 2024
#ദിനസരികള്‍ 874

 
‘എന്റെ പ്രധാനമന്ത്രി മനുഷ്യനാണ്’ എന്ന അടിക്കുറിപ്പോടെ ഐ.എസ്.ആര്‍.ഒ. ചെയര്‍മാനെ പ്രധാനമന്ത്രി നരേന്ദ്രമോദി ആലിംഗനം ചെയ്തതിനെ ജനം ആഘോഷിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ജനം എന്ന പൊതു പ്രയോഗത്തില്‍ ഞാനും പെടുമെന്നുള്ളതുകൊണ്ട് എന്റെ പ്രധാനമന്ത്രി മനുഷ്യനാണ് എന്ന പ്രചാരണപരിപാടിയുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്ന് കരുതുന്നു.

ഈ ആലിംഗനം മാധ്യമങ്ങള്‍ക്കു മുന്നില്‍ വെച്ച് മോദി കാണിച്ച ഒരടവായിരുന്നുവെന്ന് ഇപ്പോള്‍ ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. താന്‍ പോറ്റി വളര്‍ത്തുന്ന പാണന്മാര്‍ക്ക് പാട്ടുകളുണ്ടാക്കാന്‍ ബോധപൂര്‍വ്വം ഒരവസരം സൃഷ്ടിച്ചു നല്കുകയായിരുന്നു അദ്ദേഹം. അതല്ലെങ്കില്‍ ഉപദേശകരുടെ വാക്കുകളനുസരിച്ചള്ള ഒരു നാടകം – രണ്ടായാലും വളരെ ബോധപൂര്‍വ്വമാണ് ആ ആലിംഗനം പ്ലാന്‍ ചെയ്യപ്പട്ടതെന്നത് വ്യക്തം. എന്തായാലും മോദിയും കൂട്ടരും ഉദ്ദേശിച്ചതുപോലെ ഒരു പുതിയ പ്രചാരണ വാചകമായി – എന്റെ പ്രധാനമന്ത്രി മനുഷ്യനാണ്.

അതോടൊപ്പം തന്നെ നല്ലതിനെ നല്ലതെന്ന് പറയണമെന്ന വാദത്തോടെ സ്വതന്ത്രരാണെന്ന് അവകാശപ്പെടുന്ന ഒരു കൂട്ടവും മോഡിയ്ക്ക് കൈയ്യടിക്കാന്‍ ഓടിയെത്തിയിട്ടുണ്ട്. എല്ലാ കാര്യത്തിലും മോദിയെ വിമര്‍ശിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് നാം പിന്തുണ കൊടുക്കണമെന്നും പ്രതിപക്ഷ നേതാക്കന്മാര്‍ പോലും വാദിക്കുന്നത് നാം കണ്ടു.

എന്നാല്‍ ഗുജറാത്തിലെ ഗോധ്ര മുതലുള്ള കലാപത്തിന്റെ നിണക്കളങ്ങളിലൂടെ അധികാരത്തിന്റെ അകത്തളങ്ങളിലേക്ക് നടന്നു കയറിയ മോദിയെ നമുക്ക് അത്ര പെട്ടെന്ന് മനുഷ്യനെന്ന ഗണത്തിലേക്ക് നീക്കിനിറുത്തി വെളുപ്പിച്ചെടുക്കാന്‍ കഴിയുമോ? മുസ്ലിം മതന്യൂനപക്ഷത്തിനെതിരെ അക്കാലത്ത് നടന്ന വംശഹത്യയില്‍ പങ്കുവഹിച്ച നരേന്ദ്രമോദിയെന്ന മുഖ്യമന്ത്രിയെക്കുറിച്ച് ഗുജറാത്ത് സ്റ്റേറ്റ് പോലീസിലെ ഉന്നതനായിരുന്ന ആര്‍.ബി. ശ്രീകുമാര്‍ എഴുതിയത് നമുക്ക് മറക്കാനാകുമോ? പ്രധാനമന്ത്രിയായ ശേഷം രാജ്യത്ത് മതന്യൂനപക്ഷഘങ്ങള്‍‌ക്കെതിര അരങ്ങേറിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളെ ഒരു തവണ പോലും അപലപിക്കാന്‍ തയ്യാറാകാത്ത ഒരാളെ നമുക്ക് മനുഷ്യനെന്ന് വിളിക്കാനാകുമോ?

പശുവിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെടുകയും ജീവനോടെ കത്തിക്കപ്പെടുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ടായിട്ടും ഒരക്ഷരം പ്രതികരിക്കാതിരുന്ന ഒരാളെ നിങ്ങളെങ്ങനെയാണ് ഒറ്റയടിക്ക് മനുഷ്യനെന്ന വിശേഷണത്തിന്റെ സൌഭാഗ്യങ്ങള്‍ അനുഭവിക്കുവാന്‍ അനുവദിക്കുക? അസമില്‍ പത്തൊമ്പതു ലക്ഷം ജനതയെ അനാഥരാക്കി മാറ്റിയ ഒരു നടപടിക്കെതിരെ ഒരു തവണ പോലും പ്രതികരിക്കാത്ത ഒരാളെ മനുഷ്യനാണെന്ന് വിശേഷിപ്പിക്കാന്‍ നിങ്ങള്‍ എന്തിനാണ് അമിതമായി വ്യഗ്രതപ്പെടുന്നത്? ഭരണഘടനാപരമായ മൂല്യങ്ങളെ നിഷേധിച്ചുകൊണ്ട് കാശ്മീരിലെ ജനതയുടെ മുഴുവന്‍ മനുഷ്യാവകാശങ്ങളേയുമില്ലാതാക്കി കിരാത ഭരണം നടപ്പാക്കുന്ന ഒരു അധികാരിയെ നാം എങ്ങനെയാണ് ഒരാലിംഗനം കൊണ്ട് മനുഷ്യനാക്കുക?

അങ്ങനെ എത്രയോ മനുഷ്യവിരുദ്ധമായ സംഭവങ്ങള്‍! ഇടപെടലുകള്‍! ഇല്ലാതാക്കലുകള്‍! അതിനെയെല്ലാം ഒരൊറ്റ ആലിംഗനം കൊണ്ട് മറന്നു കളയണമെന്നാണെങ്കില്‍ അത് എന്നെ സംബന്ധിച്ച് അസാധ്യമാണ്. അതുകൊണ്ട് അന്യായമായതിനെയൊക്കെ മറന്നുകൊണ്ട് ആര്‍പ്പുവിളിക്കാനുള്ളവരുടെ പട്ടികയില്‍ എന്റെ പേര് ഉള്‍‌പ്പെട്ടിട്ടുണ്ടെങ്കില്‍ ദയവായി വെട്ടിയേക്കുക!

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *