Wed. Nov 6th, 2024
അഹമ്മദാബാദ്:

ഇന്ത്യയിൽ ജീവിക്കുന്ന ഓരോ പൗരന്‍മാർക്കും തങ്ങളുടെ സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നും അതിനെ രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്നും ജസ്റ്റിസ് ദീപക് ഗുപ്ത. ഭൂരിപക്ഷവാദം നിയമമായി പരിഗണിക്കാനാവില്ല. ന്യൂനപക്ഷങ്ങൾക്കും അവരുടെ ആവിഷ്കാരങ്ങൾ പ്രകടമാക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച അഹമ്മദാബാദില്‍ അഭിഭാഷകര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയില്‍ “ആവിഷ്‌കാരസ്വാതന്ത്ര്യവും രാജ്യദ്രോഹവും” എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എക്‌സിക്യൂട്ടീവിനും നീതിപീഠത്തിനും ഉദ്യോഗസ്ഥാധിപത്യത്തിനും സായുധസേനയ്ക്കും നേരെയുള്ള വിമര്‍ശനങ്ങളെ ഒരിക്കലും രാജ്യദ്രോഹമായി കാണാനാവില്ല. ഇത്തരം വിമര്‍ശനങ്ങളെ നമ്മള്‍ അടിച്ചമര്‍ത്താനാണു ശ്രമിക്കുന്നതെങ്കിൽ നമ്മുടേത് ജനാധിപത്യ രാജ്യം എന്നതിന് പകരം പോലീസ് രാജാകും.

എന്നെ സംബന്ധിച്ചു ഭരണഘടനയില്‍ അധികം പറഞ്ഞിട്ടില്ലാത്ത ഒരു അവകാശം കൂടിയുണ്ട്. അഭിപ്രായം പ്രകടിപ്പിക്കാനും മനസ്സാക്ഷിക്കുനിരക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യത്തിനു പുറമെ ഏറ്റവും പ്രാധാന്യമുള്ള ഒന്നുണ്ട്, അത് വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ്. ഓരോ സമൂഹത്തിനും അവരുടേതായ നിയമങ്ങളുണ്ട്. ഈ കാലപ്പഴക്കം ചെന്ന നിയമങ്ങളിലും സമ്പ്രദായങ്ങളിലും ജനം കടിച്ചുതൂങ്ങുമ്പോള്‍ സമൂഹം വികസിക്കുന്നില്ല, അത് ക്ഷയിക്കുകയാണ്.

പുതിയ ചിന്തകൾ/ചിന്തകർ ഉദിക്കുന്നത് സമൂഹത്തിന് വളരെ സ്വീകാര്യമായ പെരുമാറ്റച്ചട്ടങ്ങളോട് വിയോജിക്കുമ്പോഴാണ്. എല്ലാവരും നടക്കുന്ന വഴികൾ മാത്രം നാം പിന്തുടർന്നാൽ ഒരിക്കലും പുതിയ പാതകള്‍ സൃഷ്ടിക്കപ്പെടില്ല. മനസ്സിന്റെ പുതിയ വാതായനങ്ങള്‍ വികസിക്കുകയുമില്ല. നവീന ചിന്തകളും മതാചാരങ്ങളുമെല്ലാം വികസിക്കുക പഴയതിനെ ചോദ്യം ചെയ്യുമ്പോള്‍ മാത്രമാണ്.” ജസ്റ്റിസ് ഗുപ്ത പറഞ്ഞു.

ആയതിനാൽ തന്നെ, അഭിവാഞ്ഛകള്‍ എപ്പോഴും ഉപേക്ഷിക്കാതിരിക്കുക. എന്തുകൊണ്ടാണീ വിശ്വാസം, എന്തു കൊണ്ട് പുതിയ ഒന്ന് ഉണ്ടാവുന്നില്ല എന്ന് എല്ലായ്‌പ്പോഴും സ്വയം ചോദിച്ചുകൊണ്ടിരിക്കുക. അപ്പോഴാണ് സമൂഹം വികസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഏത് സര്‍ക്കാരുമായിക്കൊള്ളട്ടെ, അധികാരത്തിലുള്ള സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള എല്ലാവിധ അവകാശവും നമുക്കെല്ലാവർക്കുമുണ്ട്”, രാജ്യദ്രോഹകുറ്റത്തിന്റെ ദുരുപയോഗം സ്വാതന്ത്ര്യസമരസേനാനികള്‍ നമുക്ക് നേടിത്തന്ന അടിസ്ഥനതത്വത്തിന് തന്നെ എതിരായ ഒന്നാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

നീതിന്യായവ്യവസ്ഥകൾ പോലും വിമര്‍ശനത്തിന് അതീതമല്ല. ഇത് താന്‍ സുപ്രീം കോടതി ജഡ്ജിയെന്ന നിലയിലല്ല പറയുന്നത്, ഈ അഭിപ്രായങ്ങളെല്ലാം വ്യക്തിപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *