Wed. Jan 22nd, 2025

പ്രശസ്തമായ വെനീസ് അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ മികച്ച സിനിമയായി ‘ജോക്കര്‍’ തിരഞ്ഞെടുക്കപ്പെട്ടു.
ഓസ്കാര്‍ അവാര്‍ഡിൽ വരെ എപ്പോഴും പ്രതിഫലിക്കുന്ന ഒന്നാണ് വെനീസിലെ പുരസ്കാരം എന്നതിനാൽ, വലിയ പ്രതീക്ഷകളോടെയാണ് ജോക്കർ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ആരാധകരും ഈ പുരസ്‌ക്കാര നേട്ടത്തെ കാണുന്നത്. മുൻകാലങ്ങളിൽ വെനീസ് മേളയിൽ പുരസ്കാരങ്ങള്‍ക്ക് അർഹമായ റോമ, ഷെയ്പ്പ് ഓഫ് വാട്ടര്‍ തുടങ്ങിയ സിനിമകള്‍ക്ക് ഓസ്കാർ വേദിയിലും മിന്നുന്ന പുരസ്കാര നേട്ടങ്ങള്‍ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു.

ആര്‍തര്‍ ഫ്‌ളെക്ക് എന്ന സ്റ്റാന്‍ഡ്അപ് കൊമേഡിയന്റെ കഥ പറയുന്ന ചിത്രമാണ് ജോക്കർ. സ്റ്റാന്‍ഡ്അപ് കൊമേഡിയനിൽ നിന്നും ജോക്കറിലേക്കുള്ള ആര്‍തര്‍ ഫ്‌ളെക്കിന്റെ പരിണാമമാണ് സിനിമയുടെ ഇതിവൃത്തം.

നേരത്തെ, അഭിനയ, അവതരണ മികവുകളാൽ ചിത്രത്തിന്റെ ട്രെയ്‌ലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ ‘ദി ഡാർക്ക് നൈറ്റ്’ എന്ന സിനിമയിലൂടെ ആഗോളതലത്തിൽ ആകർഷിക്കപെട്ട ജോക്കർ എന്ന കഥാപാത്രത്തിന്റെ ആരാധകരുൾപ്പെടെ, ഹോളിവുഡ് മുഴുവനായും ഈ വര്‍ഷം കാത്തിരിക്കുന്ന ഏറ്റവും വലിയ സിനിമകളിലൊന്നാണ് ജോക്കർ.

‘ദി ഹാങ് ഓവർ’ എന്ന ചിത്രത്തിലൂടെ പ്രസിദ്ധനായ ടോഡ് ഫിലിപ്സാണ് ജോക്കര്‍ സംവിധാനം ചെയ്തിരിക്കുന്നത്. മൂന്ന് തവണ അക്കാദമി അവാർഡ് നോമിനേഷൻ ലഭിച്ച ഹ്വാക്കിൻ ഫീനിക്സാണ് ജോക്കർ ചിത്രത്തിലൂടെ ഐതിഹാസിക വില്ലന് വീണ്ടും പുനർജീവിപ്പിച്ചിരിക്കുന്നത്.

ഡാർക്ക് നൈറ്റിലെ ബാറ്റ്മാന്റെ എതിരാളി ജോക്കറായി അഭിനയിച്ച ഹീത്ത് ലെഡ്ജറുടെ അഭിനയത്തിനു കിടപിടിക്കും വിധത്തിലാണ് ജോക്കറിലെ ഹ്വാക്കിൻ ഫീനികസിന്റെ പ്രതിഭ എന്നാണ് വെനീസില്‍ നിന്നുള്ള സിനിമാ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നത്. എൺപതുകളിലെ ചിത്രം, മാർട്ടിൻ സ്കോർസെസിയുടെ ദി കിങ് ഓഫ് കോമഡിയിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടാണ് ഫിലിപ്സ് ജോക്കർ എന്ന ചിത്രം ചെയ്തിരിക്കുന്നത്.

ഒക്ടോബറിലായിരിക്കും ജോക്കർ ഇന്ത്യൻ തീയേറ്ററുകളിൽ എത്തുക.

Leave a Reply

Your email address will not be published. Required fields are marked *