ന്യൂ ഡല്‍ഹി:
ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെയും കുടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.
1984ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതിന് പിന്നാലെ ദില്ലിയില്‍ നടന്ന സിഖു വിരുദ്ധ കലാപത്തില്‍ കമല്‍നാഥിന്റെ പങ്ക് പുനരന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കരുക്കള്‍ നീക്കിത്തുടങ്ങി. അക്രമാസക്തരായി രകബ്ഗഞ്ച് ഗുരുദ്വാരക്ക് മുന്നിലേക്കെത്തിയ കലാപകാരികള്‍ക്ക് നേതൃത്വം നല്‍കിയത് കമല്‍നാഥായിരുന്നു എന്ന പഴയ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് പുനരന്വേനഷണം തുടങ്ങുന്നത്.
ബി.ജെ.പിയുടെ പഞ്ചാബിലെ സഖ്യകക്ഷിയായ അകാലിദള്‍ ആണ് കേസില്‍ കമല്‍നാഥിനെതിരെ പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കലാപവുമായി ബന്ധപ്പെട്ട് നേരത്തേ അന്വേഷണം അവസാനിപ്പിച്ച 220ഓളം കേസുകള്‍ പുനരന്വേഷിക്കാനാണ് തീരുമാനം.
ജസ്റ്റിസ് ജി.ടി. നാനാവതി കമ്മീഷനായിരുന്നു സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചന്വേഷിച്ചിരുന്നത്. ഗുരുദ്വാരക്ക് മുന്നില്‍ കമല്‍നാഥ് ഉണ്ടായിരുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ നാനാവതി കമ്മീഷനു മുന്നില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. അതേസമയം താന്‍ പോയത് കലാപം നിയന്ത്രിക്കാന്‍ വേണ്ടിയായിരുന്നു എന്നാണ് കമല്‍നാഥ് നല്‍കിയ വിശദീകരണം. കലാപത്തില്‍ കമല്‍നാഥിനു പങ്കുള്ളതായി തെളിവില്ലെന്നും കമ്മീഷന്‍ കണ്ടെത്തി.
ഇതിനിടെ കലാപവുമായി ബന്ധപ്പെട്ട് 88 പേരുടെ ശിക്ഷ ദില്ലി ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ശരിവെച്ചിരുന്നു.
അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് കേസുമായി ബന്ധപ്പെട്ട് കമല്‍നാഥിന്റെ ബന്ധുവായ രതുല്‍പുരി അറസ്റ്റിലായതിനെ തുടര്‍ന്നാണ് കമല്‍നാഥിനെതിരെയും കേന്ദ്ര സര്‍ക്കാര്‍ കരുക്കള്‍ നീക്കാന്‍ തുടങ്ങിയത്. കലാപവുമായി ബന്ധപ്പെട്ട് കമല്‍നാഥിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കും. കമല്‍നാഥിനെ കൂടാതെ ജഗദീഷ് ടൈറ്റ്‌ലര്‍, സജ്ജന്‍ കുമാര്‍ എന്നിവര്‍ക്കെതിരെയും സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നിരുന്നു.