ഷാങ്‌ഹായ്:
ചൈനയുടെ ഓൺലൈൻ വിപണിയിൽ നിന്നും കുതിച്ചുയർന്ന് ആഗോളതലത്തിലെ ഭീമൻ കമ്പനികളുടെ നിരയിലേക്ക് വളർന്നു വന്ന ആലിബാബയുടെ അധ്യക്ഷസ്ഥാനത്തു നിന്നു ജാക്ക് മാ ഒഴിയുകയാണ്. തന്റെ അൻപത്തഞ്ചാം പിറന്നാൾ ആഘോഷിക്കേയാണ് ജാക്ക് മാ ഇക്കാര്യം വ്യക്തമാക്കിയത്.
അധ്യാപകനായി ജീവിതം ആരംഭിച്ച ജാക്ക് പിന്നീടു സംരംഭകനായി മാറുകയും ആലിബാബ എന്ന ചൈനീസ് കമ്പനിയെ ലോകോത്തര കമ്പനികളുടെ നിരയിലേക്ക് ഉയർത്തി അത്ഭുതങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
വിദ്യാഭ്യാസരംഗത്തു കൂടുതൽ സേവനം ചെയ്യുവാൻ ആഗ്രഹിക്കുന്നതിനാലാണ് താൻ അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയുന്നത്. അന്തർദേശിയ ബ്രാൻഡ് ആയ മൈക്രോസോഫ്റ്റിന്റെ സ്ഥാപകൻ ബിൽ ഗേറ്റ്സിനെപ്പോലെ പുതിയ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താനും നവീന വിദ്യാഭ്യാസപദ്ധതികൾക്ക് രൂപം കൊടുക്കാനും അവ ഏറ്റെടുക്കാനുമൊക്കെയാവും ഇനി ആലിബാബ സ്ഥാപകൻ ജാക്ക് മാ യുടെ ശ്രദ്ധ.
മൈക്രോസോഫ്റ്റ്, ആപ്പിൾ, യാഹൂ തുടങ്ങിയ കമ്പനികളുടെയൊക്കെ തലപ്പത്തുള്ളവർ കസേര ഒഴിഞ്ഞപ്പോൾ അതാത് കമ്പനികൾ നേരിട്ടതുപോലെ വലിയൊരു നടുക്കം പക്ഷെ, ആലിബാബയുടെ കാര്യത്തിൽ ഉണ്ടാവാനിടയില്ല. ചൊവ്വാഴ്ച ജാക്ക് മാ പടിയിറങ്ങുമ്പോൾ, ആലിബാബ ഓഹരികളെയും കമ്പനിയുടെ മുന്നോട്ടുള്ള യാത്രയെയും ഒരു തരത്തിലും കീഴ്‌പ്പെടുത്താനാവാത്ത വിധം വലിയ മുൻകരുതലുകളോടെയായിരുന്നു ആ നീക്കം.
ഒരു വർഷം മുൻപേ ആരംഭിച്ചിരുന്ന അധികാരക്കൈമാറ്റമായിരുന്നു അത്. യുഎസ് – ചൈന വ്യാപാരയുദ്ധം നടന്ന സാഹചര്യത്തിലും ആടിയുലയാതെ കൂടുതൽ കൂടുതൽ മേഖലകൾ കൈക്കലാക്കി ആലിബാബ തന്റെ പ്രയാണം തുടർന്നു കൊണ്ടുതന്നെയാണിരിക്കുന്നത്.