Fri. Nov 22nd, 2024
കൊച്ചി:

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയില്‍ അടിയന്തിര യോഗത്തില്‍ ഫ്‌ളാറ്റുടമകള്‍ക്ക് ഇന്നു തന്നെ നോട്ടീസ് നല്‍കാന്‍ തീരുമാനം. അഞ്ച് ദിവസത്തിനകം ഫ്‌ളാറ്റുകള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്ന് മരട് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ അറിയിച്ചു.

അതേസമയം അഞ്ഞൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന മരടിലെ ഫ്‌ലാറ്റ് സമുച്ചയം പൊളിച്ചുനീക്കരുത് എന്ന വികാരമാണ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പൊതുവെ ഉയര്‍ന്നത്. ബഹുഭൂരിപക്ഷം അംഗങ്ങള്‍ക്കും ഇതേ അഭിപ്രായം തന്നെയായിരുന്നു. താമസക്കാരുടെ അവസ്ഥ മനസിലാക്കി സര്‍ക്കാര്‍ തന്നെ സുപ്രീം കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കണം എന്നാണ് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടത്.

മരട് നഗരസഭാ കൗണ്‍സിലിന്റെ അഭിപ്രായം തേടാതെയാണ് ജില്ലാ കളക്ടര്‍ ഉള്‍പ്പെട്ട മൂന്നംഗ സമിതി സുപ്രീം കോടതിയില്‍ റിപ്പോര്‍ട് നല്‍കിയത്. അതിനാല്‍ വിധി ഏകപക്ഷീയമാണെന്നും നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തന്നെ റിവിഷന്‍ ഹര്‍ജി നല്‍കണമെന്ന് ഭരണപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു.

സുപ്രീംകോടതി ഉത്തരവിനെ മനുഷ്യാവകാശ ലംഘനമായി കാണണം എന്ന് പ്രതിപക്ഷാംഗങ്ങള്‍ പ്രമേയം അവതരിപ്പിച്ചു. ഫ്‌ലാറ്റ് പൊളിക്കാന്‍ അനുവദിക്കില്ലെന്നു കാണിച്ച് നഗരസഭ പ്രമേയം പാസാക്കണമെന്നും പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. താമസക്കാരായ ഫ്‌ളാറ്റുടമകളുമായി സംസാരിക്കാന്‍ പോലും ചീഫ് സെക്രട്ടറി തയ്യാറായില്ലെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.

ഫ്‌ളാറ്റിലെ താമസക്കാരുടെ അവകാശങ്ങള്‍ പരിഗണിക്കണം എന്നാവശ്യപ്പെടുന്ന രണ്ടു പ്രമേയങ്ങളും നഗരസഭ പാസാക്കുകയും ചെയ്തു.

അതേസമയം സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും നഗരസഭയോടാവശ്യപ്പെട്ടിരുന്നു. കോടതി ഉത്തരവിന്റെയും സര്‍ക്കാര്‍ നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തില്‍ തുടര്‍ നടപടികളുമായി മുന്നോട്ടു പോകേണ്ട അവസ്ഥയിലാണ് നഗരസഭ. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുന്നതടക്കമുളള നടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് മരട് നഗരസഭാധ്യക്ഷ ടി.എച്ച് നദീറ അറിയിച്ചു.

ഇതിനിടെ ഫ്‌ലാറ്റ് പൊളിക്കുന്നതിന് വിവിധ ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിക്കാനുള്ള നടപടികളും നഗരസഭ ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഈ മാസം 18ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും.

ഇതിനിടെ പ്രതിഷേധവുമായി ഫ്‌ലാറ്റ് ഉടമകളും നഗരസഭയിലെത്തിയിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ള സംഘമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തിരുവോണ ദിവസം നഗരസഭയ്ക്കു മുന്നില്‍ നിരാഹാരമിരിക്കാനാണ് ഫ്‌ളാറ്റുടമകളുടെ തീരുമാനം.

അതേസമയം ഫ്‌ളാറ്റുടമകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ റിട്ടു ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചേക്കില്ലെന്ന് സൂചന. ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് അരുണ്‍ മിശ്ര റിട്ട് ഹര്‍ജികള്‍ ലിസ്റ്റു ചെയ്യരുതെന്ന് രജിസ്ട്രിക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നാലു ഫ്‌ളാറ്റുടമകള്‍ സംയുക്തമായി നല്‍കിയ റിട്ട് ഹര്‍ജി സുപ്രീം കോടതിയില്‍ ഇതുവരെ ലിസ്റ്റുചെയ്തിട്ടില്ലെന്നാണ് സൂചന. നാളെ വൈകുന്നേരത്തോടെ രജിസ്ട്രിയില്‍ നിന്നും അനുകൂലമായ തീരുമാനം ഉണ്ടായേക്കുമെന്നാണ് ഫ്‌ളാറ്റുടമകളുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *