Mon. May 6th, 2024
ന്യൂഡൽഹി :

മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെ തുടർന്ന്, പ്രതിഷേധാർഹമായി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍രമണി രാജിവച്ചു. നേരത്തെ, സ്ഥലം മാറ്റൽ തീരുമാനത്തിൽ പുനഃപരിശോധനാവേണമെന്ന് ആവശ്യപ്പെട്ട് താഹില്‍രമണി കൊളീജിയത്തിന് നല്‍കിയ അപേക്ഷ തള്ളി‍യിരുന്നു. നിലവിൽ, 75 ജഡ്ജിമാരടങ്ങുന്ന രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന മദ്രാസ് ഹൈക്കോടതിയില്‍ നിന്നാണ് രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതികളിലൊന്നായ മേഘാലയയിലേക്ക് ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍രമണിയെ സ്ഥലംമാറ്റിയത്.

മൂന്ന് ജഡ്‍ജിമാര്‍ മാത്രമടങ്ങുന്ന ഹൈക്കോടതിയാണ് മേഘാലയയിലുള്ളത്. മേഘാലയ ചീഫ് ജസ്റ്റിസായിരുന്ന എ.കെ. മിത്തലിനെയാണ് മദ്രാസ് ഹൈക്കോടതിയിലേക്ക് നിയമിച്ചിരിക്കുന്നത്. എന്നാൽ, കൊളിജിയത്തിന്‍റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് താഹില്‍രമണി നിവേദനം നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു.

താഹില്‍രമണിയാണ് മുംബൈ ഹൈക്കോടതിയുടെ ആക്ടിങ്ങ് ചീഫ് ജസ്റ്റിസായിരിക്കേ ഗുജറാത്ത് കലാപക്കാലത്തെ ബില്‍ക്കീസ് ബാനുക്കേസില്‍ വിധി പറഞ്ഞത്.
കലാപത്തിലെ ഏഴ് പ്രതികളെ വിട്ടയ്ക്കാനുള്ള കീഴ്ക്കോടതിയുടെ തീരുമാനം റദ്ദാക്കിയായിരുന്നു അന്ന് മുംബൈ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

ഇതൊരു പ്രതികാര നടപടിയാണെന്ന് ചൂണ്ടികാട്ടി മദ്രാസ് ഹൈക്കോടതി അഭിഭാഷക സംഘടനയിലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിലവില്‍, രാജ്യത്തെ രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരില്‍ ഒരാളും രാജ്യത്തെ ഏറ്റവും സീനിയര്‍ ജഡ്ജിമാരിലൊരാളുമാണ് വിജയ താഹില്‍രമണി.

One thought on “മേഘാലയയിലേക്ക് മാറ്റി; രാജിയിലൂടെ പ്രതിഷേധമറിയിച്ചു മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്”