Wed. Jan 22nd, 2025
കൊച്ചി :

സദ്യ മതിയായില്ല എന്ന് ആരോപിച്ച്‌ മഹാരാജാസ് കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ വനിതകള്‍ നടത്തി വരുന്ന ഭക്ഷണശാല അടിച്ചുതകര്‍ത്തു. എസ്‌ ആര്‍ എം റോഡിലെ പൊതിയന്‍സ് എന്ന വനിതാഹോട്ടലാണ് നാല്പതോളം വിദ്യാര്‍ത്ഥികള്‍ ചേർന്ന് തകര്‍ത്തത്. ഹോട്ടലിലെ കാഷ് കൗണ്ടറില്‍ ഉണ്ടായിരുന്ന ഇരുപതിനായിരത്തോളം രൂപ അക്രമികൾ എടുത്തുകൊണ്ട് പോയതായും ഹോട്ടല്‍ ജീവനക്കാര്‍ ആരോപിച്ചു.

ആലപ്പുഴ സ്വദേശികളായ അഞ്ചു വനിതാസംരംഭകര്‍ ചേര്‍ന്ന് തുടങ്ങായിതാണ് പൊതിയന്‍സ് ഭക്ഷണശാല. കോളേജ് ഓണാഘോഷത്തിനായി ഹോട്ടലിന് സമീപം ഹോസ്റ്റിൽ താമസിച്ചിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ വന്ന് ആദ്യം 50 സദ്യ ഓര്‍ഡര്‍ യ്യുകയായിരുന്നു. ഒരു ഇലയ്ക്ക് 90 രൂപ എന്ന നിരക്കിലായിരുന്നു കരാര്‍ ഉറപ്പിച്ചത്. ഹോട്ടലിലെ സ്ഥിരം സാന്നിധ്യങ്ങളായ വിദ്യാര്‍ത്ഥികള്‍ ആയതിനാലാണ് ഇത്രയും കുറഞ്ഞ തുകയ്ക്ക് സദ്യ നല്‍കാമെന്നേറ്റതെന്നും
ഹോട്ടലുടമയായ ശ്രീകല പറഞ്ഞു.

അതേസമയം, ഈ വിദ്യാര്‍ത്ഥികള്‍ വീണ്ടും ഹോട്ടൽ ഉടമയെ സമീപിക്കുകയും വിവിധ ഡിപ്പാര്‍ട്ട്‌മെന്റിലേക്കായി 540 സദ്യ കൂടി ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു. ഇത്രയും ഊണ് ഇത്ര ചെറിയ തുകയ്ക്ക് നല്‍കുന്നത് ലാഭകരമല്ലെങ്കിലും വിദ്യാര്‍ത്ഥികളെ സഹായിക്കാമെന്ന് തീരുമാനിച്ചു. ഇതനുസരിച്ച്‌ പന്ത്രണ്ടരയോടെ ഹോട്ടലില്‍ നിന്നും സദ്യ കൊണ്ടുപോകുകയും ചെയ്തു.

എന്നാല്‍, രണ്ടുമണിയോടെ ഹോട്ടലിലേക്ക് ഇടിച്ചു കയറിയ ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ സദ്യ തികഞ്ഞില്ലെന്ന് ആരോപിച്ച്‌ ബഹളം വെച്ചുതുടങ്ങി. പിന്നാലെ, കടയുടെ ഗ്ലാസുകളും ബോര്‍ഡുകളും ഭക്ഷണസാധനങ്ങളും പാത്രങ്ങളുമെല്ലാം എറിഞ്ഞുതകര്‍ക്കാൻ തുടങ്ങിയ വിദ്യാർത്ഥികൾ, കാഷ് കൗണ്ടര്‍ തകര്‍ത്ത് 20,000 രൂപയും എടുത്തുകൊണ്ടുപോയതായി ഹോട്ടല്‍ ജീവനക്കാര്‍ ആരോപിച്ചു.

ഇതോടെ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയതോടെ, ഹോട്ടല്‍ അസോസിയേഷനുകള്‍ ഇടപെട്ട് നഷ്ടപരിഹാരം നല്‍കാമെന്ന് ധാരണയിലെത്തി പരാതി നല്‍കാതെ മടങ്ങുകയായിരുന്നു. എന്നാല്‍ രാത്രി പാത്രങ്ങള്‍ തിരികെ എടുക്കാന്‍ ചെന്നപ്പോള്‍ നല്‍കിയില്ലെന്നും, അവ എടുക്കാനെത്തിയ ഓട്ടോ ഡ്രൈവർമാരെ ആക്രമിക്കാന്‍ ചെന്നുവെന്നും വാഹനം അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ജീവനക്കാര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ അതിക്രമത്തിനെതിരെ ഇന്ന് പൊലീസില്‍ പരാതി നല്‍കാനാണ് ഹോട്ടല്‍ ജീവനക്കാരുടെ തീരുമാനം. എന്നാൽ, ഹോട്ടലുകാര്‍ തങ്ങളെ വഞ്ചിച്ചെന്നും ഓര്‍ഡര്‍ ചെയ്തത് അനുസരിച്ച്‌ ഭക്ഷണം തന്നില്ലെന്നും, തന്നത് തന്നെ മോശം ഭക്ഷണം ആയിരുന്നുവെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ന്യായീകരണം.

ആക്രമണ നേരത്ത് വിദ്യാർത്ഥികൾ, എസ്‌എഫ്‌ഐക്കാരാണ് ഞങ്ങള്‍ എന്തുംചെയ്യും എന്നും തങ്ങള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള അസഭ്യമാണ് ഇവർ പറഞ്ഞതെന്നും ഹോട്ടല്‍ ഉടമകളിലൊരാളായ ശ്രീകല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *